ആഗോള കുടിയേറ്റത്തില്‍ മുന്നില്‍ ഈ രാജ്യങ്ങള്‍; ഒന്നാമത് അമേരിക്ക തന്നെ
പട്ടികയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇ മാത്രം, നഗരങ്ങളില്‍ ദുബൈ അഞ്ചാമത്
വിദേശ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുമ്പോഴും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല. ആഗോള ഡാറ്റാബേസ് കമ്പനിയായ നംബിയോയുടെ പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അധികം കുടിയേറ്റം നടക്കുന്നത് അമേരിക്കയിലേക്കാണ്. വിവിധ രാജ്യങ്ങളിലുള്ള കുടിയേറ്റ ജനതയുടെ 5.31 ശതമാനം അമേരിക്കയിലാണ്. യു.കെ, കാനഡ, സ്‌പെയിന്‍, ജര്‍മനി, ഇറ്റലി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇ മാത്രമാണുള്ളത്. ഏഴാം സ്ഥാനത്താണ് യു.എ.ഇ. ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, നെതല്‍ലാന്റ്‌സ് എന്നീ രാജ്യങ്ങളാണ് ആദ്യത്തെ പത്തെണ്ണത്തില്‍ ഉള്‍പ്പെടുന്നത്.
നഗരങ്ങളില്‍ ദുബൈ അഞ്ചാം സ്ഥാനത്ത്
കുടിയേറ്റത്തിനും നിക്ഷേപത്തിനുമായി തെരഞ്ഞെടുക്കപ്പെടുന്ന ലോക നഗരങ്ങളില്‍ ദുബൈക്ക് അഞ്ചാം സ്ഥാനമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡ, ഈജിപ്ത്, ഇന്ത്യ, ജോര്‍ദാന്‍, ഖസാക്കിസ്ഥാന്‍, കെനിയ, കുവൈത്ത്, മലേഷ്യ, നേപ്പാള്‍, ഒമാന്‍,. പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടുണീഷ്യ, യു.കെ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് കുടിയേറ്റം നടക്കുന്നുണ്ട്. ദുബൈ ഗോള്‍ഡന്‍ വിസ വ്യാപകമാക്കിയത് ഇക്കാര്യത്തില്‍ നിര്‍ണായകമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, യു.എ.ഇ പൗരന്‍മാര്‍ കൂടുതലായി കുടിയേറാന്‍ താല്‍പര്യപ്പെടുന്നത് യു.എസ്, യു.കെ, ഓസ്‌ട്രേലിയ, ജര്‍മനി, തുര്‍ക്കി, സിംഗപ്പൂര്‍, സ്‌പെയിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണെന്നും നംബിയോ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
3.6 ശതമാനം കുടിയേറ്റക്കാര്‍
ലോക ജനസംഖ്യയുടെ 3.6 ശതമാനം പേര്‍ കുടിയേറ്റക്കാരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ആഗോള കുടിയേറ്റ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ രാജ്യങ്ങളിലുള്ള 29 കോടി കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും തൊഴില്‍ ആവശ്യങ്ങള്‍ക്കായി കുടിയേറിയവരാണ്. ഇവരുടെ എണ്ണം 17 കോടി വരും. 28 ലക്ഷം പേര്‍ കുട്ടികളാണ്. കുടിയേറ്റക്കാരില്‍ 14.6 കോടി പുരുഷന്‍മാരും 13.5 കോടി സ്ത്രീകളുമാണ്. വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന കുടിയേറ്റക്കാരുടെ എണ്ണം 11.7 കോടിയാണ്.