ഭവന വായ്പയും ഇനി അംബാനിവക, ധനകാര്യ രംഗം അടക്കി വാഴാന്‍ കച്ചകെട്ടി ജിയോ ഫിനാൻഷ്യല്‍

ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്ത് ഇതിനകം തന്നെ ശ്രദ്ധേയ സാന്നിധ്യം നേടി

Update:2024-09-01 09:15 IST

Image created with Canva

മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ജിയോഫിനാന്‍ഷ്യല്‍ സർവീസസ് ലിമിറ്റഡ് ( Jio Financial Services Ltd/JFL) ഭവന വായ്പ രംഗത്തും സജീവമാകുന്നു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി വരുന്ന സേവനങ്ങള്‍ ഉടന്‍ പൂര്‍ണതോതില്‍ ആരംഭിക്കുമെന്നാണ് ജെ.എഫ്.എല്ലിന്റെ ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യ വാര്‍ഷിക യോഗത്തില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഭവന വായ്പ ഉത്പന്നങ്ങള്‍ കൂടാതെ മറ്റ് സാമ്പത്തിക ഉത്പന്നങ്ങളും അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

സപ്ലൈ ചെയിന്‍ ഫിനാന്‍സിംഗ്, മ്യൂച്വല്‍ ഫണ്ട് വായ്പകള്‍, സ്ഥാപനങ്ങള്‍ക്കുള്ള ഡിവൈസ് ഫിനാന്‍സിംഗ് തുടങ്ങിയ വിവിധ സുരക്ഷിത (secured) വായ്പകള്‍ ജിയോ ഫിന്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ മേയ് 30ന് അവതരിപ്പിച്ച ജിയോഫിനാന്‍സ് ആപ്പ് ഇതു വരെ 10 ലക്ഷത്തോളം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. ഉപയോക്താക്കള്‍ക്ക് ഈ 
സേവനങ്ങളോടുള്ള അമിത താത്പര്യമാണ്
 ഇത് കാണിക്കുന്നത്.

വിവിധ ധനകാര്യ സേവനങ്ങള്‍

ജെ.എഫ്.എല്ലിന്റെ ഉപകമ്പനിയായ ജിയോ പേയ്‌മെന്റ് ബാങ്കും ധനകാര്യ സേവന രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്. കമ്പനിയുടെ കാസ അക്കൗണ്ട് (കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്) ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരുന്നു. ചെറുകിട ഉപയോക്താക്കള്‍ക്കും സ്‌മോള്‍ ബിസിനസുകള്‍ക്കുമുള്ള സേവനങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്.
ഇതുകൂടാതെ  ബ്ലാക്ക് റോക്കുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. സംയുക്ത സംരംഭത്തില്‍ 
15 കോടി ഡോളര്‍ വീതമാണ് ഇരു കമ്പനികളുടേയും നിക്ഷേപം.
 നിക്ഷേപ ഉത്പന്നങ്ങളാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കമ്പനിയുടെ നിര്‍ണായക സ്ഥാനങ്ങളിലേക്കുള്ളവരെ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും മാര്‍ക്കറ്റ് സ്ട്രാറ്റജീസും രൂപപ്പെടുത്തി വരികയാണ് കമ്പനി ഇപ്പോള്‍.
ജിയോ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ ഇന്‍ഷുറന്‍സ് രംഗത്തും കമ്പനി സജീവമാണ്. 31 പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് ജിയോ ഫിനാന്‍സ് ആപ്പ് വഴി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഷോപ്പുകളുമായി ചേര്‍ന്ന് വൈറ്റ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സും ജെ.ഐ.ബി.എല്‍ ലഭ്യമാക്കുന്നുണ്ട്.
അടുത്തിടെ ജിയോ ഫിനാന്‍സ് ലിമിറ്റഡിന് 49 ശതമാനം വരെ വിദേശ നിക്ഷേപം സമാഹരിക്കാനുള്ള അനുമതി നല്‍കിയിരുന്നു. നേരത്തെ 17.55 ശതമാനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ജിയോയുടെ ലാഭം 6 ശതമാനം ഉയര്‍ന്ന് 313 കോടി രൂപയായി. മുന്‍ സമാനപാദത്തില്‍ ഇത് 332 കോടി രൂപയായിരുന്നു.
Tags:    

Similar News