അതിസമ്പന്നര്‍ക്ക് യു.എ.ഇ 'സ്വര്‍ഗ'മാകാന്‍ ഒന്നല്ല, പലതുണ്ട് കാരണങ്ങള്‍

4,300 കോടീശ്വരന്മാര്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇ കുടിയേറ്റത്തിന് ഒരുങ്ങുമെന്ന പഠനത്തിനൊപ്പം, അതിനാധാരമായ കാരണങ്ങളും പുറത്തു വരുന്നു

Update: 2024-06-24 11:40 GMT

Image : Canva

4,300 കോടീശ്വരന്മാര്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇ കുടിയേറ്റത്തിന് ഒരുങ്ങുമെന്ന പഠനത്തിനൊപ്പം, അതിനാധാരമായ കാരണങ്ങളും പുറത്തു വരുന്നു

ഇന്ത്യയിലെ പല കോടീശ്വരന്മാരുടെയും കണ്ണില്‍ യു.എ.ഇ സ്വര്‍ഗമാണ്. 2024ല്‍ 4,300ഓളം അതിസമ്പന്നര്‍ ഇന്ത്യ വിട്ട് യു.എ.ഇയിലേക്ക് കുടിയേറുമെന്നാണ് കണക്ക്. ഗള്‍ഫ് നാട് പുതിയ മേല്‍വിലാസമാക്കാന്‍ കോടിപതികള്‍ക്കു മുന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. എന്തൊക്കെയാണത്?

1. ആകര്‍ഷകമാണ് അവിടത്തെ നികുതി സമ്പ്രദായം. വരുമാനത്തിനും മൂലധന നേട്ടത്തിനുമെല്ലാം ഇന്ത്യയില്‍ നികുതി ഒടുക്കണമെങ്കില്‍ യു.എ.ഇയില്‍ മിക്കവാറും നികുതി രഹിത സാഹചര്യമാണ്. ഈ സാമ്പത്തിക നേട്ടം അതിസമ്പന്നര്‍ക്ക് അത്യാകര്‍ഷകം.

2. ബിസിനസ് സൗഹൃദ സാഹചര്യമാണ് മറ്റൊന്ന്. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ വ്യക്തമായ സംവിധാനവും നടപടി ക്രമങ്ങളുമുണ്ട്. അതു മാത്രമല്ല, സ്വതന്ത്ര വ്യാപാര മേഖല, പുതിയ കണ്ടെത്തലുകള്‍ക്ക് കേന്ദ്ര ശ്രദ്ധ നല്‍കുന്ന സാഹചര്യം എന്നിവയെല്ലാം ബിസിനസ് വിപുലീകരണത്തിനും പുതിയ വിപണി കണ്ടെത്താനും ആഗോള നിക്ഷേപം ആകര്‍ഷിക്കാനും സഹായിക്കുന്നു. ദുബൈയിലെ സ്റ്റാര്‍ട്ട് അപുകളില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്.

3. യുവാക്കളുടെ മനോഭാവവും മാറി. വിദേശത്ത് പഠനം നടത്തി കുടുംബ ബിസിനസ് ഉഷാറാക്കാന്‍ തിരികെയെത്തുന്നവരും സ്റ്റാര്‍ട്ട് അപ് സ്ഥാപകരും ഒരുപോലെ വിദേശ രാജ്യത്ത് ഓഫീസ് തുറക്കാന്‍ പ്രത്യേക താല്‍പര്യം കാട്ടുന്നുണ്ട്. ഇന്ത്യയിലെ നി?യന്ത്രണങ്ങളും നികുതിഭാരവുമാണ് പ്രധാന കാരണം. വിദേശ വിപണികളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാനുള്ള എളുപ്പവും ബിസിനസ് വൈവിധ്യവല്‍ക്കരണ പദ്ധതിയും കാരണമാണ്.

4. അതിസമ്പന്നര്‍ മാത്രമല്ല പ്രഫഷനണലുകള്‍ക്കും ദുബൈ ഇഷ്ട ഇടമായി മാറുന്നു. 2022ല്‍ വിപുലീകരിച്ച ഗോള്‍ഡന്‍ വിസ പദ്ധതി കൂടുതല്‍ പ്രഫഷനലുകളെ ആകര്‍ഷിക്കുന്നു. ദീര്‍ഘകാല താമസ വിസ പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്നുണ്ട്. ആഡംബര ജീവിത സാഹചര്യവും സുരക്ഷിതത്വവും മറ്റൊരു കാരണം.

അതിസമ്പന്നരുടെ ഏറ്റവും ആകര്‍ഷകമായ ഇടം ഇപ്പോള്‍ യു.എ.ഇ എന്നാണ് ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌നേഴ്‌സ് റിപ്പോര്‍ട്ട്. ആസ്‌ത്രേലിയ, സിങ്കപ്പൂര്‍, യു.എസ് തുടങ്ങിയ ഇടങ്ങളേക്കാള്‍ യു.എ.ഇ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നു. ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഇന്ത്യക്കാരായ വാങ്ങലുകാരുടെ നിക്ഷേപം 2021ല്‍ നിന്ന് 2024 ആയപ്പോള്‍ ഇരട്ടിച്ചുവെന്നാണ് (35,000 കോടിയോളം രൂപ) കണക്ക്.
Tags:    

Similar News