രാജ്യത്താദ്യം, മീഥൈല്‍ ആല്‍ക്കഹോളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കും, അതും കേരളത്തില്‍

പരമ്പരാഗത ഇന്ധനങ്ങളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറവാണെന്നതിനാല്‍ ക്ലീന്‍ ഫ്യുവല്‍ എന്ന പേരിലാണ് മെഥനോള്‍ അറിയപ്പെടുന്നത്

Update:2024-09-21 14:41 IST

image credit : NTPC

മെഥനോളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുളള പൈലറ്റ് പ്രോജക്ടുമായി രാജീവ് ഗാന്ധി കമ്പെയിന്‍ഡ് സൈക്കിള്‍ പ്രോജക്ട് (എന്‍.ടി.പി.സി കായംകുളം). രാജ്യത്ത് ആദ്യമായാണ് മെഥനോളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം നടക്കുന്നത്. നിലവിലുള്ള ഗ്യാസ് ടര്‍ബൈന്‍ സംവിധാനത്തില്‍ മെഥനോള്‍ കത്തിച്ച് പരീക്ഷണം നടത്തുന്നതിന് ഭാരത് ഹെവി മെറ്റല്‍സുമായി എന്‍.ടി.പി.സി കരാറിലെത്തിയതായും ദ ഹിന്ദുവിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് മെഥനോള്‍

കാര്‍ഷിക മാലിന്യം, കല്‍ക്കരി, തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ നിന്നും പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, പ്രകൃതി വാതകം എന്നിവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പദാര്‍ത്ഥമാണ് മെഥനോള്‍. കുറഞ്ഞ കാര്‍ബണും കൂടിയ അളവില്‍ ഹൈഡ്രജനും അടങ്ങിയ മെഥനോളിനെ മീഥൈല്‍ ആല്‍ക്കഹോള്‍, വുഡ് ആല്‍ക്കഹോള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടാറുണ്ട്. നിറമില്ലാത്തതും കത്തുന്നതുമായ ദ്രാവകമാണ്. ഏറ്റവും ലളിതമായ ആല്‍ക്കഹോളായി പരിഗണിക്കാറുണ്ട്. പരമ്പരാഗത ഇന്ധനങ്ങളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറവാണെന്നതിനാല്‍ ക്ലീന്‍ ഫ്യുവല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഒരു വര്‍ഷത്തെ പരീക്ഷണം, ഹിറ്റായാല്‍ പൊളിക്കും

ആദ്യത്തെ ഒരു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കും. വിജയകരമായാല്‍ വൈദ്യുത ഉത്പാദന ചെലവും കാര്‍ബണ്‍ ബഹിര്‍ഗമന തോതും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പല വിദേശ രാജ്യങ്ങളും ഇതിനോടകം മെഥനോളില്‍ നിന്നും വിജയകരമായി വൈദ്യുതി ഉത്പാദിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണം തുടങ്ങും. ആദ്യഘട്ടത്തില്‍ ടര്‍ബൈനുകളുടെ ശേഷിയുടെ 40-50 ശതമാനം വരെ മെഥനോള്‍ നിറച്ചായിരിക്കും പരീക്ഷണം. തുടര്‍ന്ന് പൂര്‍ണശേഷിയിലേക്ക് ഉയര്‍ത്താനാണ് പദ്ധതി. നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ബദല്‍ ഇന്ധനങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എന്‍.ടി.പി.സിയുടെ പരീക്ഷണം.

കെ.എസ്.ഇ.ബി കയ്യൊഴിഞ്ഞു

ഉയര്‍ന്ന ചെലവിനെ തുടര്‍ന്ന് 359 മെഗാ വാട്ട് ശേഷിയുള്ള നാഫ്ത പ്ലാന്റില്‍ നിന്നും 2017 മുതല്‍ വൈദ്യുതി വാങ്ങുന്നത് കെ.എസ്.ഇ.ബി അവസാനിപ്പിച്ചിരുന്നു. ഇതോടെ പ്രവര്‍ത്തന രഹിതമായ പ്ലാന്റിലൂടെ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.ടി.പി.സി. ഇതിന്റെ ഭാഗമായി 92 മെഗാ വാട്ടിന്റെ ഫ്‌ളോട്ടിംഗ് സോളാര്‍ പവര്‍ പ്ലാന്റും കമ്പനി സ്ഥാപിച്ചിരുന്നു. പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആലോചനയുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിരുന്നു.
Tags:    

Similar News