വയനാട് ദുരന്തം: ജില്ലയിലെ ടൂറിസം കനത്ത ആഘാതത്തില്‍, നഷ്ടത്തിന്റെ കണക്കുകള്‍ ഇങ്ങനെ
ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സാധാരണ നിലയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു
കേരളത്തിന്റെ വരുമാനത്തില്‍ ടൂറിസം രംഗത്തിനുളള പ്രാധാന്യം വളരെ വലുതാണ്. 2023 ല്‍ കേരളാ ടൂറിസത്തിന്റെ വരുമാനം 43,621.22 കോടി രൂപയായിരുന്നു. കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികളില്‍ നിന്ന് 2022 മുതലാണ് സംസ്ഥാനം കരകയറാന്‍ തുടങ്ങിയത്. 2022 ല്‍ 35,168 കോടി രൂപയായിരുന്നു സംസ്ഥാനത്തെ ടൂറിസം വരുമാനം. 2021 ല്‍ 12,286 കോടി രൂപയിലേക്ക് കൂപ്പുകുത്തിയ സ്ഥാനത്തു നിന്ന് ടൂറിസം രംഗം പതുക്കെ കരകയറാന്‍ തുടങ്ങിയപ്പോഴാണ് ഇരുട്ടടി പോലെ വയനാട് ദുരന്തമുണ്ടാകുന്നത്.
കേരളത്തിന്റെ ടൂറിസം മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന ജില്ലകളാണ് ഇടുക്കിയും വയനാടും. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രമാണ് ഉരുള്‍പൊട്ടല്‍ മൂലമുളള നാശം സംഭവിച്ചെങ്കിലും വിദേശ, ആഭ്യന്തര സഞ്ചാരികള്‍ വയനാട്ടിലേക്ക് പോകാന്‍ മടിക്കുകയാണ്.
അനുബന്ധ തൊഴിലാളികള്‍ വിഷമത്തില്‍
വയനാട് സുരക്ഷിതമല്ല എന്നു കരുതി ടൂറിസ്റ്റുകള്‍ പിന്‍വാങ്ങുന്ന പ്രവണതയാണ് കാണുന്നത്. ജില്ലയുടെ വരുമാനത്തിന്റെ 25 ശതമാനത്തോളം ലഭിക്കുന്നത് ടൂറിസത്തില്‍ നിന്നുമാണ്. ദുരന്തം സംഭവിച്ച് 22 ദിവസത്തിനുളളില്‍ 20 കോടിയലധികം രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധ മേഖലകള്‍ക്കും ഉണ്ടായിരിക്കുന്നത്. 4,000 ത്തോളം റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളുമാണ് ജില്ലയിലുളളത്.
ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുളള ഹാന്‍ഡ് ക്രാഫ്റ്റ് കടകള്‍ അടക്കമുളള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, റിസോര്‍ട്ടുകളിലെ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വയനാട്ടില്‍ ജനജീവിതം സാധാരണ ഗതിയില്‍ എത്തിയിട്ടും സഞ്ചാരികള്‍ വരാന്‍ മടിക്കുന്നത് ആളുകളെ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാക്കുന്നു.
ബുക്ക് ചെയ്തവരെ വിളിച്ചന്വേഷിക്കുമ്പോള്‍ വയനാട് സുരക്ഷിതമാണോ എന്നാണ് ആരായുന്നതെന്ന് ഹോം സ്റ്റേ ഉടമകള്‍ പറയുന്നു. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകള്‍ സാധാരണ നിലയില്‍ എത്താന്‍ തുടങ്ങിയിട്ടില്ലെന്ന വിഷമത്തിലാണ് നാട്ടുകാര്‍.
ക്യാമ്പയിനുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസില്‍
വയനാട് സുരക്ഷിതമാണെന്ന് ടൂറിസ്റ്റുകളോട് വ്യക്തമാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. പൂക്കോട് തടാകം, കർലാട് തടാകം, കാരാപ്പുഴ അണക്കെട്ട്, ഹെറിറ്റേജ് മ്യൂസിയം അമ്പലവയൽ, ടൗൺ സ്ക്വയർ ബത്തേരി, പഴശ്ശി സ്മാരകം പുൽപ്പളളി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കാന്‍ അതീവ സുരക്ഷിതമാണെന്നും അധികൃതര്‍ പറയുന്നു.
ശക്തമായ പ്രചാരണ പരിപാടികളിലൂടെ ടൂറിസ്റ്റുകളുടെ ആശങ്കകള്‍ ദൂരികരിച്ച് ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ വരും നാളുകളില്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ടൂറിസം പ്രമോഷൻ കൗൺസിലും അധികൃതരും നാട്ടുകാരും.