റിസ്‌ക് കൂടുതലെങ്കിലും മെച്ചപ്പെട്ട ആദായ സാധ്യതയുമായി മോത്തിലാല്‍ ഒസ്വാള്‍ മൈക്രോ ക്യാപ് ഫണ്ട്

ന്യു ഫണ്ട് ഓഫര്‍ ജൂണ്‍ 29 വരെ, നിക്ഷേപം നിഫ്റ്റി മൈക്രോ ക്യാപ്പ് 250 സൂചികയെ അധിഷ്ഠിതമാക്കി

Update:2023-06-22 15:02 IST

അനലിസ്റ്റുകളും നിക്ഷേപകരും അധികം ശ്രദ്ധ നല്‍കാത്ത ഓഹരികളാണ് നിഫ്റ്റി മൈക്രോ ക്യാപ് 250 ഓഹരി സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികള്‍. റിസ്‌ക് ഉയര്‍ന്നതാണെങ്കിലും ഇതിലെ ഓഹരികള്‍ താരതമ്യേന മറ്റ് സൂചികകളിലെക്കാള്‍ മെച്ചപ്പെട്ട ആദായം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നിഫ്റ്റി മൈക്രോ ക്യാപ്പ് 250 നെ പിന്തുടര്‍ന്ന് നിക്ഷേപം നടത്തുന്ന പുതിയ പദ്ധതിയുമായി മോത്തിലാല്‍ മ്യൂച്വല്‍ ഫണ്ട് രംഗത്ത് എത്തിയിരിക്കുന്നു. മോത്തിലാല്‍ ഒസ്വാള്‍ മൈക്രോ ക്യാപ്പ് 250 ഇന്‍ഡക്‌സ് ഫണ്ട് എന്ന പേരിലാണ് പുതിയ പദ്ധതി.

ന്യു ഫണ്ട് ഓഫര്‍ 15 ജൂണിന് തുടങ്ങിയത് ജൂണ്‍ 29 വരെ അപേക്ഷിക്കാം. തുടക്കത്തില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപ. ഓപ്പണ്‍ - ഇന്‍ഡഡ് ഫണ്ടായതിനാല്‍ ഓഹരി വിപണിയില്‍ ദിവസവും വില്‍ക്കാനും വാങ്ങാനും സാധിക്കും.
46% നേട്ടത്തിൽ  നിഫ്റ്റി മൈക്രോ ക്യാപ്പ് 250 സൂചിക
ലിസ്റ്റഡ് ഓഹരികളില്‍ വിപണി മൂല്യത്തില്‍ 3% മൈക്രോ ക്യാപ് ഓഹരികളുടേതാണ്. ഇതില്‍ 40% ഓഹരികളും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ വിശകലനം ചെയ്യുന്നില്ല. വ്യവസായം, ധനകാര്യ സേവനങ്ങള്‍, ആരോഗ്യ രക്ഷ, കമ്മോഡിറ്റീസ് തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ ഈ സൂചികയില്‍ ഉണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിഫ്റ്റി മൈക്രോ ക്യാപ്പ് 250 സൂചിക 46% നേട്ടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി വാര്‍ഷിക നേട്ടം 58 ശതമാനമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ വലിയതോതില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് രാജ്യത്തെ മുന്നില്‍ നില്‍ക്കുന്ന 500 വമ്പന്‍ കമ്പനികളിലാണ്. വെറും നാലു ശതമാനത്തില്‍ താഴെയാണ് അതില്‍പ്പെടാത്ത ഓഹരികളിലുള്ള നിക്ഷേപം. അതിനാല്‍ സ്മാള്‍ ക്യാപ്, മൈക്രോ ക്യാപ് ഓഹരികളിലെ സാധ്യതകള്‍ പുതിയ മ്യൂച്വല്‍ ഫണ്ടിന് കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതുന്നു. 5-10% ഈ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ പോര്‍ട്ട് ഫോളിയോ നേട്ടം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് മോത്തിലാല്‍ മ്യൂച്വല്‍ ഫണ്ട് പാസ്സീവ് ഫണ്ട് തലവന്‍ പ്രതീക്ക് ഒസ്വാള്‍ അഭിപ്രായപ്പെടുന്നു.

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News