ഷെയര്‍ചാറ്റിനെ സ്വന്തമാക്കാനൊരുങ്ങി ഗൂഗിള്‍; 'മോജ്' ആപ്പിന് കനത്ത തിരിച്ചടിയാകും
160 മില്യണ്‍ ആക്റ്റീവ് യൂസേഴ്‌സുള്ള സോഷ്യല്‍മീഡിയ ആപ്പ്, ഗൂഗിളിന്റെ വരവോടെ 1.03 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാകാന്‍ ഒരുങ്ങുകയാണ്.
രാജ്യത്തെ പ്രാദേശിക ഭാഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റിനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ പദ്ധതി ഇട്ടതായി റിപ്പോര്‍ട്ട്. പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും നിലവില്‍ ട്വിറ്റര്‍ അടക്കമുള്ള ഷെയര്‍ചാറ്റിന്റെ നിക്ഷേപകര്‍ മാറുമെന്നും ഗൂഗിള്‍ ഷെയര്‍ ചാറ്റിനെ പൂര്‍ണമായി സ്വന്തമാക്കാനൊരുങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഷെയര്‍ ചാറ്റിന്റെ സ്ഥാപകര്‍ ചെറിയ അളവിലെ ഷെയര്‍ ഹോള്‍ഡര്‍മാരായി തുടരുകയും ചെയ്യും. ഡീല്‍ നടന്നാല്‍ 1.03 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായി ഷെയര്‍ചാറ്റ് മാറും. ഇരു കൂട്ടരും ടേം ഷീറ്റ് ഒപ്പു വച്ചതായാണ് വിവരം. വരും ആഴ്ചകളില്‍ ഡീല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
650 ദശലക്ഷം ഡോളര്‍ മൂല്യമാണ് നിലവില്‍ അഞ്ച് വര്‍ഷം പ്രായമുള്ള ഈ സോഷ്യല്‍മീഡിയ കമ്പനിക്കുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 40 മില്യണ്‍ ഡോളര്‍ ആണ് കമ്പനി സമാഹരിച്ചത്. ഇതുവരെ ആകെ സമാഹരിച്ച തുക 264 മില്യണ്‍ ഡോളറും. ആപ്പ് ഫീച്ചേഴ്‌സിലെ മ്യൂസിക് ലൈസന്‍സിംഗ്, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് തുടങ്ങിയവ ലഭിക്കാന്‍ കൂടുതല്‍ ഫണ്ട് കൂടിയേ തീരൂ. ആഗോള തലത്തില്‍ ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിന് പിടിച്ചുനില്‍ക്കാന്‍ മികച്ച ഫണ്ടിംഗ് ഉണ്ടായേ തീരൂ എന്നതിനാല്‍ ഗൂഗിള്‍ നടത്തുന്നത് പോലെയൊരു നിക്ഷേപം അനിവാര്യമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ടിക് ടോക് ബാന്‍ വന്നതോട് കൂടി ഇന്ത്യന്‍ സോഷ്യല്‍മീഡിയ രംഗത്ത് ഷെയര്‍ചാറ്റിന്റെ വളര്‍ച്ച കണക്കിലെടുത്താല്‍ ആഗോള തലത്തിലേക്ക് ആപ്പിന്റെ സേവനങ്ങള്‍ എത്തിക്കുക എന്നത് ഏറെ സാധ്യതകള്‍ നല്‍കുന്നു. ഗൂഗിള്‍ കണ്ണുവച്ചിട്ടുള്ളതും ഇത്തരമൊരു സാധ്യത തന്നെ എന്നുറപ്പിക്കാം. അങ്കുഷ് സച്‌ദേവ, ഫരീദ് അഹ്‌സാന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഷെയര്‍ചാറ്റ് ആഗോള തലത്തിലേക്ക് ഉയരുമെന്നത് തന്നെയാണ് പുതിയ നിക്ഷേപം സൂചിപ്പിക്കുന്നത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെയര്‍ചാറ്റിന് 15 ഇന്ത്യന്‍ ഭാഷകളിലാണ് നിലവില്‍ ശക്തമായ സാന്നിധ്യമുള്ളത്. ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതിനാല്‍ തന്നെ ഷെയര്‍ചാറ്റ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ട്വിറ്റര്‍, പവന്‍ മുഞ്ചല്‍, ഡിസിഎം ശ്രീറാം പ്രമോട്ടേഴ്‌സ് ഫാമിലി ഓഫീസ്, സൈഫ് പാര്‍ട്‌ണേഴ്‌സ്, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍, ഇന്ത്യ കോഷ്യന്റ് തുടങ്ങിയവരാണ് നിലവില്‍ 160 ദശലക്ഷം ആക്റ്റീവ് യൂസേഴ്‌സ് ഉള്ള ഷെയര്‍ ചാറ്റില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍. ഗൂഗിളിന്റെ വരവോടെ നിലവിലെ നിക്ഷേപങ്ങള്‍ എല്ലാം ഗൂഗിളിന്റേതാകും. ഈ വര്‍ഷം ആദ്യം ആല്‍ഫബെറ്റ് ഇന്‍കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിള്‍ 10 ലക്ഷം കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 4.5 ലക്ഷം കോടി ഡോളര്‍ ജിയോ പ്ലാറ്റ്‌ഫോമ്‌സില്‍ ഇറക്കി 7.73 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതിന്റെ സിസിഐ അംഗീകാരം അടുത്തിടെ ലഭിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആറു മാസമായി ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമ്‌സില്‍ ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ നേടാന്‍ സാധിച്ചത് വലിയൊരു വിജയമാണെങ്കിലും ജൂലൈയില്‍ ലോഞ്ച് ചെയ്ത 'മോജ്' ആപ്പിന് 80 മില്യണ്‍ പ്രതിമാസ ആക്റ്റീവ് യൂസേഴ്‌സ് ഉണ്ട്. 130 മില്യണ്‍ പ്രതിമാസ ആക്റ്റീവ് യൂസേഴ്‌സ് ആണ് ഷെയര്‍ചാറ്റിനുള്ളത്. ഇതിനൊപ്പം ഫെയ്‌സ്ബുക്ക് റീല്‍സ്, ടൈംസ് ഇന്റര്‍നെറ്റിന്റെ എംഎക്‌സ് ടാകാടാക്, എംഎക്‌സ് പ്ലേയര്‍ എന്നിവരാണ് ഷെയര്‍ചാറ്റിന് നിലവിലുള്ള എതിരാളികള്‍. ഇവരോട് മത്സരിച്ച് മുന്നേറാന്‍ തന്നെയാണ് ഷെയര്‍ ചാറ്റ് ഒരുങ്ങുന്നത്.