നിക്ഷേപത്തിലെ വെള്ളിക്കിലുക്കം; സില്‍വര്‍ ഇടിഎഫിന് സെബിയില്‍ പേപ്പര്‍ സമര്‍പ്പിച്ച് മ്യൂച്വല്‍ഫണ്ട് കമ്പനികള്‍
സ്വര്‍ണത്തെപ്പോലെ വെള്ളിയിലും സുരക്ഷിതമായി നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് നേട്ടം കൈമാറുകയാണ് ഇടിഎഫ് വഴി ചെയ്യുന്നത്.
രാജ്യത്ത് സില്‍വര്‍ ഇടിഎഫിന് അനുമതി ലഭിച്ചതിന് പിന്നാലെ നിരവധി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) യില്‍ ഓഫര്‍ ഡോക്യുമെന്റുകള്‍ സമര്‍പ്പിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ്, നിപ്പോണ്‍ ഇന്ത്യ, മിറെയ് അസറ്റ് തുടങ്ങിയ കമ്പനികളാണ് സില്‍വര്‍ ഇടിഎഫ് സ്വീകരിക്കാനുള്ള പദ്ധതിക്കായി അനുമതി തേടിയത്.
സ്വര്‍ണത്തെപ്പോലെ വെള്ളിയിലും സുരക്ഷിതമായി നിക്ഷേപിച്ച് അതിലെ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറുകയാണ് സില്‍വര്‍ ഇടിഎഫ് വഴി ചെയ്യുന്നത്. സില്‍വര്‍ ഇടിഎഫ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് സെബി കഴിഞ്ഞമാസമാണ് അംഗീകാരം നല്‍കിയത്. പണലഭ്യത ഉറപ്പുവരുത്താന്‍ നിക്ഷേപത്തിന്റെ ചെറിയൊരുഭാഗം ഡെറ്റ് പദ്ധതികളില്‍ നിക്ഷേപിക്കപ്പെടും.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതോടെ സില്‍വര്‍ ഇടിഎഫുകളുടെ വാങ്ങല്‍, വില്‍ക്കല്‍ നടപടികള്‍ സുതാര്യമാകും. നിക്ഷേപകര്‍ക്ക് തലവേദനയുമുണ്ടാകില്ല. കൂടാതെ വിപണി സമയത്ത് ഓഹരികള്‍ പോലെ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിന്‍വലിക്കാനും കഴിയും. എന്നാല്‍ സില്‍വര്‍ ഇടിഎഫ് നിക്ഷേപ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും എന്നു മാത്രം.