കോടീശ്വരന്മാര്‍ കൂട്ടത്തോടെ ഇന്ത്യ വിടുന്നു, ഇഷ്ടകേന്ദ്രം ഈ ഗള്‍ഫ് രാജ്യം; കാരണം ഇതൊക്കെ
സ്വന്തം രാജ്യം വിട്ടുപോകുന്ന സമ്പന്നരില്‍ ചൈന, യു.കെ രാജ്യക്കാരാണ് മുന്നില്‍;
ഈ വര്‍ഷം 4,300 കോടീശ്വരന്മാര്‍ ഇന്ത്യ വിടുമെന്ന് അന്താരാഷ്ട്ര നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ റിപ്പോര്‍ട്ട്. രാജ്യം വിട്ടു പുറത്തേക്കു പോകുന്നവരില്‍ പലരുടെയും ഇഷ്ടകേന്ദ്രം യൂറോപ്യന്‍ രാജ്യങ്ങളോ അമേരിക്കയോ അല്ല. യു.എ.ഇയിലേക്കാണ് മിക്കവരും ചേക്കേറുന്നത്.
2023ല്‍ 5,100 കോടീശ്വരന്‍മാര്‍ രാജ്യം വിട്ടിരുന്നു. സമ്പന്നര്‍ സ്വന്തം രാജ്യംവിട്ട് അന്യദേശങ്ങളിലേക്ക് കുടിയേറുന്നതില്‍ ചൈനയ്ക്കും യു.കെയ്ക്കും പിന്നില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഇത്തരം കുടിയേറ്റങ്ങളിലൂടെ ഇന്ത്യയില്‍ ചെലവഴിക്കപ്പെടേണ്ട പണത്തിന്റെ വലിയൊരു പങ്ക് വിദേശത്തേക്ക് നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്തുകൊണ്ട് യു.എ.ഇ?
ഉയര്‍ന്ന ആസ്തിയുള്ളവരെ ആകര്‍ഷിക്കാന്‍ യു.എ.ഇ നടത്തുന്ന നീക്കങ്ങള്‍ ലക്ഷ്യം കാണുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല യു.കെ, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സമ്പന്നരും ഈ ഗള്‍ഫ് രാജ്യത്ത് താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. ആദായനികുതി, ഗോള്‍ഡന്‍ വീസ, ആഡംബര ജീവിതം, വിമാനത്താവള കണക്ടിവിറ്റി തുടങ്ങിയവയെല്ലാം സമ്പന്നരെ യു.എ.ഇയിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നു.
റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ ആകര്‍ഷക പദ്ധതികള്‍ പ്രഖ്യാപിച്ചതും ഗള്‍ഫ് രാജ്യത്തിന് ഗുണം ചെയ്തു. കഴിഞ്ഞ വര്‍ഷം 1.20 ലക്ഷം സമ്പന്നര്‍ സ്വന്തം രാജ്യം വിട്ട് അന്യനാടുകളിലേക്ക് താമസംമാറി. ഈ വര്‍ഷം ഇത് 1.28 ലക്ഷമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.