യുദ്ധം തുടർന്നാൽ കോഴി ഇറച്ചിക്കും കനത്ത വില നൽകേണ്ടി വരും

സോയാബീൻ, ചോളം എന്നിവയുടെ വിലവര്ധനവ് കോഴി വളർത്തൽ വ്യവസായത്തിനും തിരിച്ചടി

Update: 2022-03-17 04:30 GMT

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നത് മലയാളികളുടെ ഇഷ്ട വിഭവമായ കോഴിയിറച്ചിയുടെ വിലകയറ്റത്തിന് കാരണമാകുന്നു. കോഴി ഇറച്ചിയുടെ വില കിലോക്ക് 170 രൂപ വരെ ഉയർന്നിട്ടുണ്ട്. കോഴി വളർത്തൽ വ്യവസായത്തിന് 70 ശതമാനം അസ്ഥിരമായ ചെലവ് (variable cost ) ഉണ്ടാവുന്നത് കാലിത്തീറ്റയ്ക്കാണ്.

ചോളം ഉൽപാദനത്തിൽ ഇന്ത്യക്ക് സ്വയം പര്യപ്തത കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും യുദ്ധം ആരംഭിച്ചതോടെ യുക്രൈനിൽ നിന്നുള്ള ചോളത്തിന്റെ കയറ്റുമതിയെ ബാധിച്ചതിനാൽ മറ്റ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ചോളം ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നതാണ് വില കയറ്റത്തിന് കാരണം.

സംഘടിത കോഴി വളർത്തൽ വ്യവസായം (poultry industry) 2021-22 ന്റെ ആദ്യ പകുതിയിൽ സോയാബീൻ, ചോളം എന്നിവയുടെ വിലവർധന കാരണം നഷ്ടത്തിലേക്ക് പോയപ്പോൾ, രണ്ടാം പകുതിയിൽ കോവിഡ് വ്യാപനം കുറഞ്ഞതും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതും ഡിമാൻഡ് വർധിക്കുമെന്ന് പ്രതീക്ഷ നൽകി. 2021 ൽ സോയാബീൻ വില പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത് ഒരു പരിധി വരെ കോഴി തീറ്റയുടെ വിലക്കയറ്റം തടയാൻ സഹായിച്ചു. യുദ്ധം ആരംഭിച്ചതോടെ സോയാബീൻ വിലയും പറക്കാൻ തുടങ്ങിയതാണ് വീണ്ടും കോഴി വളർത്തൽ വ്യസായത്തെ പ്രതിസന്ധിയിലാക്കിയത്.ഇപ്പോൾ കോഴി തീറ്റയിൽ ഉണ്ടാകുന്ന വില വർധനവ് പ്രവർത്തന മാർജിൻ 3 മുതൽ 4 ശതമാനം വരെ കുറയാൻ കരണമാക്കുമെന്ന് ഐ സീ ആർ എ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. പ്രതിസന്ധികൾക്കിടയിലും 5 മുതൽ 6 ശതമാനം വരുമാന വളർച്ച ഈ സാമ്പത്തിക വർഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ കുടംബശ്രീ യൂണിറ്റുകൾ കോഴി ഇറച്ചി വിപണി വിലയേക്കാൾ കിലോക്ക്‌ 16 രൂപ കുറച്ചു കൊടുക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നുണ്ട് .


Tags:    

Similar News