വിദേശ പഠനം: യു.കെയിലേക്ക് പോകാനില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കാരണം ഈ പരിഷ്‌കാരം

ചൈന, തുര്‍ക്കി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ ഏറ്റവും മുന്നില്‍

Update: 2024-02-16 06:38 GMT

Image courtesy: canva

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പുകളില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുടെ തുടര്‍ച്ചയായ റിവ്യു എന്നിവ തിരിച്ചടിയായതോടെയാണ് ഈ പിന്‍മാറ്റമെന്ന് വിദഗ്ധര്‍.

അപേക്ഷകള്‍ കുറഞ്ഞു

ബിരുദ പഠനത്തിനുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ മൊത്തം എണ്ണം 0.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലും നൈജീരിയയിലും നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതായി യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വീസിന്റെ (യു.സി.എ.എസ്) കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇത്തരം അപേക്ഷകളില്‍ 4 ശതമാനം ഇടിവാണുണ്ടായത്. അതേസമയം ചൈന, തുര്‍ക്കി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്  ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ

ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിരുദധാരികള്‍ക്കായുള്ള ഗ്രാജ്വേറ്റ് റൂട്ട് വീസയ്ക്ക് റിവ്യു ഏര്‍പ്പെടുത്തിയിരുന്നു. ബിരുദത്തിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലിയില്‍ തുടരാനും പ്രവൃത്തിപരിചയം നേടാനുമുള്ള അവസരം നല്‍കുന്ന ഓന്നാണ് ഈ വീസ. ഈ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വീസ റിവ്യു ചെയ്യാന്‍ ഹോം ഓഫീസ് സ്വതന്ത്ര മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇതാണ് അപേക്ഷകളുടെ എണ്ണം കുറയാന്‍ കാരണമായത്. 

സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പുകളുള്ള വിദ്യാര്‍ത്ഥികള്‍ ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യു.കെയിലേക്ക് കൊണ്ടുവരുന്നതിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ യു.കെ വേണ്ടെന്ന് വയ്ക്കാന്‍ ഇത് മറ്റൊരു കാരണമായി.

Tags:    

Similar News