എടുക്കാം ബ്ലൂ കാര്‍ഡ്: ജീവിക്കാം ജര്‍മ്മനിയിലും നിയന്ത്രണങ്ങളില്ലാതെ

ഇ.യു ബ്ലൂ കാര്‍ഡ് സ്വന്തമാക്കിയാല്‍ യൂറോപ്പില്‍ പൗരത്വത്തിനും അപേക്ഷിക്കാനാകും

Update:2023-09-22 14:38 IST

Image courtesy: canva

മറ്റ് രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെത്തുന്നവര്‍ക്ക് സ്ഥിരമായി താമസിക്കാന്‍ അവസരം നല്‍കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇ.യുവിന്റെ ബ്ലൂകാര്‍ഡ് നേടുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ബ്ലൂ കാര്‍ഡ് പദ്ധതിയില്‍ ഇപ്പോഴിതാ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ജര്‍മ്മനിയും ഇടം നേടിയിരിക്കുന്നു.

ബ്ലൂ കാര്‍ഡ് ഉള്ളവര്‍ക്ക് ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പില്‍ (ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ് ഒഴികെ) എവിടെയും താമസിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്. ഈ വ്യക്തികള്‍ക്ക് യൂറോപ്പില്‍ പൗരത്വത്തിനും അപേക്ഷിക്കാനാകും.

ജര്‍മ്മനിയിലെ ബ്ലൂ കാര്‍ഡ് പ്രോഗ്രാം

ജര്‍മ്മന്‍ ഇ.യു ബ്ലൂ കാര്‍ഡ് EEA (European Economic Area) അല്ലെങ്കില്‍ EU (European union) ഇതര പൗരന്മാര്‍ക്ക് താമസം, ജോലി എന്നിവ അനുവദിക്കുന്ന പെര്‍മിറ്റാണ്. ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയില്‍ ഫലപ്രദമായ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് മാത്രമാണ് ജര്‍മ്മനി ഈ കാര്‍ഡ് അനുവദിക്കുന്നത്. വിദേശ പൗരന്മാരെ ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ജര്‍മ്മനിയില്‍ ബ്ലൂ കാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ചത്.

ബ്ലൂ കാര്‍ഡിന്റെ പ്രയോജനങ്ങള്‍

ജര്‍മ്മനിയില്‍ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അനിയന്ത്രിതമായ അവകാശം ഇ.യു ബ്ലൂ കാര്‍ഡ് നല്‍കുന്നു. അതായത് വിദ്യാര്‍ത്ഥി വീസയില്‍ വരുന്നവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറിന് കൂടുതല്‍ ജോലി ചെയ്യാനാകില്ല എന്ന നിയന്ത്രണമുണ്ട്. ഇത്തരത്തിലുള്ള ഒരു നിയന്ത്രണവും ഇ.യു ബ്ലൂ കാര്‍ഡുള്ളവര്‍ക്ക് ഉണ്ടാകില്ല. ഈ കാര്‍ഡ് ഉടമയുടെ പങ്കാളിക്ക് ഇതേ തൊഴില്‍ അവകാശങ്ങള്‍ ഉണ്ടായിരിക്കും.

വീസയില്ലാതെ 27 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന ഷെംഗന്‍ ഏരിയയ്ക്കുള്ളില്‍ സ്വതന്ത്ര സഞ്ചാരം നടത്താനും ഇ.യു ബ്ലൂ കാര്‍ഡ് അനുവദിക്കും. ഈ ആനുകൂല്യങ്ങളെല്ലാം കുടുംബാഗംങ്ങള്‍ക്കും ലഭ്യമാണ്. ഇ.യു ബ്ലൂ കാര്‍ഡ് സ്വന്തമാക്കുന്നതോടെ സാമൂഹികവും സാമ്പത്തികവുമായ ആനുകൂല്യങ്ങളും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ലഭിക്കും. ഇത് യൂറോപ്യന്‍ യൂണിയനില്‍ സ്ഥിരതാമസത്തിനുള്ള വഴിയുമൊരുക്കും.

അപേക്ഷിക്കാം ഈ വ്യവസ്ഥകളില്‍

യൂറോപ്പ് വീസയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിക്ക് അയാളുടെ തൊഴില്‍ മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഒരു തൊഴില്‍ കരാര്‍ കൈവശം വച്ചിരിക്കണം അല്ലെങ്കില്‍ ജര്‍മ്മനി ആസ്ഥാനമായുള്ള ഒരു തൊഴിലുടമയില്‍ നിന്ന് ജോലി വാഗ്ദാനം ഉണ്ടായിരിക്കണം. ലഭിക്കുന്ന ജോലി വാഗ്ദാനം അപേക്ഷിക്കുന്ന വ്യക്തിയുടെ യോഗ്യതകളുമായും പ്രവൃത്തി പരിചയവുമായും ബന്ധപ്പെട്ടിരിക്കണം. കുറഞ്ഞത് 58,400 പൗണ്ട് (59 ലക്ഷം രൂപ) മൊത്ത വാര്‍ഷിക ശമ്പളം ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദമോ തത്തുല്യമായ വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം. മാത്രമല്ല ബിരുദം ജര്‍മ്മനിയില്‍ അംഗീകരിക്കപ്പെട്ടിരിക്കണം.

അപേക്ഷിക്കുമ്പോള്‍ വേണം ഈ രേഖകള്‍

സാധുതയുള്ള പാസ്‌പോര്‍ട്ട്, കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, വിദ്യാഭ്യാസ, പ്രൊഫഷണല്‍ പശ്ചാത്തലം വിവരിക്കുന്ന വ്യക്തിഗതമാക്കിയ സി.വി, മുന്‍ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ജോലിയിലെ പ്രവൃത്തി പരിചയത്തിന്റെ തെളിവ്, ജര്‍മ്മനിയിലെ തൊഴിലുടമയില്‍ നിന്നുള്ള തൊഴില്‍ കരാര്‍, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രേഖകള്‍, വീസ ഫീസ് റസീറ്റ് തുടങ്ങിയ രേഖകള്‍ ഇ.യു ബ്ലൂ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം.


Tags:    

Similar News