ചോദിച്ചോളൂ, ഇനി മലയാളത്തിലും ഉത്തരം തരും; 40 ഭാഷകളില്‍ ബാര്‍ഡ്

9 ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 40-ലധികം ഭാഷകളില്‍ ലഭ്യമാണെന്നു കമ്പനി

Update:2023-07-13 18:44 IST

നല്ല അടിപൊളി ഹൈദ്രബാദി ചിക്കന്‍ ബിരിയാണി ഉണ്ടാക്കണോ? അല്ലെങ്കില്‍ ഹൈദ്രബാദിലോക്കോ ഡല്‍ഹിയിലേക്കോ ഒരു യാത്ര പോകാന്‍ എന്തെല്ലാമൊരുക്കങ്ങള്‍ വേണം? ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായായ ഗൂഗിള്‍ ബാര്‍ഡിനോട് ചോദിക്കൂ. നല്ല മണി മണി പോലെ മലയാളത്തില്‍ ഇനി ഉത്തരം തരും. അതെ ഗൂഗിള്‍ ബാര്‍ഡ് ഇനി മലയാളത്തിലും ഉത്തരം പറയും.

ഇനി ഏത് വിഷയത്തെ കുറിച്ചും മലയാളത്തില്‍ ലേഖനമെഴുതാനോ, കത്തെഴുതാനോ എല്ലാം ബാര്‍ഡ് ഉപയോഗിക്കാം.മലയാളം കൂടാതെ ബാര്‍ഡ് ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, കന്നഡ, മറാഠി, ഗുജറാത്തി, ഉറുദു എന്നീ 9 ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 40-ലധികം ഭാഷകളില്‍ ലഭ്യമാണെന്നു കമ്പനി അറിയിച്ചു.

സ്വരവും ശൈലിയും മാറ്റാം

ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ബാര്‍ഡിന്റെ പ്രതികരണങ്ങളുടെ സ്വരവും ശൈലിയും മാറ്റാന്‍ കഴിയുമെന്ന് ഗൂഗിള്‍ സീനിയര്‍ പ്രൊഡക്റ്റ് ഡയറക്ടര്‍ ജാക്ക് ക്രാവ്സിക് പറഞ്ഞു. ബാര്‍ഡിന്റെ മറുപടിയുടെ മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്കുചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ലളിതം, നീളമുള്ളത്, ഹ്രസ്വം, പ്രൊഫഷണല്‍, കാഷ്വല്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത പ്രതികരണ ഓപ്ഷനുകള്‍ കാണാനാകും.

ഇമേജ് പ്രോംപ്റ്റ് എത്തി

ബാര്‍ഡിന്റെ അപ്ഡേറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഇമേജ് പ്രോംപ്റ്റ് മനസ്സിലാക്കാനുള്ള കഴിവാണ്. സൗജന്യമായി ലഭ്യമായ ഈ സേവനം നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ലഭ്യം. ഉദാഹരണത്തിന് നിങ്ങള്‍ വീട്ടിലുള്ള ഭക്ഷണ ചേരുവകള്‍ അടങ്ങിയ ഒരു ചിത്രം അപ്ലോഡ് ചെയ്യുകയാണെങ്കില്‍, ചിത്രം വിശകലനം ചെയ്യാനും ചേരുവകളെ അടിസ്ഥാനമാക്കി പാചക നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവര്‍ക്ക് ബാര്‍ഡിനോട് ആവശ്യപ്പെടാം. ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ വിപുലീകരണമാണിത്.

മാത്രമല്ല ബ്രസീലിലും യൂറോപ്പിലും ഉള്‍പ്പെടെ 59 മേഖലകളിൽ ബാര്‍ഡ് ഇനി മുതല്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ഓപ്പണ്‍എഐ പുറത്തിറക്കിയ ചാറ്റ്ജിപിടി കുറഞ്ഞ സമയത്തിനിടെ ലോകമെമ്പാടും തരംഗമായതോടെയാണ് ബാര്‍ഡ് എന്ന ചാറ്റ് സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചത്.

Tags:    

Similar News