വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ മോദിക്ക് കഴിയില്ല: പി ചിദംബരം
സമാന ആവശ്യവുമായി മമത, ഖാര്‍ഗെ, ജയറാം രമേശ് തുടങ്ങിയവരും
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട നരേന്ദ്ര മോദിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്നും അദ്ദേഹം തന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.ചിദംബരം ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദിക്ക് കഴിയില്ല. 303ല്‍ നിന്നും 240 സീറ്റുകളിലേക്ക് കൂപ്പുകുത്തിയത് കനത്ത പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ബി.ജെ.പിക്ക് ഘടക കക്ഷികളുടെ പിന്തുണയില്ലാതെ ഭരിക്കേണ്ടി വരുന്നത് ജനവിധി എതിരാണെന്നതിന് തെളിവാണെന്നും തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി രാജിവയ്ക്കണമെന്നുമാണ് ആവശ്യം.
അമിത് ഷായും രാജിവയ്ക്കണമെന്ന് മമത
നരേന്ദ്ര മോദിയുടെ പാര്‍ട്ടിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കാത്തതില്‍ സന്തോഷമുണ്ടെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ പ്രതികരണം. ജനങ്ങളുടെ വിശ്വാസവും തുടരാനുള്ള യോഗ്യതയും നഷ്ടപ്പെട്ട അദ്ദേഹം തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇന്ത്യാമുന്നണി നാട് ഭരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പദവി ഒഴിയണമെന്നും മമത കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും സമാനമായ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. കനത്ത തിരിച്ചടി നേരിട്ട മോദി ബാഗുമെടുത്ത് ഹിമാലയത്തില്‍ പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദി നയിച്ച എന്‍.ഡി.എ മുന്നണിക്ക് സീറ്റുകള്‍ നഷ്ടമായത് അദ്ദേഹത്തിന്റെ ഭരണപരാജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ജനവിധി ബി.ജെ.പിക്ക് എതിരാണെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണ 400 സീറ്റ് കടക്കുമെന്ന അമിത ആത്മവിശ്വാസത്തോടെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ലഭിച്ച തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. മറുവശത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 10 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടങ്ങളിലൊന്നും. 2019ലെ തെരഞ്ഞെടുപ്പില്‍ നിന്നും വിഭിന്നമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സംഘടിതമായതും പലയിടത്തും ഭരണവിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാനായതും നേട്ടമായി.
എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയതത്. 1962ന് ശേഷം ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം തവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത്. ഇത് ചരിത്ര നിമിഷമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിച്ച എന്‍.ഡി.എ മികച്ച വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുകയാണ്. എന്‍.ഡി.എ ഘടകക്ഷികളുടെ യോഗത്തിന് ശേഷം സത്യപ്രതിജ്ഞയടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും.