ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്ക് നീക്കി സൗദി
ഡിസംബര്‍ ഒന്ന് മുതല്‍ സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഇളവുകള്‍ പ്രബല്യത്തില്‍ വരും. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും നേരിട്ട് സൗദിയില്‍ പ്രവേശിപ്പിക്കും.
യാത്ര വിലക്ക് മാറ്റിയെങ്കിലും ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും അഞ്ചുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണെങ്കില്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല. നേരത്തെ ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് പ്രവേശനം നല്‍കിയിരുന്നത്.
കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ നിയന്ത്രണങ്ങളിലും സൗദി ഭരണകൂടം ഇളവ് വരുത്തിയിട്ടുണ്ട്. അടച്ചിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. പൊതു ഗതാഗതങ്ങള്‍ ഉപയോഗിക്കുമ്പോളും മാസ്‌ക് ധരിക്കേണ്ട. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇളവുകള്‍.