വിഴിഞ്ഞം തുറമുഖത്ത് ആദ്യ ക്രൂ ചേഞ്ചിംഗ്, പൂര്‍ണ അനുമതി ലഭിച്ചാല്‍ വലിയ നേട്ടം

അദാനി തുറമുഖ കമ്പനിക്ക് വേണ്ടി കടലില്‍ ഡ്രെഡ്ജിംഗ് നടത്തുന്ന യാനത്തിലെ ജീവനക്കാര്‍ക്കാണ് ഡ്യൂട്ടി മാറ്റം

Update:2024-08-10 12:21 IST

image credit : https://vizhinjamport.in/ 

വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ക്രൂ ചേഞ്ചിംഗ് നടത്തി. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ(എഫ്.ആര്‍.ആര്‍.ഒ) അനുമതിയോടെ എസ്എസ് സ്പ്ലിറ്റ് ബാര്‍ജില്‍ നിന്നാണ് ക്രൂ ചേഞ്ചിംഗ് നടന്നത്.
അദാനി തുറമുഖ കമ്പനിക്ക് വേണ്ടി കടലില്‍ ഡ്രെഡ്ജിംഗ് നടത്തുന്ന യാനത്തിലെ ഡ്യൂട്ടി സമയം പൂര്‍ത്തിയാക്കിയ എട്ട് ജീവനക്കാരെയാണ് കരക്കെത്തിച്ചത്. പകരം അഞ്ച് പേര്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യന്‍ കപ്പലുകളിലായാലും ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ജീവനക്കാര്‍ക്ക് പകരം പുതിയവരെ പ്രവേശിപ്പിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ അനുമതി ആവശ്യമാണ്. സത്യം ഷിപ്പിംഗ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപേക്ഷയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് എഫ്.ആര്‍.ആര്‍.ഒ അനുമതി നല്‍കിയത്.
അതേസമയം, വിദേശകപ്പലുകളിലെ ജീവനക്കാര്‍ക്കും നാവികര്‍ക്കും ഏറെ പ്രയോജനകരമായിരുന്ന ക്രൂ ചേഞ്ചിംഗ് നടത്താനുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അനുമതി വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും അന്താരാഷ്ട്ര കപ്പല്‍ ചാലും അടുത്തായത് വിഴിഞ്ഞത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
എന്താണ് ക്രൂ ചേഞ്ച്
സേവന കാലാവധി കഴിഞ്ഞ നാവികരും ജീവനക്കാരും പുതുതായി എത്തുന്നവര്‍ക്ക് തങ്ങളുടെ ചുമതലകള്‍ കൈമാറുന്ന ചടങ്ങാണിത്. സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം സുഗമമായി നടക്കുന്നതിനും ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും കൃത്യമായ ഇടവേളകളിലെ ഇത്തരം ക്രൂ ചേഞ്ചുകള്‍ അത്യാവശ്യമാണ്. എന്നാല്‍ കപ്പലിന്റെ യാത്രക്കിടയില്‍ തിരക്കുള്ള തുറമുഖത്തെത്തി ജീവനക്കാരെ മാറ്റുന്നത് പലപ്പോഴും ഷിപ്പിംഗ് കമ്പനികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കാറുണ്ട്. ഇതിനെ മറികടക്കാനാണ് കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാതെ പുറംകടലിലെത്തുന്ന കപ്പലില്‍ നിന്ന് പ്രത്യേക ബോട്ടുകളില്‍ ജീവനക്കാരെ കരയിലേക്ക് മാറ്റുന്ന രീതി സ്വീകരിക്കുന്നത്.
Tags:    

Similar News