ആഭ്യന്തര സര്‍വീസില്‍ ഇന്‍ഡിഗോയുടെ കുത്തക; നിരക്ക് വര്‍ധന തോന്നിയ പോലെ

വിമാന നിരക്കില്‍ 53 ശതമാനം വര്‍ധന, ഭൂരിഭാഗം റൂട്ടുകളിലും മല്‍സരമില്ല

Update:2024-09-05 11:28 IST

IndiGo

ആഭ്യന്തര സെക്ടറില്‍ വിമാന കമ്പനികള്‍ക്കിടയില്‍ കിടമല്‍സരം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധന. സാമ്പത്തിക പ്രതിസന്ധി മൂലം മറ്റു കമ്പനികള്‍ പിന്‍മാറിയതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് ഇന്‍ഡിഗോ നടത്തുന്ന 838 സര്‍വീസുകള്‍ക്ക് മറ്റു കമ്പനികളില്‍ നിന്ന് മല്‍സരമില്ല. ഇതോടെ വലിയ തോതിലാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ നഗരങ്ങള്‍ക്കിടയില്‍ വിമാന നിരക്കില്‍ 53 ശതമാനം വര്‍ധനവുണ്ടായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പല സെക്ടറുകളിലും  എയര്‍ലൈനുകള്‍ക്കുള്ള കുത്തകയാണ്.

പകുതിയിലേറെ റൂട്ടുകളില്‍ മല്‍സരമില്ല

ആഭ്യന്തര റൂട്ടുകളില്‍ 69.2 ശതമാനത്തിലും മല്‍സരമില്ലെന്നാണ് പുതിയ കണക്കുകള്‍. കോവിഡിന് ശേഷമാണ് ഇത്തരം സ്ഥിതിവിശേഷം രൂപപ്പെട്ടത്. 2019 ല്‍ 55 ശതമാനം റൂട്ടുകളിലാണ് മല്‍സരങ്ങള്‍ ഇല്ലാതിരുന്നതെന്നും വ്യോമയാന ഗവേഷണ സ്ഥാപനമായ സിയിറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം 1,083 ആഭ്യന്തര റൂട്ടുകളില്‍ 30.8 ശതമാനത്തില്‍ മാത്രമാണ് ഒന്നില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോയും എയര്‍ഇന്ത്യയുമാണ് ഇപ്പോള്‍ ആഭ്യന്തര റൂട്ടുകളില്‍ പ്രധാനമായുള്ളത്. ആഭ്യന്തര യാത്രക്കാരില്‍ 90 ശതമാനവും ഈ വിമാനങ്ങളിലാണ് യാത്ര ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേയ്‌സും ഗോ ഫസ്റ്റും സര്‍വീസ് നിര്‍ത്തിയതും സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍ കുറച്ചതുമാണ് കിടമല്‍സരം കുറയാന്‍ പ്രധാന കാരണമായത്.

നിരക്കുകള്‍ കുതിച്ചുയരുന്നു

പല സെക്ടറുകളിലും ഒരു കമ്പനി മാത്രം സര്‍വീസ് നടത്തുന്ന സ്ഥിതി വന്നതോടെ വിമാന നിരക്കുകള്‍ കുത്തനെയാണ് ഉയര്‍ന്നത്. ഡല്‍ഹി-മുംബൈ റൂട്ടില്‍ ഈ വര്‍ഷം 34.6 ശതമാനമാണ് വര്‍ധന. 2019 ല്‍ 20.5 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്ന റൂട്ടാണിത്. ഡല്‍ഹി-ബംഗളുരു റൂട്ടില്‍ ഈ വര്‍ഷം നിരക്ക് 53.1 ശതമാനവും വര്‍ധിച്ചു. മല്‍സരം കുറഞ്ഞതോടെ വിമാന കമ്പനികള്‍ തന്ത്രങ്ങളിലും മാറ്റം വരുത്തി. നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് പകരം, ഒരു യാത്രക്കാരനില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കുകയെന്ന തന്ത്രമാണ് ഇപ്പോള്‍ കമ്പനികള്‍ പയറ്റുന്നത്.

Tags:    

Similar News