യു.കെയില്‍ മലയാളികള്‍ ആശങ്കയില്‍; സ്റ്റാര്‍മറിന്റെ 'യു ടേണ്‍' ആളിക്കത്തിക്കുമോ കലാപം?
നഴ്സുമാരും വിദ്യാര്‍ത്ഥികളും അടക്കം പതിനായിരക്കണക്കിന് മലയാളികള്‍ യു.കെയിലുണ്ട്
യു.കെയില്‍ ആളിക്കത്തുന്ന കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നിലയിലേക്ക് പ്രതിഷേധത്തിന്റെ രൂപംമാറിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒരു മലയാളി യുവാവിന് മര്‍ദനമേറ്റിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരുകൂട്ടം ബ്രിട്ടീഷ് കൗമാരക്കാര്‍ ചേര്‍ന്നാണ് മലയാളി യുവാവിനെ ആക്രമിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യു.കെയില്‍ താമസിക്കുന്ന മലയാളികളോട് ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും പ്രതിഷേധക്കാരോട് വാഗ്വാദത്തിന് മുതിരരുതെന്നും മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളും ആശങ്കയില്‍
മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്നാണ് യു.കെ. 1.8 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി, യു.എസ്.എ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഏറ്റവുമധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാജ്യമാണ് യു.കെ. ഇപ്പോഴുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് അതീവജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് യു.കെയില്‍ പുതിയ കോഴ്‌സുകളിലേക്ക് ഇന്ത്യയില്‍ നിന്ന് കുട്ടികള്‍ പോകുന്നത്. പുതിയ സാഹചര്യത്തില്‍ പലരും യു.കെയിലേക്കുള്ള യാത്ര നീട്ടിവച്ചിട്ടുണ്ട്. കലാപം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ യു.കെയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കലാപകാരികളെ പ്രകോപിപ്പിക്കുമോ?
മുന്‍ പ്രധാനമന്ത്രി ഋഷി സുനക് കൊണ്ടുവന്ന വീസ നിയന്ത്രണങ്ങള്‍ കെയിര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുന്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. യു.കെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് 41.5 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വരുമാനം വേണമെന്നായിരുന്നു വ്യവസ്ഥ. ഇത് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
നിലവില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വാര്‍ഷിക ശമ്പളമായി വേണ്ടത് 30 ലക്ഷം രൂപയാണ്. ഇതാണ് ഒറ്റയടിക്ക് 41.5 ലക്ഷത്തിലേക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരുടെ വോട്ട് നേടാന്‍ വേണ്ടിയായിരുന്നു സുനക് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. അതേസമയം, കുടിയേറ്റ വിരുദ്ധതയുമായി തെരുവിലിറങ്ങിയവരെ പ്രകോപിപ്പിക്കാന്‍ ഈ തീരുമാനം വഴിയൊരുക്കിയേക്കുമെന്ന ആശങ്ക പലര്‍ക്കുമുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍:
ബെല്‍ഫാസ്റ്റ്: +447442671580
ബിര്‍മിങ്ഹാം: +447735424990
കാര്‍ഡിഫ്: +447799913080
ചെല്‍ംസ്‌ഫോര്‍ഡ്: +447884874463
കവന്ററി: +447407614938
ഡണ്ടീ: +447423039348
എഡിന്‍ബര്‍ഗ്: +447466154281
ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍: +447436653833
ലീഡ്‌സ്: +447769448275
ലൈസസ്റ്റര്‍: +447920637841
ലിവര്‍പൂള്‍: +447818582739
ലണ്ടന്‍-ഏരിയ: +447776612246
നോര്‍താംപ്ടണ്‍: +447442846576
ഓക്‌സ്‌ഫോര്‍ഡ്: +447920618708
പോര്‍ട്ട്‌സ്മൗത്ത്: +447824064813
ഷെഫീല്‍ഡ്: +447920637841
സോമെര്‍സെറ്റ്: +447450230138
സൗത്താംപ്ടണ്‍: +447717140064
ജനറല്‍: +44 74353 82799, +44 77694 48275