ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പയുമായി മില്‍മ; വിശദാംശങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്തെ 10.6 ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയില്‍ നിന്ന് ഗുണം ലഭിക്കും;
ക്ഷീരകര്‍ഷകരെ സംരംഭകത്വത്തിലേക്ക് നയിക്കാന്‍ കൈകോര്‍ത്ത് കേരള ബാങ്കും മില്‍മയും. കുറഞ്ഞ പലിശനിരക്കില്‍ വായ്പ ഉള്‍പ്പെടെ ലഭ്യമാക്കുന്ന പദ്ധതിയുടെ ധാരണപത്രം കൈമാറല്‍ ചടങ്ങ് തിരുവനന്തപുരത്തെ കേരള ബാങ്ക് ആസ്ഥാനത്ത് നടന്നു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫും കേരള ബാങ്ക് സി.ഇ.ഒ ജോര്‍ട്ടി എം. ചാക്കോയും ധാരണപത്രം കൈമാറി.
മൂന്നു ലക്ഷം വരെ ലോണ്‍
കുറഞ്ഞ പലിശനിരക്കില്‍ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന ക്ഷീരമിത്ര വായ്പാ പദ്ധതിയാണ് കേരള ബാങ്ക് നടപ്പിലാക്കുന്ന പ്രധാന പ്രോജക്ട്. ഇതിനൊപ്പം മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഫ്രാഞ്ചൈസി ഉടമകള്‍ക്ക് വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ ക്യാഷ് ക്രെഡിറ്റ് നല്‍കും. മൂന്നു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
സംസ്ഥാനത്തെ 10.6 ലക്ഷം ക്ഷീരകര്‍ഷകരില്‍ നിന്നായി പ്രതിദിനം 17 ലക്ഷം ലിറ്റര്‍ പാല്‍ മില്‍മ ശേഖരിക്കുന്നുണ്ട്. 30,000ത്തോളം പാല്‍ വിതരണ ഏജന്‍സികളും അനുബന്ധ സ്ഥാപനങ്ങളും മില്‍മയ്ക്ക് കീഴിലുണ്ട്. അടുത്തിടെ മില്‍മ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറത്ത് ആരംഭിച്ചിരുന്നു. 10 ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റാനാകും. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനും അത് പാല്‍പൊടി തുടങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സംവിധാനം ഇവിടെയുണ്ട്.