ചലോ തായ്‌ലൻഡ്, ഓണം ആഘോഷിക്കാന്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക്

കോവിഡിന് ശേഷം റിവെഞ്ച് ടൂറിസത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ച, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും പോകാന്‍ തിരക്ക്

Update:2023-08-05 16:25 IST

Image courtesy: canva

കോവിഡ് ലോക്ക്ഡൗണ്‍ മൂലം വീട്ടിലകപ്പെട്ട് വിനോദ യാത്രകള്‍ പോകാന്‍ സാധിക്കാത്ത മലയാളികള്‍ ഇപ്പോള്‍ ഓണക്കാലം വാശിയോടെ കേരളം വിട്ട് വിദേശ യാത്രകള്‍ നടത്താന്‍ തിടുക്കം കൂട്ടുകയാണ്.  കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍, ഗൾഫ്, യൂറോപ് എന്നിവിടങ്ങളിലേക്ക് പറക്കാനാണ് കൂടുതല്‍ ഡിമാന്‍ഡ്. എന്നാല്‍ യൂറോപ് യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഷെങ്കന്‍ വീസ ലഭിക്കാനുള്ള ബുദ്ധിമുട്ടും, കാലതാമസവും, വിമാന യാത്ര ചെലവുകള്‍ വര്‍ധിച്ചതും കാരണം കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് പോകാനാണ് കൂടുതല്‍ പേരും താല്‍പര്യപ്പെടുന്നത്.

തായ്‌ലൻഡ്, ബാലി, വിയറ്റ്‌നാം

തായ്‌ലൻഡ്, ഇന്റേനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ചെന്ന് ഇറങ്ങിയ ശേഷം വീസ അനുവദിക്കുന്നുണ്ട് (visa on arrival). അല്ലെങ്കില്‍ ഇ-വിസ എടുത്തും ഈ രാജ്യങ്ങളിലേക്ക് പോകാം. വിയറ്റ്‌നാം വിമാന കമ്പനിയായ വിയെറ്റ് ജെറ്റ് ആഗസ്ത് 12 മുതല്‍ കൊച്ചിയില്‍ നിന്ന് ഹോ ചി മിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് വിനോദ സഞ്ചാരം വര്‍ധിപ്പിക്കും.

തായ്‌ലൻഡിലെ പട്ടായ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസത്തേക്കുള്ള പാക്കേജ് ടൂറിനാണ് ഡിമാന്‍ഡ് കൂടുതല്‍. ചില ഏജന്‍സികള്‍ ഒരാള്‍ക്കു 65,900 രൂപ വാങ്ങുമ്പോള്‍ മറ്റ് ചിലര്‍ മത്സര ബുദ്ധിയോടെ 55,000 രൂപയോ അതില്‍ താഴെയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ റെയിൽവേയുടെ ഐ.ആര്‍.സി.ടി.സി 55,900 രൂപയ്ക്കാണ് തായ്ലന്‍ഡ് ടൂര്‍ അഞ്ചു ദിവസത്തേക്ക് ഓഫര്‍ ചെയ്യുന്നത്. നക്ഷ്ത്ര ഹോട്ടലില്‍ താമസം നല്‍കുന്ന പാക്കേജുകള്‍ 65000 രൂപക്ക് മുകളിലാണ്.

നികുതി ഇങ്ങനെ

ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, സ്വകാര്യ, സര്‍ക്കാര്‍ കമ്പനി ജീവനക്കാര്‍, ബിസിനസുകാര്‍ തുടങ്ങിയവരാണ് കൂടുതലും ഓണക്കാലത്ത് വിദേശ പര്യടനം നടത്താന്‍ ആഗ്രഹിക്കുന്നതെന്ന്, കൊച്ചിയിലെ ടൂര്‍ ഓപ്പറേറ്ററായ ട്രാവല്‍ ലസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ് ജോയ് അഭിപ്രായപ്പെട്ടു. ടൂര്‍ ഓപ്പറേറ്റര്‍ മാര്‍ വഴി വിദേശ യാത്ര പോകുമ്പോള്‍ മൊത്തം തുകയുടെ 20% ഉറവിട നികുതി (ടി.ഡി.എസ് ) നല്‍കണം (നേരത്തെ 5%). ഈ 20% വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അര്‍ഹതയുണ്ടെങ്കില്‍ തിരികെ ലഭിക്കും.

ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കും ടി.സി.എസ് ബാധകമാണ്. കൂടാതെ വിമാന യാത്ര ചെലവ് വര്‍ധിച്ചതും സീസണില്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നതില്‍ അസ്വാഭാവികത ഇല്ലന്ന് കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്‌റ്സ് പ്രസിഡന്റ് കെ.വി മുരളിധരന്‍ അഭിപ്രായപ്പെട്ടു. വിമാന കമ്പനികളില്‍ നിന്ന് നേരിട്ട് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ടി.സി.എസ് ബാധകമല്ല.

ഫ്ളൈറ്റ് നിരക്ക് വര്‍ധിച്ചിട്ടും വിദേശ വിനോദ യാത്രകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞിട്ടില്ലന്ന് ഇന്റെര്‍സൈറ്റ് ടൂര്‍സ് & ട്രാവല്‍സ് സീനിയര്‍ മാനേജര്‍ സിജി വര്‍ഗീസ് ആഭിപ്രായപെട്ടു. പല രാജ്യങ്ങളിലേക്കും വിമാന സീറ്റുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതും, യൂറോപ്പിലേക്ക് വിസ ലഭിക്കാനുള്ള കാലതാമസവുമാണ് വിനോദ സഞ്ചാരികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.

Tags:    

Similar News