എസ്ബിഐ യോനോ ആപ്പ് ഉപയോഗിക്കുന്നുണ്ടോ? തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ഇങ്ങനെ ചെയ്യാം
മൊബൈല്‍ ആപ്പ് അപ്പ്‌ഡേറ്റ് മാത്രമല്ല, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയയും പൂര്‍ത്തിയാക്കണം. വായിക്കൂ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കളില്‍ പലരും യോനോ ആപ്പാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ വര്‍ധിക്കുകയും വിവിധ ഡിവൈസുകളിലേക്ക് ഒരേ ഉപയോക്താവിന് സിം മാറ്റങ്ങള്‍ വേണ്ടി വരികയും ചെയ്യേണ്ട അവസ്ഥ വരുമ്പോള്‍ ആപ്പ് സുരക്ഷിതമാക്കാനും മറക്കരുത്. സിം ബൈന്‍ഡിംഗ് എന്ന പുതിയ സുരക്ഷാ സംവിധാനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയേക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോടുകൂടിയ സിം കാര്‍ഡ് ഉളള ഡിവൈസില്‍ മാത്രമായിരിക്കും ഇത് പ്രകാരം യോനോ, യോനോ ലൈറ്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുക. വിവിധ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ ഇത് സംരക്ഷിക്കുന്നു. ഇതിനായി മൊബൈല്‍ ആപ്പ് അപ്പ്‌ഡേറ്റ് ചെയ്യുകയും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയും വേണം. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ ഉപയോഗിക്കണം. വേരിഫിക്കേഷനും പൂര്‍ത്തിയാക്കണം.
ഒരു മൊബൈല്‍ ഡിവൈസ്, ഒരു ഉപയോക്താവ്, ഒരു രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ എന്ന അടിസ്ഥാന ചട്ടത്തിലൂടെയാവും യോനോയും യോനോ ലൈറ്റും പ്രവര്‍ത്തിക്കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോടുകൂടിയ സിം ഉപയോഗിച്ച് യോനോ, യോനോ ലൈറ്റ് എന്നിവ ഒരേ ഡിവൈസില്‍ ഉപയോഗിക്കാനാവും. നെറ്റ്വര്‍ക്ക് കുരവുള്ള സ്ഥലത്ത് ഉപയോഗിക്കാനാണ് യോനോ ലൈറ്റ്. ഇരട്ട സിം ഉളള ഹാന്‍ഡ് സെറ്റില്‍ യോനോ, യോനോ ലൈറ്റ് എന്നിവ രണ്ടു വ്യത്യസ്ത ബാങ്ക് അക്കൗണ്ടിന്റേതായി പ്രവര്‍ത്തിപ്പിക്കാനും കഴിയും.