ഫേസ്ബുക്കും ട്വിറ്ററുമല്ല 'കൂ' വീഴാന്‍ കാരണം, പിന്നെന്താണ്?
ഉപയോക്താക്കള്‍ പോലും കൈയൊഴിഞ്ഞ സോഷ്യല്‍മീഡിയ കമ്പനിയെ ഏറ്റെടുക്കാന്‍ ആരും തയാറായില്ല
വെറും നാലേ നാലു വര്‍ഷം; 'കൂ' എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വളര്‍ന്ന്, കിതച്ച്, അസ്തമിച്ചത് കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു. ട്വിറ്ററിന്റെ (എക്‌സ്) ഇന്ത്യന്‍ ബദല്‍ എന്ന ലേബലിലാണ് അപ്രമേയ രാധാകൃഷ്ണയും മായാങ്ക് ബിഡാവട്കയും ചേര്‍ന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങുന്നത്. അതിദേശീയതയില്‍ ഊന്നിയായിരുന്നു കമ്പനിയുടെ മുന്നോട്ടുപോക്ക്. ട്വിറ്റര്‍ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ കൂവിലേക്ക് ഒഴുക്ക് തുടങ്ങി. കേന്ദ്രമന്ത്രിമാര്‍ അടക്കം കൂവിനായി പ്രചരണത്തില്‍ മുന്നിലുണ്ടായിരുന്നു.
നിക്ഷേപകരുടെ വന്‍നിര
ബൈജൂസ് അടക്കമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നേരിട്ട പ്രതിസന്ധി തന്നെയാണ് അവസാന കാലത്ത് കൂവിനെയും വേട്ടയാടിയത്. കമ്പനി ആരംഭിച്ച് അധികം വൈകാതെ തന്നെ കൂവിലേക്ക് നിക്ഷേപകരുടെ ഒഴുക്കായിരുന്നു. പിന്നീടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഈ ഫണ്ടിംഗിന്റെ ചുവടുപിടിച്ചായിരുന്നു. ജീവനക്കാരുടെ ശമ്പളം മുതല്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ വരെ ഈ ഫണ്ടിംഗിലൂടെയായിരുന്നു.
സ്വന്തം നിലയില്‍ വരുമാനം കണ്ടെത്താനുള്ള ഒരു നീക്കവും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. വരുമാനം കണ്ടെത്തി കമ്പനിയെ മുന്നോട്ടു കൊണ്ടുപോകാന്‍ 10 വര്‍ഷം എങ്കിലും വേണമെന്നായിരുന്നു സ്ഥാപകരുടെ നിലപാട്. ആസെല്‍ പാര്‍ട്‌ണേഴ്‌സ്, കലാരി ക്യാപിറ്റല്‍സ്, ബ്ലൂം വെന്‍ഡേഴ്‌സ്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് തുടങ്ങിയ വന്‍കിട നിക്ഷേപകര്‍ കോടികളാണ് കൂവില്‍ നിക്ഷേപിച്ചത്.
ഈ ഫണ്ടിംഗ് തീര്‍ന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റി. ഗതിപിടിക്കുന്ന ലക്ഷണം കാണാതായതോടെ പുതിയ നിക്ഷേപകരും തിരിഞ്ഞു നോക്കിയില്ല. പുതിയ നിക്ഷേപകരെ കണ്ടെത്താനോ കമ്പനി കൈമാറാനോ ആയിരുന്നു മാനേജ്‌മെന്റിന്റെ അവസാന ശ്രമം. എന്നാല്‍ ഉപയോക്താക്കള്‍ പോലും കൈയൊഴിഞ്ഞ സോഷ്യല്‍മീഡിയ കമ്പനിയെ ഏറ്റെടുക്കാന്‍ ആരും തയാറായില്ല. അനിവാര്യമായ അടച്ചുപൂട്ടലിലേക്ക് അപ്രമേയ രാധാകൃഷ്ണയും മായാങ്ക് ബിഡാവട്കയും എത്താന്‍ അധിക സമയം വേണ്ടിവന്നില്ല.
ജോലി കൂവില്‍, ശമ്പളം വേറെ കമ്പനിയില്‍
കൂവിലെ പ്രതിസന്ധി രൂക്ഷമായത് 2024 തുടക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ തിരിച്ചടികളുടെ സൂചന കണ്ടു തുടങ്ങിയതിനാല്‍ ജീവനക്കാര്‍ പലരും വേറെ താവളം കണ്ടെത്തിയിരുന്നു. ഒരുസമയത്ത് ആയിരത്തിനടുത്ത് ജീവനക്കാരുണ്ടായിരുന്ന കമ്പനി 2023ന്റെ പകുതിയോടെ 260 പേരിലേക്ക് ചുരുങ്ങിയിരുന്നു. അടച്ചുപൂട്ടല്‍ വൈകില്ലെന്ന സൂചന സ്ഥാപകര്‍ നല്‍കുന്നത് 2024 മേയിലാണ്.
ഈ സമയം വെറും 60 ജീവനക്കാരില്‍ താഴെയായിരുന്നു കൂവില്‍ ശേഷിച്ചിരുന്നത്. ഇടക്കാലത്ത് ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതെ വന്നതോടെ ഓഫീസിലിരുന്ന് പാര്‍ട്ട്‌ടൈം ജോലി ചെയ്യാന്‍ പോലും കൂ അധികൃതര്‍ ജീവനക്കാരെ അനുവദിച്ചിരുന്നു. അത്രത്തോളം മോശം അവസ്ഥയിലെത്തിയതോടെയാണ് കൂവിന് ഷട്ടറിട്ടത്.