മ്യൂച്വല്‍ ഫണ്ടുകളിലേക്ക് പണമൊഴുകുന്നു; മാര്‍ച്ചില്‍ മാത്രമെത്തിയത് 28,464 കോടി രൂപയുടെ അറ്റ നിക്ഷേപം
ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്ക് പുതു നിക്ഷേപകരെത്തുന്നത് എസ്‌ഐപി വഴി
ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് (mutual funds)ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്തിയ തുകയില്‍ വര്‍ധനവ്. 2021-22 സാമ്പത്തികവര്‍ഷം നിക്ഷേപകരില്‍നിന്ന് ലഭിച്ചത് 1.64 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2022 മാര്‍ച്ച് മാസത്തില്‍ മാത്രം 28,464 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലുണ്ടായത്. ഓഹരിയുമായി ബന്ധപ്പെട്ടാണ് ലാഭനഷ്ടങ്ങള്‍ വരുന്നതെങ്കിലും നിക്ഷേപകരുടെ വിശ്വാസം ഇത്തരം നിക്ഷേപങ്ങളില്‍ കൂടുന്നതായി കാണാം.
സുരക്ഷിതമെങ്കിലും പലിശയിനത്തില്‍ താരതമ്യേന നേട്ടം കുറവായതിനാല്‍ തന്നെ മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണവും അത് പോലെ തുകയും ഗണ്യമായി കുറയുന്നുണ്ട് എന്നതു കാണാം. എന്നാല്‍ മറ്റു നിക്ഷേപങ്ങള്‍ നിറം മങ്ങിപ്പോയെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഉയരാന്‍ ഇടയായി.
അല്‍പ്പം റിസ്‌കെടുക്കാനുള്ള ധൈര്യവും ഓഹരി വിപണിയെക്കുറിച്ചുള്ള പഠനവും നടത്തുന്ന നിരവധി ചെറുപ്പക്കാരാണ് മ്യൂച്വല്‍ ഫണ്ടിലേക്കു കൂടുതലും കടന്നു വന്നിട്ടുള്ളത്. ചെറിയ തുകകള്‍ പ്രതിമാസം മ്യൂച്വല്‍ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന 'സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍' ( Systematic Investment Plan)(എസ്‌ഐപി) വരിക്കരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എസ്‌ഐപിയിലേക്ക് എത്തുന്ന തുകയിലും ഈ വര്‍ധനവ് കാണാം.