സ്ഥലവില കുറയുമോ, മുരളി തുമ്മാരുകുടിയുടെ പുതിയ പ്രവചനം സത്യമാകുമോ?

വീടുകളിലും ഫ്‌ളാറ്റുകളിലുമുള്ള ആളുകള്‍ റിട്ടയര്‍മെന്റ് ഹോമുകളിലേക്കെത്തുന്ന കാലം വിദൂരമല്ല

Update: 2023-06-02 04:05 GMT

Image : FB/Canva

കേരളത്തില്‍ സ്ഥല വില കുറയുമെന്നും വാങ്ങാന്‍ ആളില്ലാത്ത കാലം വരുമെന്നും പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകനും ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകളും ഫ്‌ളാറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പോകും പിന്നാലെ അവരുടെ കുടുംബത്തിലെ അംഗങ്ങളും. അങ്ങനെ ഗ്രാമങ്ങളില്‍ നിന്ന് ആളൊഴിയും ഗ്രാമങ്ങളിലുള്ളവര്‍ നഗരങ്ങളിലേക്കെത്തും. അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'' ഞാന്‍ നടത്തിയിട്ടുള്ള 'പ്രവചനങ്ങളില്‍' ആളുകള്‍ക്ക് വിശ്വസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്. കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയം.
ആദ്യമായി സ്ഥലത്തിന്റെ ആവശ്യം വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണ്. പാടം ആണെങ്കിലും പറമ്പാണെങ്കിലും കൂടുതലും തരിശിടുകയാണ്. കേരളത്തില്‍ എവിടെ നോക്കിയാലും വെറുതെ കിടക്കുന്ന സ്ഥലമാണ്. അപ്പോള്‍ സ്ഥലത്തിന് ഒരു ലഭ്യത പ്രശ്‌നം ഇല്ല.
വീടുകളുടെ ആവശ്യവും കുറഞ്ഞു വരികയാണ്. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് വീടുകള്‍ വെറുതെ കിടക്കുന്നു, ഫ്‌ലാറ്റുകളും അതുപോലെ തന്നെ ആളുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്.
ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോള്‍ തന്നെ തൊള്ളായിരത്തി തൊണ്ണൂറുകള്‍ അപേക്ഷിച്ച് ഒരു വര്ഷം രണ്ടുലക്ഷം വച്ച് കുറവാണ്.
അഞ്ചു വര്‍ഷത്തിനകം വര്‍ഷത്തില്‍ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ എങ്കിലും പുറത്തു പോകും,
പത്തു വര്‍ഷത്തിനകം അവരുടെ കുടുംബത്തിലെ ആളുകള്‍ പോകാന്‍ തുടങ്ങും.
ഗ്രാമങ്ങളില്‍ ഉള്ള ഏറെ ആളുകള്‍ നഗരങ്ങളില്‍ എത്തും, ഗ്രാമങ്ങളില്‍ ആളൊഴിയും.
വീടുകളിലും ഫ്‌ളാറ്റുകളിലും ഉള്ള ഏറെ ആളുകള്‍ റിട്ടയര്‍മെന്റ് ഹോമുകളിലും എത്തും.
പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളും മൈഗ്രേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന കുടുംബങ്ങളും അവരുടെ വീടും സ്ഥലവും വില്‍ക്കാന്‍ നോക്കും.
വേറെ ആളുകള്‍ കൂടിയ വിലക്ക് വാങ്ങും എന്നുള്ള ഒറ്റ പ്രതീക്ഷയില്‍ ആണ് ഇന്ന് കേരളത്തില്‍ ഭൂമിയുടെ വില നിലനില്‍ക്കുന്നത്. ആ കാലം കഴിഞ്ഞു. വാങ്ങാന്‍ ആളുണ്ടാകാത്ത  കാലം വരും.
സ്ഥലവില ഇടിയും.''

കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ മേഖലകളിൽ  സസൂക്ഷ്മം നിരീക്ഷിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ദുരന്തനിവാരണ വിദഗ്ധന്‍ കൂടിയായ മുരളി തുമ്മാരുകുടിയുടെ പ്രവചനങ്ങള്‍ മിക്കവയും യാഥാര്‍ത്ഥ്യമാകാറുണ്ട്.  അടുത്തിടെ നടന്ന ബോട്ട് അപകടവും ഡോക്ടറുടെ മരണവുമൊക്കെ മാസങ്ങള്‍ക്ക് മുന്‍പേ പ്രവചനം നടത്തി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇതിനുമുൻപും സ്ഥല വിലകുറയുമെന്നും വീടുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഇത് എത്രത്തോളം യാഥാർത്യമാകുമെന്നാണ് മലയാളികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. 

Tags:    

Similar News