കടമില്ലാതെ ജീവിക്കാം, സമ്പാദിക്കുകയും ചെയ്യാം, ഇങ്ങനെ ചെയ്താല്‍ മതി!
വീട്ടുചെലവ് കഴിഞ്ഞ് ഒന്നും മാറ്റിവെയ്ക്കാന്‍ പറ്റുന്നില്ലേ? മാസവസാനം കടം വാങ്ങേണ്ടി വരുന്നുണ്ടോ? ആ സ്ഥിതി മാറ്റിയെടുക്കാം
മാസം അവസാനമായി. കൈയില്‍ അഞ്ചുപൈസയില്ലാതെ നട്ടം തിരിയുകയാണോ? ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. നമ്മില്‍ പലരും അനുഭവിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ എംപ്ലോയീസില്‍ 81 ശതമാനം പേരും മാസാവസാനം കൈയ്യില്‍ പൈസയില്ലാതെ വട്ടം കറങ്ങുന്നവരാണെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു.
എന്തുകൊണ്ടാണ് മാസാന്ത്യത്തില്‍ നാം പാപ്പരാകുന്നത്?
പൊതുവേ നമ്മളെല്ലാവരും വേതനം കിട്ടുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യമെന്താണ്? ചെലവുകള്‍ക്കുള്ള പണം ആദ്യം നീക്കിവെയ്ക്കും. വാടക, വായ്പാ തിരിച്ചടവ്, ബില്ലുകള്‍... അങ്ങനെയങ്ങനെ ആവശ്യങ്ങള്‍ക്കുള്ളത് മാറ്റി വല്ലതും ശേഷിക്കുന്നുണ്ടെങ്കില്‍ സമ്പാദ്യ പദ്ധതികള്‍ക്കായി മാറ്റും.നൂറുകൂട്ടം ചെലവുകള്‍ കഴിച്ചാല്‍ ബാക്കി ഒന്നുമില്ലാത്ത സ്ഥിതിയില്‍ സമ്പാദ്യം എന്നത് സ്വപ്‌നം മാത്രമാകും. അതിനിടെ അപ്രതീക്ഷിതമായി വല്ല ചെലവും കൂടി വന്നാല്‍ പിന്നെ കടം വാങ്ങലേ നിവൃത്തിയുള്ളൂ.
ഇതാണ് ഓരോ മലയാളിയെയും മാസാന്ത്യം കാശില്ലാത്തവും കടക്കാരനുമാക്കുന്ന പ്രധാന സംഗതി.
എങ്ങനെ പുറത്തുകടക്കാം?
ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു വഴിയേയുള്ളൂവെന്ന് പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധര്‍ പറയുന്നു.സേവ് ഫസ്റ്റ്. അതായത് ആദ്യം സമ്പാദ്യത്തിനുള്ളത് മാറ്റിവെയ്ക്കുക. എന്നിട്ട് മാത്രം ചെലവുകള്‍ക്കുള്ള പണം മാറ്റുക.
വരുമാനം - ചെലവ് = സമ്പാദ്യം എന്ന ഫോര്‍മുല മാറ്റി വരുമാനം - സമ്പാദ്യം = ചെലവ് എന്ന ലളിതമായി മാറ്റിയാല്‍ കടക്കെണിയും കൈയില്‍ കാശില്ലാത്ത അവസ്ഥയും ഒരു പരിധി വരെ ഒഴിവാക്കാന്‍ പറ്റും.
കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍; നിങ്ങളുടെ വരുമാനത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക സമ്പാദ്യമാക്കി മാറ്റുക. പിന്നെ തീര്‍ച്ചയായും അടക്കേണ്ട ബില്ലുകള്‍, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി തുക മാറ്റി വെയ്ക്കുക. ഇനിയും കൈയില്‍ ബാക്കി തുകയുണ്ടെങ്കില്‍ മാത്രം അടിച്ചുപൊളിക്കാം.
സമ്പാദ്യത്തിനായി എത്ര ശതമാനം മാറ്റണം?
മാസവരുമാനത്തിന്റെ എത്ര ശതമാനം സമ്പാദിക്കണമെന്ന സംശയമുണ്ടാകാം. എന്തായാലും പത്തുശതമാനമെങ്കിലും മാറ്റിവെയ്ക്കണമെന്നാണ് പേഴ്‌സണല്‍ ഫിനാന്‍സ് രംഗത്തുള്ളവര്‍ പറയുന്നത്. പിന്നീട് ഇത് കൂട്ടിക്കൂട്ടി കൊണ്ടുവരാം.കുടുംബ ബജറ്റിന്റെ കാര്യത്തില്‍ പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധര്‍ പറയുന്ന മറ്റൊരു റൂളുണ്ട്. 50:30:20. എന്നുവെച്ചാല്‍ മാസവരുമാനത്തിന്റെ 50 ശതമാനം ജീവിതത്തിലെ അത്യാവശ്യ ചെലവുകള്‍ക്ക്. 30 ശതമാനം ആവശ്യചെലവുകള്‍ക്ക്. 20 ശതമാനം സമ്പാദ്യത്തിന്.
എന്നാല്‍ ഇതിനോട് യോജിക്കാത്ത വിദഗ്ധരുമുണ്ട്. അവര്‍ പറയുന്ന ഫോര്‍മുല 30-30-40 എന്നതാണ്. അതായത് ഒരു വ്യക്തി മാസവരുമാനത്തിന്റെ 40 ശതമാനം തുക സമ്പാദ്യത്തിലേക്ക് മാറ്റിയിരിക്കണം. 20 ശതമാനം എന്നത് സമാധാനപരമായ ജീവിതത്തിന് മതിയാകില്ലെന്നാണ് ഇവരുടെ വാദം.
സീറോ ബേസ്ഡ് സമീപനം
ഇപ്പോഴത്തെ സാഹചര്യത്തില്‍ കുടുംബങ്ങള്‍ കടക്കെണിയില്‍ വീഴാതിരിക്കാന്‍ പിന്തുടരാന്‍ പറ്റുന്ന രീതിയാണിത്. കഴിഞ്ഞ മാസം ചില ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പതിനായിരം രൂപ ചെലവായി എന്നുവെച്ച് ഈ മാസവും അതിനായി അത്രയും തുക നീക്കിവെയ്ക്കരുത്. ഓരോ മാസത്തെ ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും അതത് മാസത്തെ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മാത്രം നിശ്ചയിക്കുക.എന്തുതന്നെയായാലും മാസാവസാനം കൈയില്‍ പൈസയില്ലാതെ ജീവിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാകണം നിങ്ങളുടെ പ്രതിമാസ വരവ് ചെലവുകള്‍ ക്രമീകരിക്കേണ്ടത്. ഒപ്പം സമ്പാദ്യവും വേണം.