സമ്പത്തില്‍ രണ്ടാമത്, എന്നിട്ടും ഗൗതം അദാനിയുടെ ശമ്പളം ഇത്രമാത്രമെന്നോ

രാജ്യത്തെ മറ്റ് വ്യവസായികളേക്കാള്‍ കുറഞ്ഞ ശമ്പളമാണ് അദാനിയുടേത്

Update:2024-06-24 14:31 IST

image credit : canva

രാജ്യത്തെ സമ്പന്നരില്‍ രണ്ടാം സ്ഥാനത്താണെങ്കിലും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ കൈപ്പറ്റിയത് 9.26  കോടി രൂപ മാത്രമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റ് വ്യവസായികളുമായി താരതമ്യം ചെയ്യുമ്പോള്‍ അദാനിക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. തന്റെ കീഴിലുള്ള 10 കമ്പനികളില്‍ രണ്ടെണ്ണത്തില്‍ നിന്നുമാത്രമാണ് അദാനി ശമ്പളം കൈപ്പറ്റിയത്. എന്നാല്‍ അദാനിക്ക് കീഴില്‍ ജോലി ചെയ്യുന്ന പലരും അദ്ദേഹത്തേക്കാള്‍ ശമ്പളം വാങ്ങിയിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ബോര്‍ഡ് ഡയറക്ടറായ വിനയ് പ്രകാശ് 89.37 കോടി രൂപയും ഗ്രൂപ്പ് സി.എഫ്.ഒ ജുഗേഷിന്ദര്‍ സിംഗ് 9.45 കോടി രൂപയുമാണ് ശമ്പളമായി കൈപ്പറ്റിയത്.
ഫോര്‍ബ്‌സിന്റെ ലോക സമ്പന്നപട്ടികയില്‍ 19ാം സ്ഥാനവും ഇന്ത്യയിലെ സമ്പന്നരില്‍ രണ്ടാം സ്ഥാനവുമുള്ള അദാനിക്ക് കീഴില്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സിമന്റ്, ഹരിത ഇന്ധനം തുടങ്ങി പത്ത് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ അദാനി എന്റര്‍പ്രൈസസില്‍ നിന്നാണ് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി 2.19 കോടി രൂപയും മറ്റിനത്തില്‍ 27 ലക്ഷം രൂപയുമാണ് ലഭിച്ചത്. അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്.ഇ.ഇസഡില്‍ നിന്നും 1.8 കോടിയുടെ ശമ്പളവും 5 കോടിയുടെ കമ്മിഷനും അടക്കം 6.8 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ അദാനി എന്റര്‍പ്രൈസസില്‍ നിന്നും കമ്മിഷന്‍ കൈപറ്റിയിട്ടില്ല.
ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷിന് 8.37 കോടിയും അനന്തരവന്‍ പ്രണവിന് 6.46 കോടി രൂപയും ലഭിച്ചു. മകന്‍ കരണ്‍ അദാനിക്ക് അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്.ഇ.ഇസഡില്‍ നിന്നും ലഭിച്ചത് 3.9 കോടി രൂപയാണ്. എന്നാല്‍ ഇവരാരും ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ നിന്നും ശമ്പളം സ്വീകരിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
106 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (88 ലക്ഷം കോടി രൂപ) സമ്പാദ്യമുണ്ടെന്ന് കരുതുന്ന അദാനി, 2022ല്‍ മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി സ്വന്തമാക്കിയിരുന്നു. എന്നാല്‍ അധികം വൈകാതെ പുറത്തുവന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കമ്പനിയുടെ മൂല്യം കുത്തനെയിടിച്ചു. പിന്നീട് രണ്ട് തവണ കൂടി സമ്പന്ന പട്ടം തേടിയെത്തിയെങ്കിലും അധികം വൈകാതെ കൈവിട്ടു.
രാജ്യത്തെ പ്രധാന വ്യവസായികളും അവരുടെ ശമ്പളവും
മുകേഷ് അംബാനി (സി.എം.ഡി റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ) -15 കോടി രൂപ
സുനില്‍ ഭാരതി മിത്തല്‍ (ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍) 16.7 കോടി രൂപ
എസ്.എന്‍ സുബ്രമണ്യന്‍ (സി.എം.ഡി ലാര്‍സന്‍ & ടര്‍ബോ) - 51 കോടി രൂപ
രാജീവ് ബജാജ് (മാനേജിംഗ് ഡയറക്ടര്‍ ബജാജ് ആട്ടോ)- 53.7 കോടി രൂപ
പവന്‍ മുഞ്ജാല്‍ (എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഹീറോ മോട്ടോകോര്‍പ്) -80 രൂപ
Tags:    

Similar News