മൈസൂര്‍ കഫെയുടെ ഈ മുതലാളിക്കു മുമ്പില്‍ അംബാനി കുടുംബത്തിനും തല കുനിയും: രുചി മുത്തശ്ശിയാണ് ശാന്തേരി നായക്
അംബാനി കല്യാണത്തിനിടെ ശാന്തേരിയുടെ അനുഗ്രഹം തേടുന്ന വീഡിയോ വൈറല്‍
കഴിഞ്ഞ ദിവസം മുംബയില്‍ നടന്ന അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിനിടെയുണ്ടായ ചെറിയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാര വിഷയം. വധു-വരന്മാര്‍ മുതിര്‍ന്നവരില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചടങ്ങിനിടെയാണ് സംഭവം. അനന്ത് അംബാനി ഒരു വൃദ്ധയെ നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങുന്നതും രാധിക മെര്‍ച്ചന്റിനെ പരിചയപ്പെടുത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇതാണ് മൈസൂര്‍ കഫേയുടെ ഉടമയെന്ന് പറയുമ്പോള്‍ ഓടിയെത്തുന്ന രാധികയും കൂടെയുണ്ടായിരുന്ന ബന്ധുക്കളും അനുഗ്രഹം വാങ്ങുന്നുണ്ട്. എല്ലാ ഞായറാഴ്ചയും വീട്ടിലെ ഭക്ഷണം നിങ്ങളുടേതാണെന്നും അംബാനി പറയുന്നുണ്ട്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്റര്‍നെറ്റ് തിരഞ്ഞത് മൈസൂര്‍ കഫേയുടെ ഉടമയായ അനന്ത്ശാന്തേരി നായകിനെക്കുറിച്ചാണ്.
മൈസൂര്‍ കഫേ
മുംബയ് നഗരത്തിലെ മാതുംഗയില്‍ 1936ലാണ് നാഗേഷ് രാമ നായക് സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന മൈസൂര്‍ കഫേ സ്ഥാപിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നായക് സ്വന്തമായി ഇഡലിയും ദോശയും വില്‍ക്കാന്‍ ചെറിയ രീതിയില്‍ തുടങ്ങിയ സംരംഭമാണ് വളര്‍ന്ന് പന്തലിച്ചത്. സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഫേവറിറ്റ് സ്‌പോട്ടായിരുന്നു ഇത്. പിന്നീട് അടുത്ത തലമുറകളിലേക്ക് കൈമാറിയ വ്യാപാരം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് നായകിന്റെ മകന്‍ നരേഷ് നാഗേഷ് നായകാണ്. ശാന്തേരി
മുകേഷ് അംബാനിയുടെ ഫേവറിറ്റ്
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി 1975-79 വരെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഇവിടുത്തെ മുഖ്യസന്ദര്‍ശകനായിരുന്നു. പിന്നീട് എല്ലാ ആഴ്ചയും ഇവിടുന്നുള്ള ആഹാരം ഓര്‍ഡര്‍ ചെയ്യാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ശന്തേരി നായകിന്റെ പ്രതികരണം
അതേസമയം, തന്റെ വീഡിയോ വൈറലായതൊന്നും ശാന്തേരി നായക് അറിഞ്ഞിട്ടില്ല. വിവാഹ ചടങ്ങിനിടെ വധു-വരന്മാരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചയുടനെ അംബാനി കുടുംബം വി.ഐ.പി പരിഗണന നല്‍കി സ്വീകരിക്കുകയായിരുന്നു. അനന്തും രാധികയും കാലില്‍ തൊട്ട് അനുഗ്രഹം തേടി. ഒപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് മടങ്ങിയതെന്നും അവര്‍ പറഞ്ഞു.