എസ്‌ഐപി വഴി 10 വര്‍ഷം കൊണ്ട് 50 ലക്ഷം സമ്പാദിക്കാന്‍ എത്ര തുക മാറ്റിവയ്ക്കണം?

വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എസ്‌ഐപി വഴിയുള്ള ദീര്‍ഘകാല നിക്ഷേപം സഹായിക്കുന്നു. എങ്ങനെയെന്നു മനസ്സിലാക്കാം.

Update:2021-09-29 09:30 IST

പ്രകാശന് 12 ഉം 8 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കാണ്. മൂത്ത മകളുടെ ഉന്നത പഠനത്തിനായി ധാരാളം നിക്ഷേപങ്ങള്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇളയ മകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനുള്ള  പദ്ധതിയിലാണ് അദ്ദേഹം ഇപ്പോള്‍.

മാസം 65000 രൂപ ശമ്പളമുള്ള പ്രകാശന് രണ്ട് മക്കളെയും മികച്ച വിദ്യഭ്യാസം നല്‍കി വളര്‍ത്തണമെന്നാണ് ആഗ്രഹം. എന്നാൽ പ്രതിമാസ ചെലവുകൾ അത് ബാധിക്കാനും പാടില്ല.  മ്യൂച്വല്‍ ഫണ്ടിലേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

പലതുള്ളി പെരുവെള്ളം എന്ന് പറയും പോലെ ചെറുതുകകള്‍ നിക്ഷേപിച്ച് വലിയൊരു തുക സമാഹരിക്കുന്നതാണല്ലോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. അതിനാല്‍ തന്നെ ശമ്പളത്തില്‍ നിന്നും എത്ര തുകയോളം പ്രകാശന്‍ പ്രതിമാസം രണ്ടാമത്തെ മകളുടെ പഠിപ്പിനായി മാറ്റി വയ്ക്കണം. നോക്കാം.

തുക കണക്കാക്കാം 

ആദ്യം ആവശ്യമായ തുകയാണ് നോക്കേണ്ടത്. അതെങ്ങനെ? ഓരോ സാമ്പത്തിക ലക്ഷ്യങ്ങളും അതത് മേഖലയിലെ പണപ്പെരുപ്പത്തെ കൂടി ആശ്രയിച്ചാണ് തുക കണക്കാക്കേണ്ടത്. അതായത്, ഇന്നത്തെ വിലയിരുത്തലുകള്‍ അനുസരിച്ച്, ഇന്ത്യയിലെ വിദ്യാഭ്യാസ പണപ്പെരുപ്പം പ്രതിവര്‍ഷം 10 ശതമാനമാണ്.

പഠിക്കാനിടയുള്ള കോഴ്‌സിനോ ഉന്നത വിദ്യാഭ്യാസത്തിനോ ഇപ്പോള്‍ വേണ്ടി വരുന്ന ചെലവ് ഏകദേശം 20 ലക്ഷം രൂപയാണെങ്കില്‍ ഇളയ മകള്‍ക്ക് 18 വയസ്സാകുമ്പോള്‍ അവളുടെ ഉന്നത വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപയായി ഉയരും. ഇക്കഴിഞ്ഞ ദിവസം പ്രമുഖ ദേശീയ മാധ്യമമായ  ലൈവ്  മിന്റില്‍ ഒരു വിദഗ്ധൻ ചൂണ്ടിക്കാട്ടിയ കണക്കിന്റെ അടിസ്ഥാനത്തില്‍ പറയാം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പ്രകാശന്റെ 50 ലക്ഷം രൂപ നിക്ഷേപ ലക്ഷ്യം നേടിയെടുക്കാന്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ 50 ലക്ഷം ( ഏകദേശം 51,19,425 രൂപ ) കോര്‍പ്പസിന് 12 ശതമാനം റിട്ടേണ്‍ ആണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പ്രതിമാസം 21,000 മുതല്‍ 22,000 രൂപ വരെ നിക്ഷേപിക്കേണ്ടതായി വരും അതേ സമയം 15 ശതമാനം റിട്ടേണുകള്‍ പ്രതീക്ഷിച്ചാണെങ്കില്‍ പ്രതിമാസം 18000 രൂപയേ നിക്ഷേപിക്കേണ്ടതായി വരൂ.

ലാഭ നഷ്ടസാധ്യതകള്‍ കണക്കിലെടുത്താലും ഏകദേശം 50 ലക്ഷം ലക്ഷ്യമിട്ട് 120 മാസം അഥവാ 10 വർഷം  നിക്ഷേപിക്കുന്ന വ്യക്തി ചുരുങ്ങിയത് 14000-15000 രൂപയെങ്കിലും നിക്ഷേപിക്കണം. എന്നാല്‍ ഏത് മ്യൂച്വല്‍ ഫണ്ടുകള്‍ ഏത് പ്ലാനുകള്‍ എന്നിവയൊക്കെ മികച്ച ഒരു ഫണ്ട് മാനേജര്‍ വഴി തെരഞ്ഞെടുക്കണം. ചില മ്യൂച്വല്‍ ഫണ്ടുകള്‍ 50 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്നു, ചിലത് നഷ്ടവും  നല്‍കിയേക്കാം. കാരണം മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക്  വിധേയമാണ്.


എസ്ഐപി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിക്കാന്‍ ടിപ്സ്

  • മികച്ച ഫണ്ടുകള്‍ കണ്ടെത്താനും പിന്‍ വലിക്കാനും ഹോം വര്‍ക്ക് കൂടിയേ തീരൂ.
  • റിസര്‍ച്ച് ചെയ്യുകയും മികച്ച ഫണ്ട് മാനേജര്‍മാരെ കണ്ടെത്തുകയും വേണം.
  • പവര്‍ ഓഫ് കോംപൗണ്ടിംഗില്‍ വിശ്വസിക്കണം. അതായത് പലതുള്ളി പെരുവെള്ളം എന്നത് തന്നെ.
  • ചുരുങ്ങിയത് അഞ്ച് - പത്ത് വര്‍ഷമെങ്കിലും നിക്ഷേപം തുടരുമെന്ന് തീരുമാനിക്കുക.
  • ഫണ്ടുകളുടെ നിക്ഷേപ ചരിത്രം അതായത് കമ്പനി റേഷ്യോ, നിക്ഷേപങ്ങളുടെ പ്രകടനം എന്നിവയും പഠിക്കണം.
  • സമാനമായ മ്യൂച്വല്‍ ഫണ്ടുകളുമായി നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകളെ താരതമ്യം ചെയ്യുക.
  • വിപണിയിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളില്‍ പണം പിന്‍വലിക്കലിനു പകരം മികച്ച ഫണ്ടുകള്‍ കണ്ടെത്തി വീണ്ടും ഇന്‍വെസ്റ്റ് ചെയ്യാം.

.

Tags:    

Similar News