ക്ഷമയുണ്ടോ? കോമ്പൗണ്ടിംഗിന്റെ അല്‍ഭുതം കാണാം... അത് നിങ്ങളുടെ പണം ഇരട്ടിയാക്കും!

Update: 2020-08-12 12:39 GMT

അല്‍പ്പം ക്ഷമയുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്കുശേഷം വലിയൊരു തുക സ്വന്തമാക്കാനുള്ള അവസരമാണ് കോമ്പൗണ്ടിംഗ് രീതിയിലുള്ള നിക്ഷേപം ഒരുക്കുന്നത്.

എന്താണ് കോമ്പൗണ്ടിംഗ്? പലിശയ്ക്കുമേല്‍ പലിശ ലഭിക്കുന്ന രീതിയെന്ന് കോമ്പൗണ്ടിംഗിനെ വിളിക്കാം. എന്താണ് കോമ്പൗണ്ടിംഗിന്റെ പ്രത്യേകത? നമ്മുടെ പണത്തിന് കിട്ടുന്ന പലിശ കൂടി പ്രിന്‍സിപ്പലിലേക്ക് കൂട്ടുകയും അത് വീണ്ടും നിക്ഷേപിക്കുകയും ചെയ്യുന്നു. അതുവഴി മൂലധനത്തിനും അതിന്റെ പലിശയ്ക്കും വീണ്ടും പലിശ കിട്ടുന്നു.

ഇത്തരത്തില്‍ കൂടുതല്‍ കാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ സിംപിള്‍ പലിശരീതിയെ അപേക്ഷിച്ച് നേട്ടം വളരെ കൂടുതലായിരിക്കും.

ആശയക്കുഴപ്പത്തിലായോ? എങ്കില്‍ ഒരു ഉദ്ദാഹരണം നോക്കൂ:

ഒന്നാം വര്‍ഷം

നിക്ഷേപിച്ച പണം (പ്രിന്‍സിപ്പല്‍) = 10,000 രൂപ
10 ശതമാനം പലിശ (compounded yearly)= 1000 രൂപ
ഒരു വര്‍ഷം അവസാനം ലഭിക്കുന്ന തുക= 11,000 രൂപ

രണ്ടാം വര്‍ഷം

10 ശതമാനം പലിശയ്ക്ക് 11,000 രൂപ (10,000+1000) കോമ്പൗണ്ടിംഗ് രീതിയില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ= 1,100 രൂപ
രണ്ടാം വര്‍ഷം അവസാനിക്കുമ്പോള്‍ ലഭിക്കുന്ന തുക= 12,100 രൂപ

മൂന്നാം വര്‍ഷം

10 ശതമാനം പലിശയ്ക്ക് 12,100 രൂപ കോമ്പൗണ്ടിംഗ് രീതിയില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ= 1,210 രൂപ
മൂന്നാം വര്‍ഷം അവസാനിക്കുമ്പോള്‍ ലഭിക്കുന്ന തുക= 13,310 രൂപ

കോമ്പൗണ്ടിംഗ് രീതി കണക്കാക്കുന്നതിനുള്ള ഫോര്‍മുല:

A- എമൗണ്ട്
P- പ്രിന്‍സിപ്പല്‍
r- പലിശ
n- ഒരു വര്‍ഷം എത്ര പ്രാവശ്യം കോമ്പൗണ്ട് ചെയ്യപ്പെടുന്നു എന്നതിന്റെ എണ്ണം
t- എത്ര കാലം (വര്‍ഷത്തില്‍)

ഇനി കോമ്പൗണ്ടിംഗിന്റെ ശക്തി അറിയേണ്ടേ?

10,000 രൂപ 10 ശതമാനം പലിശനിരക്കില്‍ വെറും പലിശ (simple interest) രീതിയില്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം ലഭിക്കുന്നത് തുക 20,000 രൂപ.

എന്നാല്‍ 10 ശതമാനം പലിശ ഓരോ പാദത്തിലും കോമ്പൗണ്ട് ചെയ്താല്‍ അത് 26,851 രൂപയായി മാറും.

കോമ്പൗണ്ടിംഗ് പലിശരീതിയിലൂടെ നിങ്ങള്‍ക്ക് 6851 രൂപ അധികമായി ലഭിക്കുന്നു. അതായത് 34 ശതമാനം കൂടുതല്‍!!!

ഇതാണ് കോമ്പൗണ്ടിംഗിന്റെ ശക്തി.

ചെറിയ തുകയാണെങ്കിലും വളരെ നേരത്തെ നിക്ഷേപം തുടങ്ങിയാല്‍ വര്‍ഷങ്ങള്‍ കൊണ്ട് അത് വലിയ തുകയായി മാറുന്ന മാജിക്. അഞ്ചു വര്‍ഷം നിങ്ങള്‍ താമസിച്ചാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ അവസാനം ലഭിക്കുന്ന തുകയില്‍ വലിയ വ്യത്യാസമുണ്ടാകും.

അതുകൊണ്ട് പരമാവധി നേരത്തെ നിക്ഷേപം തുടങ്ങുക, കോമ്പൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്തുക.

(ജനങ്ങളില്‍ സാമ്പത്തികസാക്ഷരത വര്‍ദ്ധിപ്പിക്കുതിന്റെ ഭാഗമായി ആര്‍ബിഐ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ അവയര്‍നസ് മെസേജസ് (FAME) എന്ന പുസ്തകത്തില്‍ നിന്ന് തയാറാക്കിയത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News