പ്രേരണ; അധ്യായം-07

ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന വായനക്കാരെ ത്രസിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ബിസിനസ് നോവല്‍ 'പ്രേരണ'വായിക്കാം.

Update:2021-08-14 08:30 IST

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ വൈ. എം.സി.എ യില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് ലഭിക്കുന്നു. അത് നല്‍കിയ ആള്‍ വീണ്ടും വരുമെന്ന റിസപ്ഷനിസ്റ്റിന്റ വാക്കില്‍ കാത്തിരുന്നെങ്കിലും അയാളെ കാണാനാവാതെ മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാനത്തില്‍ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു.

തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. കമ്പനിയില്‍ പേര്‍സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളില്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു, മുംബെയിലെ ലക്ഷയര്‍ ഡയമണ്ട് എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന തന്നെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍!. ലക്ഷയര്‍ എക്സ്പോര്‍ട്ടിങ് കമ്പനിയുടെ അധിക പ്രവര്‍ത്തന മൂലധനത്തിനായി ജീവന്‍ ബാങ്കിനെ സമീപിക്കുന്നു...
(തുടര്‍ന്ന് വായിക്കുക)
അധ്യായം -4
ഓഹരി പരമ്പരാഗതമായി കച്ചവടം കുലത്തൊഴിലാക്കിയ രാജസ്ഥാനില്‍നിന്നുള്ള വിഭാഗമാണ് മാര്‍വാഡി എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ എല്ലാ പ്രധാന പട്ടണങ്ങളിലും മാര്‍വാഡികളുടെ മൊത്തവില വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടാവും. രാജ്യത്ത് ലഭ്യമായ ഏതാണ്ട് എല്ലാ സാധനങ്ങളും ഏറ്റം കുറഞ്ഞ വിലയില്‍ ഇവര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതിനാല്‍ കച്ചവടം പൊടിപൊടിക്കും.
തമിഴനും മലയാളിക്കും എന്തിനേറെ, ഒരു ദക്ഷിണേന്ത്യക്കാരനും അവകാശപ്പെടാനാവാത്ത ഒരൊറ്റ ഗുണമാണ് ഇവരെ ഇതിന് പ്രാപ്തരാക്കുന്നത്. ചില്ലറ വ്യാപാരശാലകള്‍ തുടങ്ങാനും നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാനും കഴിവുള്ള മലയാളികള്‍ ധാരാളമുണ്ട്. മോശമല്ലാത്ത രീതിയില്‍ ജീവിക്കാനുതകുന്ന വരുമാനം എന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നുമില്ലാത്ത ശരാശരി മലയാളി അതുകൊണ്ടുതന്നെ വലിയ റിസ്‌ക് എടുക്കാന്‍ മുതിരില്ല.
സ്വന്തം വീടു വിറ്റുപോലും വലിയ സംഭരണശാലകളില്‍ വലിയ തോതില്‍ ചരക്ക് സംഭരിച്ചുകളയും മാര്‍വാഡി. ഉയര്‍ന്ന തോതിലുള്ള വാങ്ങലിലൂടെ ലഭിക്കുന്ന മെച്ചമാണ് മികച്ച വിലയില്‍ സാധനം വില്‍ക്കാന്‍ മാര്‍വാഡിയെ പ്രാപ്തനാക്കുന്നത്.
കിടപ്പാടം പോലും വിറ്റ് കൈയിലുള്ള പണം മുഴുവന്‍ ചരക്ക് വാങ്ങിക്കാന്‍ മാര്‍വാഡി കാണിക്കുന്ന ചങ്കൂറ്റം ഒന്നു മാത്രമാണ് ബിസിനസ് ലോകത്ത് അവനെ അഗ്രഗണ്യനാക്കുന്നത്. 'ഉയര്‍ന്ന റിസ്‌ക്- ഉയര്‍ന്ന വരുമാനം' ഇതു മാത്രമാണ് മാര്‍വാഡിയുടെ ബിസിനസ് മന്ത്രം.
മാര്‍വാഡി കുടുംബങ്ങളില്‍ കുട്ടികള്‍ ശൈശവം മുതല്‍ കേട്ടു വളരുന്നത് ബിസിനസാണ്. കുട്ടിയായിരിക്കുമ്പോള്‍ പോലും മാര്‍വാഡി ചിന്തിക്കുന്നത് ബിസിനസുകാരന്‍ എന്ന നിലയിലായിരിക്കും.
ഇന്ത്യന്‍ വാണിജ്യ സിരാകേന്ദ്രമായ മുംബൈയിലേക്ക് എത്രയോ മാര്‍വാഡികള്‍ കുടിയേറി. ലക്ഷയര്‍ ഇംപെക്‌സ് എന്ന ഡയമണ്ട് എക്്‌സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടറുടെ പിതാവാണ് പ്രസ്ഥാനം തുടങ്ങിവച്ചത്.
ചെറിയ രീതിയില്‍ തുടങ്ങിയ പ്രസ്ഥാനം മാര്‍വാഡിയുടെ കച്ചവട സാമര്‍ഥ്യംകൊണ്ട് വളര്‍ന്ന് കോടികളുടെ വിറ്റുവരവുള്ള കമ്പനിയായി മാറി. എല്ലാ വര്‍ഷവും വിറ്റുവരവില്‍ വര്‍ധനവ് രേഖപ്പെടുത്തിവന്നിരുന്ന കമ്പനി കഴിഞ്ഞ വര്‍ഷം വിറ്റുവരവില്‍ ഇടിവ് രേഖപ്പെടുത്തി. ഭാര്യയുടെ അസുഖംമൂലം കുറച്ച് മാസങ്ങള്‍ ബിസിനസില്‍ കാര്യമായി ശ്രദ്ധിക്കാനായില്ല മാര്‍വാഡിക്ക്. അതിന്റെ ക്ഷീണം ബിസിനസിലും.
ക്ഷിപ്ര കോപിയാണ് മാര്‍വാഡി. തങ്ങളുടെ ന്യായമായ ആവശ്യം ബാങ്കുകാര്‍ നിരസിച്ചെന്നറിഞ്ഞാലുണ്ടാവാന്‍ പോകുന്ന പ്രതികരണം എന്താകുമെന്നറിയില്ല. പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു പ്രതികരണം. ഈ സാമ്പത്തിക വര്‍ഷാവസാനം മറ്റൊരു ബാങ്കിനെ സമീപിക്കുക ബുദ്ധിമുട്ടാണ്.
മാനേജര്‍ പറഞ്ഞതുപോലെ കൈവശമുള്ള ഓഹരികള്‍ക്ക് എത്രമാത്രം ലോണ്‍ തരപ്പെടുത്താനാകും എന്നു നോക്കാം. ഇടപാടുകള്‍ നടത്തുന്ന സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ ഒരു ഉദ്യോഗസ്ഥനെ ഓഫീസിലേക്കു പറഞ്ഞു വിടാം എന്ന് മാത്രം മാര്‍വാഡി പറഞ്ഞു.
ലക്ഷയര്‍ ഇംപെക്‌സിന്റെ ഓഫീസില്‍, മാര്‍വാഡിയുടെ ഓഹരികളുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എത്തിയത് സുധീര്‍ ബാലകൃഷ്ണന്‍ ആയിരുന്നു. കമ്പനിയുടെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ മലയാളി ആണ് എന്നറിഞ്ഞപ്പോള്‍ സുധീര്‍ കൂടുതല്‍ അടുപ്പം കാണിച്ചു.
കോഴിക്കോട് ചാലപ്പുറത്തുനിന്ന് തൊണ്ണൂറുകളുടെ മധ്യേ മുംബൈയിലേക്കു കുടിയേറിയ സുധീര്‍. ഇരുനിറവും, ആരെയും ആകര്‍ഷിക്കുന്ന ആകാരവും. സുധീറിന്റെ സംസാരത്തിലെ വശ്യത ആരെയും പെട്ടെന്ന് സൗഹൃദത്തിലാക്കാനുള്ള ഒരു പ്രത്യേക കഴിവ് അയാളിലുണ്ടെന്ന് തോന്നിപ്പിച്ചു.
ബിസിനസിന് അപ്പുറം വ്യക്തിപരമായൊരു അടുപ്പത്തോടെയായിരുന്നു സംസാരം. മാര്‍വാഡിയുടെയും അദ്ദേഹത്തിന്റെ പിതാവ്, മാതാവ്, ഭാര്യ, അനുജന്‍ എന്നിവരുടെയും പേരില്‍ ഏതാണ്ട് രണ്ടര കോടിയില്‍ അധികം മൂല്യം വരുന്ന ഓഹരികള്‍ ഉണ്ടെന്നു സുധീറില്‍ നിന്നറിഞ്ഞു.
ഓരോരുത്തര്‍ക്കും ഇരുപത് ലക്ഷം രൂപ വച്ച് അഞ്ച് പേര്‍ക്ക് ഒരുകോടി രൂപയുടെ ലോണാണ് ബാങ്ക് നല്‍കിയതു. ഈട് ഓരോരുത്തരുടെയും പേരിലുള്ള ഓഹരികള്‍. കാര്യങ്ങള്‍ കൃത്യമായി നടന്നു. കമ്പനിയുടെ ആവശ്യത്തിന് ആവശ്യനേരത്ത് പണം. രണ്ടര മാസമേ ആ ലോണ്‍ തിരിച്ചടയ്ക്കാന്‍ വേണ്ടി വന്നുള്ളൂ. ആദ്യം ലഭിച്ച രണ്ട് എക്‌സ്‌പോര്‍ട്ട് ബില്ലുകള്‍ ആ ലോണ്‍ തീര്‍ക്കാന്‍ പര്യാപ്തമായിരുന്നു.
രണ്ടു ഗുണങ്ങള്‍ ഈ ഇടപാടില്‍നിന്നു കിട്ടി. ഒരു നിക്ഷേപമാര്‍ഗമെന്ന നിലയില്‍ മലയാളി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഓഹരിയെക്കുറിച്ച് ഒരു ധാരണയുണ്ടായി. ഒപ്പം സുധീറുമായി സൗഹൃദവും. ഈയൊരു ഇടപാട് നടന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ജെ.എസ്.മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്നൊരു സ്ഥാപനമോ ജീവന്‍ ജോര്‍ജ് എന്നൊരു ബിസിനസുകാരനോ ഉണ്ടാവില്ലായിരുന്നു.
അധ്യായം -5
മരണച്ചിട്ടി
സാമ്പത്തിക ബാധ്യത വന്നുതുടങ്ങിയ നാളുകളിലാണ് പണ്ടെന്നോ തുടങ്ങിയ ഒരു ഇന്‍ഷുറന്‍സ് പോളിസി സറണ്ടര്‍ ചെയ്യുന്നതിനെക്കുറിച്ച് അപ്പന്‍ ചിന്തിച്ചത്. ഏതോ ഏജന്റിന്റെ നിര്‍ബന്ധപ്രകാരം തുടങ്ങിയ പോളിസി ആവശ്യനേരത്ത് ഉതകിയല്ലോ എന്ന ആശ്വാസം. പക്ഷേ, പോളിസി സറണ്ടര്‍ ചെയ്താല്‍ കിട്ടുന്ന തുക കേട്ട് അപ്പന്‍ ഞെട്ടി. തീര്‍ത്തും തുച്ഛമായ തുക.
പണത്തിന് അത്രയ്ക്ക് ആവശ്യമുണ്ടായിരുന്നു. അത്രയും നഷ്ടമുണ്ടായിട്ടും അപ്പന്‍ ആ പോളിസി സറണ്ടര്‍ ചെയ്തു. ഇന്‍ഷുറന്‍സ് പോളിസിയെ റിസ്‌ക് കവര്‍ ചെയ്യാനുള്ള കവചം എന്നതിനേക്കാളുപരി ഒരു നിക്ഷേപ മാര്‍ഗമായി കാണുന്നവര്‍ക്ക് പിണയുന്ന അബദ്ധമായിരുന്നു അതെന്ന് മനസിലായത് പിന്നീടാണ്.
പണത്തിന് ആവശ്യം വന്നപ്പോള്‍ മാര്‍വാഡിക്ക് പൊടുന്നനെ അതിന് കഴിഞ്ഞത് അയാളുടെ കൈവശം ഉണ്ടായിരുന്ന മികച്ച ഓഹരികള്‍ ഒന്നുകൊണ്ടു മാത്രമാണ്. അയാള്‍ വാങ്ങിയതില്‍നിന്നും അഞ്ഞൂറും എണ്ണൂറും ശതമാനം വളര്‍ച്ച കൈവരിച്ച ഓഹരികള്‍ കാട്ടിത്തന്നിരുന്നു സുധീര്‍.
ഒപ്പം ഒന്നുകൂടി സുധീര്‍ പറഞ്ഞു.
''നമ്മുടെ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ പലതും പണപ്പെരുപ്പവുമായി പിടിച്ചുനില്‍ക്കാന്‍ കെല്പില്ലാത്തവയാണ്. മികച്ച ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്കു കഴിയുമെങ്കില്‍, ഒരു ദീര്‍ഘകാല നിക്ഷേപമെന്ന രീതിയില്‍ ഈ നിക്ഷേപമാര്‍ഗത്തെ കാണാന്‍ കഴിഞ്ഞാല്‍ ഇത്രയും വരുമാനം നല്കാന്‍ കഴിയുന്നൊരു നിക്ഷേപ മാര്‍ഗമില്ല.
പഴയ തലമുറയില്‍പ്പെട്ട നമ്മുടെ ആള്‍ക്കാര്‍ക്ക് മാറി ചിന്തിക്കുക ബുദ്ധിമുട്ടാണ്. പെണ്‍മക്കളുണ്ടെങ്കില്‍ കല്യാണാവശ്യത്തിലേക്കെന്നും പറഞ്ഞ് കുറച്ചു സ്വര്‍ണം, ബാങ്ക് നിക്ഷേപം, അയല്‍ക്കാരനോ ബന്ധുവോ ആയ ഇന്‍ഷുറന്‍സ് ഏജന്റിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒന്നോ രണ്ടോ പോളിസി ഇവകൊണ്ടൊക്കെ ഒരു ശരാശരി മലയാളിയുടെ നിക്ഷേപം തീര്‍ന്നു.
സമീപകാലത്ത് പുതുതലമുറയില്‍പ്പെട്ടവരില്‍ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. വളരെ ചെറുപ്പകാലത്തുതന്നെ ലഭ്യമായ ഉയര്‍ന്ന ശമ്പളം, ഇന്റര്‍നെറ്റിലൂടെയും മറ്റും ലഭ്യമായ വിവരങ്ങള്‍, ഈ നിക്ഷേപരംഗത്തുനിന്നു മാത്രം ലഭിക്കുന്ന ത്രില്‍ - പുതുതലമുറ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
സമ്പദ്ഘടനയുടെ പ്രകടനം മികച്ചതാവുമ്പോള്‍ കമ്പനികളും അവയുടെ ഓഹരികളും മിന്നുന്ന പ്രകടനമാവും കാഴ്ച വയ്ക്കുക. തീര്‍ച്ചയായും ഈ രംഗത്തേക്ക് പുതു തലമുറ വന്‍ തോതില്‍ കടന്നുവരും. കൈയില്‍ പണം ഉണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചേനെ'. സുധീറിന്റെ വാക്കുകള്‍ ഉള്ളില്‍ തറച്ചിരുന്നു.
ചരക്ക് ഇറക്കി വില്‍ക്കുന്നതിലൂടെയല്ല, നേരിട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യാതെയുള്ള ബ്രോക്കിംഗ് ഇടപാടിലൂടെയായിരുന്നു സ്ഥാപനത്തിന് പ്രധാന വരുമാനം ഉണ്ടായിരുന്നത് - അരി മൊത്ത വ്യാപാര സ്ഥാപനമായിരുന്ന ഔസേഫ് ആന്‍ഡ് സണ്‍സിന്റെ ഈ വരുമാനത്തെക്കുറിച്ച് അപ്പന്‍ എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഇടപാടുകള്‍ നടത്താന്‍ ഇടനിലക്കാരന്റെ ആവശ്യം ഇല്ലാതായി വരുന്നകാര്യം ഔസേഫ് ആന്‍ഡ് സണ്‍സിന് അറിയാന്‍ കഴിയാതെ പോയി. ബിസിനസ് പൊളിഞ്ഞ് മനസ് മടുത്തപ്പോഴും അപ്പന്‍ പറയുമായിരുന്നു -
''ഇടനിലക്കാരന് സ്ഥാനമുള്ള എത്രയോ ഉത്പന്നങ്ങള്‍ ഇപ്പോഴും മാര്‍ക്കറ്റിലുണ്ട്. അവ കണ്ടെത്തി ഒരു ബിസിനസ് തുടങ്ങാനായാല്‍. ഇനി എനിക്കതിനുള്ള സമയം ഉണ്ടെന്നു തോന്നുന്നില്ല.''പറഞ്ഞത് സത്യമായി. അപ്പന് അധിക സമയം കിട്ടിയില്ല. പക്ഷേ അതിനു സമയമുള്ള നിനക്ക് അതിനാവണം എന്നൊരു ധ്വനി ആ വാക്കുകളിലുണ്ടെന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.
എന്നിട്ടും ഒന്നും ചെയ്യാനാവാതെ ഒരു ജോലിക്കാരനായി മാത്രം വര്‍ഷങ്ങള്‍ തള്ളിനീക്കി. ഓഹരിയെക്കുറിച്ചോ ഇതിന്റെ ഉള്ളുകളികളെക്കുറിച്ചോ യാതൊന്നുമറിയില്ല. എന്നിരുന്നാലും എന്തുകൊണ്ടോ ഇതു തന്നെയാണ് താന്‍ കാത്തിരുന്ന അവസരം എന്ന് മനസ് മന്ത്രിക്കുന്നു. ഒന്നോ രണ്ടോ തവണ മാത്രം നേരില്‍ കാണുകയും, അത്രതന്നെ തവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്ത സുധീറിനെ അന്ന് വൈകിട്ട് കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.
അധ്യായം -6
മഹേഷ് ലഞ്ച് ഹോം
മനസില്‍ ഒരു കാര്യം ഉറപ്പിച്ചാല്‍ അത് നേടിയെടുക്കുംവരെ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാന്‍ മടിയില്ലാത്ത പ്രകൃതം. മാര്‍വാഡിയുടെ ഓഫീസില്‍ രാത്രി എട്ടു മണി വരെയുള്ള ജോലി. ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ചും ഈ മേഖലയില്‍ നിലനില്‍ക്കുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ചുമൊക്കെ അറിയാന്‍ രാത്രികള്‍ പകലുകളാക്കി.
ബിരുദ ക്ലാസുകളില്‍ പകര്‍ന്നുകിട്ടിയ അടിസ്ഥാന വസ്തുതകള്‍ തുണയായി. ഇന്ത്യന്‍ സമ്പദ്ഘടനയും അതിനൊപ്പം സാങ്കേതികവിദ്യയും ബഹുദൂരം മുന്നേറി. പണ്ട് നിലനിന്നിരുന്ന പേപ്പര്‍ ഓഹരി സര്‍ട്ടിഫിക്കറ്റുകളും, അത് കൈമാറ്റം ചെയ്യപ്പെടുന്ന രീതിയുമൊക്കെ പഴയതില്‍ നിന്നും എത്രയോ മാറിയിരിക്കുന്നു. ആദ്യകാലത്തു ഓഹരി വിപണികളില്‍ വ്യാപാരസമയത്ത് മുഴങ്ങിയിരുന്ന ആരവം ഇന്നില്ല.
തുടര്‍ച്ചയായി വന്ന രണ്ടു കുംഭകോണങ്ങളുടെ അവസാനം ഉണര്‍ന്നു പ്രവര്‍ത്തിച്ച റെഗുലേറ്റേഴ്‌സ്! ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാളത് വരെ പ്രമുഖ സ്ഥാനം ഓഹരി ദല്ലാള്‍മാര്‍ക്കായിരുന്നുവെങ്കില്‍, പിന്നീടത് നിക്ഷേപകര്‍ക്കായി. കുതിക്കുന്ന ഓഹരി വിലകള്‍ കണ്ട് ലാഭം എന്ന ഒറ്റ ലക്ഷ്യവുമായി ഓഹരി വിപണിയില്‍ വന്നടുക്കുന്ന ആയിരങ്ങള്‍.
ഓഹരികള്‍ വാങ്ങി നിമിഷങ്ങളോ ഏറിയാല്‍ ദിവസങ്ങളോ മാത്രം കൈവശം വച്ച്, ഉയര്‍ന്ന വിലയില്‍ വിറ്റു പിന്മാറുന്ന ഊഹക്കച്ചവടക്കാരും, വളര്‍ച്ച നല്‍കുന്ന ഒരു നിക്ഷേപം എന്ന് കരുതി മികച്ച കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്ന ദീര്‍ഘകാല നിക്ഷേപകരും. ഇവര്‍ക്ക് ഒരു ഇടനിലക്കാരനില്ലാതെ വിപണിയില്‍ നേരിട്ട് വാങ്ങല്‍ വില്‍ക്കല്‍ നടത്താനാവില്ല എന്ന നിയമം. ദിവസേനയെന്നോണം ദല്ലാള്‍ സ്ഥാപനങ്ങളില്‍ ആരംഭിക്കപ്പെടുന്ന പുതിയ വ്യാപാര അക്കൗണ്ടുകള്‍!
'ഇടനിലക്കാരനെ ആവശ്യമുള്ള എത്രയോ ബിസിനസുകള്‍ ഇന്നും ഉണ്ട്. അവ കണ്ടെത്താനായാല്‍...'
അപ്പന്റെ വാക്കുകള്‍!
മാറ്റത്തോട് പ്രതിപത്തിയില്ലാത്ത സമൂഹം ഈ രംഗത്തേക്ക് കടന്നുവരുമോ. പുതുതലമുറയുടെ മാറ്റത്തോടുള്ള അഭിനിവേശം മാത്രമായിരുന്നു പ്രതീക്ഷ. സുധീറിന്റെ വാക്കുകളില്‍ അത് പ്രകടമായിരുന്നുതാനും.
ഫോര്‍ട്ട് റോഡിലെ മഹേഷ് ലഞ്ച് ഹോമില്‍ സുധീറിനെ അത്താഴത്തിനു വിളിക്കാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഫോര്‍ട്ടിലെ ലക്ഷയര്‍ ഇംപെക്‌സിന്റെ ഓഫീസില്‍നിന്ന് അഞ്ചു മിനിട്ട് നടന്നാല്‍ ഈ റസ്റ്ററന്റില്‍ എത്താം. രണ്ടാമത്, ഈ ഭക്ഷണശാലയ്ക്കുമാത്രം അവകാശപ്പെടാനാവുന്ന കടല്‍വിഭവങ്ങളുടെ രുചിക്കൂട്ട്.
ഭക്ഷണമായിരുന്നു ആദ്യം ചര്‍ച്ചയായത്. കോഴിക്കോടിന് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേക രുചികളെക്കുറിച്ചും അവ ലഭ്യമാകുന്ന കോഴിക്കോട്ടെ ഹോട്ടലുകളെക്കുറിച്ചും സുധീര്‍ വാചാലനായി. റസ്റ്റോറന്റിലെ അരണ്ട വെളിച്ചത്തിലെ രുചികരമായ ഭക്ഷണത്തിനൊപ്പം ഒരു തീരുമാനംകൂടി ഉരുത്തിരിഞ്ഞു. സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നവുമായി നടന്ന സുധീറും അതേ സ്വപ്നവുമായി ഏതാണ് ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞ ജീവന്‍ ജോര്‍ജും പുതിയ ഒരു സംരംഭം തുടങ്ങാന്‍ ധാരണയായി.
ബിസിനസില്‍ കൈകോര്‍ക്കാമെന്നല്ലാതെ അത് എങ്ങനെ ഏത് രൂപത്തില്‍ വേണമെന്ന തീരുമാനമൊന്നും അവിടെ വച്ചുണ്ടായില്ല.
അലാറം അടിച്ചപ്പോഴാണ് തിരികെയെത്തിയിട്ടും സമയം മാറ്റിയിട്ടില്ല എന്നോര്‍ക്കുന്നത്. വായനയില്‍ മുഴുകി അത്താഴത്തിന്റെ കാര്യവും മറന്നു. മഹേഷ് ലഞ്ച് ഹോമില്‍ പ്രേരണയുമായി പോയിരുന്നു. മംഗലാപുരം രുചിക്കൂട്ടില്‍ ചാലിച്ചെടുത്ത 'സുറുമ കറി'യില്‍ അലിഞ്ഞു ചേര്‍ന്ന ഏതോ നിമിഷത്തില്‍ സുധീറുമായി ഈ റസ്റ്ററന്റില്‍ വന്നതും ജെ.എസ് സ്റ്റോക്ക് ബ്രോക്കിംഗിന്റെ ആരംഭം ഒരുപക്ഷേ ഈ റസ്റ്ററന്റില്‍നിന്നുമാണ് എന്നു വേണമെങ്കില്‍ പറയാമെന്നും മാത്രം യാദൃശ്ചികമായി അവളോടു പറഞ്ഞതോര്‍ത്തു.
ഒരൊറ്റ വരിയില്‍നിന്ന് അവള്‍ മനോഹരമായ ഒരു ചാപ്റ്റര്‍ പടച്ചുണ്ടാക്കിയിരിക്കുന്നു.
സാധാരണഗതിയില്‍ വിരസമായി പറഞ്ഞു പോകുന്ന ശൈലി വേണ്ടെന്നു പറഞ്ഞത് നൂറ് ശതമാനവും അവള്‍ ഉള്‍ക്കൊണ്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന എഴുത്ത്. ഇത്രയും കൃത്യതയോടെ കാര്യങ്ങള്‍ നിരത്തുന്നൊരാള്‍ പൊടുന്നനെ അപ്രത്യക്ഷ ആയതിന്റെ സൂചനകളെങ്കിലും ഇനിയുള്ള താളുകളിലുണ്ടാവുമോ!

Read More :

പ്രേരണ; അധ്യായം-01

പ്രേരണ; അധ്യായം-02

പ്രേരണ; അധ്യായം-03

പ്രേരണ; അധ്യായം-04

പ്രേരണ; അധ്യായം-05

Tags:    

Similar News