മൗറീഷ്യസില്‍ നിന്ന്‌ രഹസ്യ 'വിദേശ' നിക്ഷേപം; അദാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം നഷ്ടത്തില്‍; ആരോപണങ്ങള്‍ മോദിക്കും തലവേദനയാകും

Update: 2023-08-31 05:50 GMT

Image : Canva

ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങളില്‍പ്പെട്ട് കനത്ത സാമ്പത്തികാഘാതവും അന്വേഷണങ്ങളും കോടതി നടപടികളും നേരിടുന്ന അദാനി ഗ്രൂപ്പിന് ഇരുട്ടടിയായി പുത്തന്‍ പ്രതിസന്ധി. ലോകമാകെയുള്ള അന്വേഷണ പത്രപ്രവര്‍ത്തകരുടെ (Investigative journalists) കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റാണ് (OCCRP) ഇക്കുറി അതീവ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മോദി വിരുദ്ധനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജോര്‍ജ് സോറോസിന്റെ പിന്തുണയുള്ള കൂട്ടായ്മയാണ് ഒ.സി.സി.ആര്‍.പി.

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് മേധാവിയുമായ ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് (Shell) കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആര്‍.പിയുടെ ആരോപണം.
മൗറീഷ്യസില്‍ ഉള്‍പ്പെടെ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്നതും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട്-സെല്ലര്‍ കമ്പനിയായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.
തുടര്‍ന്ന്, അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. ഏകദേശം 15,000 കോടി ഡോളറോളം അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്ന് കൊഴിഞ്ഞു. പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ സെബിയുടെ (SEBI) അന്വേഷണവുമുണ്ടായി. ഇതിന്മേലുള്ള നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കുകയുമാണ്.

ഓഹരികള്‍ വിറ്റഴിച്ചും കടബാദ്ധ്യതകള്‍ മുന്‍കൂറായി വീട്ടിയും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയില്‍ നിന്ന് നിക്ഷേപം നേടിയും നഷ്ടം കുറയ്ക്കാനും നിക്ഷേപക വിശ്വാസം തിരികെപ്പിടിക്കാനും അദാനി ഗ്രൂപ്പ് ശ്രമം നടത്തുകയാണ്. എങ്കിലും, ഇപ്പോഴും 10,000 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തലുകള്‍.

ആരോപണവും മറുപടിയും
അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ളതും അദാനി ഗ്രൂപ്പ് കമ്പനികളിലെ മുൻ ഡയറക്ടറർമാരുമായ നാസര്‍ അലി ഷെബാന്‍ ആഹ്‌ലി, ചാങ് ചങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് ഓഹരികളില്‍ 2013-18 കാലയളവില്‍ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആര്‍.പിയുടെ ആരോപണം.
ചാങ്ങിന്റെ ലിംഗോ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ആഹ്‌ലിയുടെ ഗള്‍ഫ് അരിജ് ട്രേഡിംഗ്‌ എഫ്.ഇസഡ്.ഇ (യു.എ.ഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒ.സി.സി.ആര്‍.പി പറയുന്നു.
എന്നാല്‍, ഈ ആരോപണം നേരത്തേ ഹിന്‍ബെന്‍ബെര്‍ഗ് ഉന്നയിച്ചത് തന്നെയാണെന്നും അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളും നിയമം പാലിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. ആഹ്‌ലിയെയും ചാങ്ങിനെയും അദാനി ഗ്രൂപ്പിന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളികളെന്നാണ് റിപ്പോര്‍ട്ടില്‍ ഒ.സി.സി.ആര്‍.പി വിദേശിപ്പിക്കുന്നത്.
ഇവര്‍ അദാനി കുടുംബത്തിലെ തന്നെ ഒരാളുടെ നിര്‍ദേശപ്രകാരമാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ തനിക്ക് രഹസ്യനിക്ഷേപമുള്ളതായി അറിയില്ലെന്നും പത്രപ്രവര്‍ത്തകര്‍ തന്റെ മറ്റ് നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കാത്തത് കൗതുകകരമാണെന്നും 'ദ ഗാര്‍ഡിയന്‍' പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ ആഹ്‌ലി പറഞ്ഞു. മൗറീഷ്യസ് കമ്പനികള്‍ വഴിയുള്ള രഹസ്യ നിക്ഷേപ ഇടപാടുകളില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്കും പങ്കുണ്ടെന്നും ഒ.സി.സി.ആര്‍.പി ആരോപിക്കുന്നു.
രണ്ട് മൗറീഷ്യസ് നിക്ഷേപക സ്ഥാപനങ്ങള്‍ വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ രഹസ്യ വിദേശ നിക്ഷേപം നടന്നത്. ഈ രണ്ട് കമ്പനികളെയും നിയന്ത്രിക്കുന്നത് വിനോദ് അദാനിയുടെ ഒരു ജീവനക്കാരന്‍ വഴി ദുബൈയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സെബിയുടെ ചട്ടവും ലംഘിച്ചു
ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളില്‍ പ്രമോട്ടര്‍മാര്‍ക്ക് പരമാവധി 75 ശതമാനം ഓഹരികളേ കൈവശം വയ്ക്കാനാകൂ. സെബിയുടെ ഈ ചട്ടം അദാനി ഗ്രൂപ്പ് ലംഘിച്ചുവെന്നും ഒ.സി.സി.ആര്‍.പി ആരോപിക്കുന്നു. ചാങ് ചങ്-ലിങ്ങിന് എട്ട് ശതമാനവും നാസര്‍ അലി ഷെബാന്‍ ആഹ്‌ലിക്ക് 13.5 ശതമാനവും ഓഹരി പങ്കാളിത്തം അദാനി ഗ്രൂപ്പ് കമ്പനികളിലുണ്ട്. ഈ പങ്കാളിത്തം വിനോദ് അദാനിയുടേതെന്ന് കണക്കാക്കിയാല്‍ അദാനി ഗ്രൂപ്പില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനം കവിയുമെന്നും ഇത് ചട്ടലംഘനമാണെന്നും ഒ.സി.സി.ആര്‍.പി ചൂണ്ടിക്കാട്ടുന്നു.
ഓഹരികളില്‍ കനത്ത ഇടിവ്
ഹിന്‍ഡെന്‍ബെര്‍ഗ് തൊടുത്തുവിട്ട ആരോപണ ശരങ്ങളില്‍ നിന്ന് മുക്തമാകാന്‍ പെടാപ്പാട് പെടുന്നതിനിടെയാണ് അദാനി ഗ്രൂപ്പിന് അടുത്ത തലവേദനയായി ഒ.സി.സി.ആര്‍.പിയുടെ റിപ്പോര്‍ട്ടെത്തിയത്.
വിദേശ നിക്ഷേപകരും ഇന്ത്യന്‍ കമ്പനികളും അദാനി ഗ്രൂപ്പില്‍ 'ഷോര്‍ട്ട്-സെല്ലിംഗ്' നടത്തി വന്‍ ലാഭമുണ്ടാക്കിയെന്ന ആരോപണത്തിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണവും നടക്കുകയാണ്. ഒരു ഇന്ത്യന്‍ സ്വകാര്യ ബാങ്കടക്കം 12 കമ്പനികള്‍ നേട്ടമുണ്ടാക്കിയെന്ന് ഇ.ഡി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഈ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് സമ്മര്‍ദ്ദം നേരിടുമെന്ന് ഉറപ്പായിരിക്കേയാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി ഒ.സി.സി.ആര്‍.പി റിപ്പോര്‍ട്ടും പുറത്തുവന്നത്. ഇന്ന് രാവിലത്തെ വ്യാപാര സെഷന്‍ നോക്കിയാല്‍ അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇടിവിലാണ്.
അദാനി പവര്‍ (4.45 ശതമാനം), അദാനി ഗ്രീന്‍ എനര്‍ജി (4.31 ശതമാനം), അദാനി എന്റര്‍പ്രൈസസ് (3.42 ശതമാനം), അംബുജ സിമന്റ് (3.23 ശതമാനം), അദാനി ട്രാന്‍സ്മിഷന്‍ (3.45 ശതമാനം), അദാനി പോര്‍ട്‌സ് (2.89 ശതമാനം), എന്‍.ഡി.ടിവി (2.40 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (2.42 ശതമാനം) എന്നിവയാണ് കൂടുതല്‍ നഷ്ടത്തിലുള്ളത്.

മോദി സര്‍ക്കാരിന് വന്‍ ക്ഷീണമായേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള വ്യവസായിയായാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ പ്രതിപക്ഷം അടക്കം കാണുന്നത്. അദാനിയുടെ വളര്‍ച്ചയ്ക്ക് മുഖ്യപങ്ക് വഹിച്ചത് മോദിയുടെ ഇടപെടലുകളും പിന്തുണയുമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെയുള്ള ഈ ആരോപണങ്ങള്‍ മോദി സര്‍ക്കാരിന് വന്‍ ക്ഷീണമായേക്കും.

Tags:    

Similar News