പ്രധാനമന്ത്രിയെ കാണാന്‍ ഇലോണ്‍ മസ്‌ക് ഇന്ത്യയിലേക്ക്; വരും ടെസ്‌ലയുടെ വന്‍ നിക്ഷേപം?
തിരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള മസ്‌കിന്റെ സന്ദര്‍ശനം മോദി സര്‍ക്കാരിന് പിന്തുണ വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രമുഖ അമേരിക്കന്‍ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ ഉടമ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ ടെസ്‌ലയുടെ വാഹന നിര്‍മാണശാല തുറക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്വിറ്ററിലൂടെയുള്ള (X) ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. ഏപ്രില്‍ 22ന് ഡല്‍ഹിയിലായിരിക്കും കൂടികാഴ്ചയെന്ന് സൂചനയുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ ടെസ്‌ല നടപ്പാക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനം കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയേക്കും.
തിരഞ്ഞെടുപ്പില്‍ പിന്തുണയേറാന്‍ സാധ്യത
ഏപ്രില്‍ 19 മുതല്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന സമയത്താണ് ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഇത്തരം വിദേശ കമ്പനികള്‍ ഈ അവസരത്തില്‍ എത്തുന്നത് മോദിയുടെ ബിസിനസ് സൗഹൃദ സമീപനത്തെ അടിവരയിടുകയും തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Read also: അംബാനിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയിലെത്താന്‍ ടെസ്‌ല; ചര്‍ച്ച ടോപ് ഗിയറില്‍
നിലവില്‍ പദ്ധതികളേറെ
ഇന്ത്യ വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ മുന്നോട്ട് വച്ച പുത്തന്‍ നയം ടെസ്‌ല ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സഹായിക്കുന്നതാണ്. നിലവില്‍ രാജ്യത്ത് നിര്‍മാണ കേന്ദ്രം തുടങ്ങാന്‍ പ്രാദേശിക പങ്കാളികളുമായി കരാറിലേര്‍പ്പെടാന്‍ ശ്രമിക്കുകയാണ് ടെസ്‌ല. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ടെസ്‌ല ജര്‍മനിയിലെ പ്ലാന്റില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകളുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സൂചന.
വഴിതെളിഞ്ഞത് ഇങ്ങനെ
ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര സര്‍ക്കാരുമായി ടെസ്‌ല ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം അത് നടന്നില്ല. എന്നാല്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ വൈദ്യുത വാഹന നയം കൊണ്ടുവന്നതോടെ ടെസ്‌ലയ്ക്ക് ഇന്ത്യയിലെത്താന്‍ വഴിതെളിയുകയായിരുന്നു.
പുത്തന്‍ വൈദ്യുത വാഹന നയ പ്രകാരം കുറഞ്ഞത് 500 മില്യണ്‍ ഡോളറെങ്കിലും രാജ്യത്ത് നിക്ഷേപിക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചിത എണ്ണം വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി നികുതി നിരക്ക് കേന്ദ്രം കുറയ്ക്കും. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇ.വികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കും.