ഈ വണ്ടി ഓടുന്നത് ദിവസം ₹117 കോടി വായ്പയില്‍; കേരള സര്‍ക്കാറിന്റെ ഒരു കാര്യം!
നാളെ കടമെടുക്കുന്നത് ₹1,255 കോടി, ഈ വര്‍ഷത്തെ കടം മാത്രം ₹32,002 കോടി
സംസ്ഥാന സര്‍ക്കാര്‍ 1,255 കോടി രൂപ കൂടി കടമെടുക്കുന്നു. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ബില്ലുകള്‍ മാറി നല്‍കുന്നതിനാണ് കടമെടുപ്പെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ട്രഷറിയില്‍ നിന്ന് 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ വിതരണവും വൈകാതെയുണ്ടാകുമെന്നാണ് വിവരം. 18 വര്‍ഷത്തേക്ക് 7.12 ശതമാനം പലിശക്കാണ് കടമെടുപ്പ്. കടപ്പത്രങ്ങളുടെ ലേലം ഡിസംബര്‍ 17ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തിന്റെ കടം 32,002 കോടി രൂപയായി വര്‍ധിക്കും.
₹2,755 കോടി കൂടി അനുവദിച്ചു
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് കമ്പനിയുമെടുത്ത വായ്പ കൂടി സംസ്ഥാന സര്‍ക്കാരിന്റേതാക്കി കണക്കാക്കിയതോടെ പരിധി 28,512 കോടിയായി. ഇതില്‍ 21,523 കോടി രൂപ ഇക്കൊല്ലം സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്തുതീര്‍ത്തിരുന്നു. തുടര്‍ന്ന് കണക്കുകള്‍ നിരത്തി കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 4,200 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം ഓണക്കാലത്ത് അനുവദിച്ചു. പബ്ലിക്ക് അക്കൗണ്ടിലെ പണം പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ കേരളത്തിന് വീണ്ടും 2,755 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. ഇതില്‍ 1,500 കോടി ഡിസംബര്‍ മൂന്നിന് കേരളം കടമെടുത്തു. ബാക്കിയുള്ള 1,255 കോടി രൂപയാണ് ഇപ്പോഴെടുക്കുന്നത്.
പ്രതിദിന വായ്പ ₹116.79 കോടി
ഏപ്രില്‍ ഒന്നിന് തുടങ്ങിയ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കേരളത്തിന്റെ കടമെടുപ്പ് 32,002 കോടി രൂപയാണ്. ഡിസംബര്‍ 31 വരെയുള്ള 274 ദിവസത്തെ കാലപരിധി കണക്കാക്കിയാല്‍ കേരളത്തിന്റെ പ്രതിദിന ശരാശരി വായ്പ 116.79 കോടി രൂപയാണെന്നാണ് കണക്ക്. ഈ മാസം ഇനിയും സര്‍ക്കാര്‍ കടമെടുക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ കണക്ക് ഇനിയും വര്‍ധിക്കും.
ട്രഷറിയില്‍ നിന്ന് ₹25 ലക്ഷം വരെ മാറാം
ആറ് മാസത്തോളമായി തുടരുന്ന കടുത്ത ട്രഷറി നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്തി. ഇതുവരെ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വേണമായിരുന്നു. എന്നാല്‍ നിരവധി ബില്ലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ വന്നതോടെ ഇക്കാര്യത്തില്‍ നേരിയ ഇളവ് വരുത്തുകയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തിലെ കടമെടുപ്പിനുള്ള അനുമതി ലഭിക്കുമെന്ന് കൂടി കണക്കാക്കിയാണ് പരിധി വര്‍ധിപ്പിച്ചത്.
13 സംസ്ഥാനങ്ങള്‍ക്ക് വേണം ₹20,325 കോടി
അതേസമയം, കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ 17ന് കടമെടുക്കുന്നത് 20,325 കോടി രൂപയാണ്. 4,000 കോടി രൂപയെടുക്കുന്ന കര്‍ണാടകയാണ് മുന്നില്‍. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവര്‍ക്ക് 3,000 കോടി വീതം വേണം. ബീഹാര്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ 2,000 കോടി വീതവും തെലങ്കാന, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങള്‍ 1,500 കോടി രൂപ വീതവും പൊതുവിപണിയില്‍ നിന്ന് കടമെടുക്കും. അരുണാചല്‍ പ്രദേശ് 395 കോടി രൂപ, ഹിമാചല്‍പ്രദേശ് 500 കോടി രൂപ, ജമ്മുകാശ്മീര്‍ 400 കോടി രൂപ, മേഘാലയ 635 കോടി രൂപ, മിസോറാം 140 കോടി രൂപ എന്നിങ്ങനെയും കടമെടുക്കും.