ക്ലിയര്‍ട്രിപ്പിനെ സ്വന്തമാക്കി ഫ്ലിപ്പ്കാർട്ട്
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ക്ലിയര്‍ട്രിപ്പിന്റെ മുഴുവന്‍ ഓഹരികളും ഫ്ലിപ്പ്കാർട്ട് ഏറ്റെടുത്തത്
രാജ്യത്തെ ഏറ്റവും പഴയ ട്രാവല്‍ ബുക്കിംഗ് പോര്‍ട്ടലുകളിലൊന്നായ ക്ലിയര്‍ട്രിപ്പിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കി ഇ- കൊമേഴ്‌സ് വമ്പന്മാരായ ഫ്ലിപ്പ്കാർട്ട്. ഇക്കാര്യം ഫഌപ്പ്കാര്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനം ക്ലിയര്‍ട്രിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായും എല്ലാ ജീവനക്കാരെയും നിലനിര്‍ത്തുമെന്നും അറിയിച്ചു. ക്ലിയര്‍ട്രിപ്പ് ഒരു പ്രത്യേക ബ്രാന്‍ഡായാണ് പ്രവര്‍ത്തിക്കുക. സാങ്കേതികമായി കൂടുതല്‍ വികസിപ്പിക്കുന്നതിന് ഫ്ലിപ്പ്കാർട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. കരാര്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാണെന്ന് കമ്പനി അറിയിച്ചു.
ഏറ്റെടുക്കലിന്റെ നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ കരാര്‍ പണവും ഇക്വിറ്റിയും കൂടിച്ചേര്‍ന്നതായിരിക്കുമെന്നാണ് കരുതുന്നത്. 'വളര്‍ച്ചയുടെ പുതിയ മേഖലകളെ ഞങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും നോക്കുകയും ചെയ്യുമ്പോള്‍, ഈ നിക്ഷേപം ഉപഭോക്താക്കള്‍ക്കായുള്ള ഞങ്ങളുടെ വിശാലമായ ഓഫറുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും' ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ക്ലിയര്‍ട്രിപ്പ് ടീമിനെ അവരുടെ ആഴത്തിലുള്ള വ്യവസായ പരിജ്ഞാനവും സാങ്കേതിക കഴിവുകളുമായി ഫ്ലിപ്പ്കാർട്ട്ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആഴത്തിലുള്ള മൂല്യവും യാത്രാനുഭവങ്ങളും ഒരുമിച്ച് നല്‍കുകയും ചെയ്യുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006 ല്‍ ഹ്രഷ് ഭട്ട്, മാത്യു സ്‌പേസി, സ്റ്റുവര്‍ട്ട് െ്രെകറ്റണ്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ക്ലിയര്‍ട്രിപ്പ് ഒരു ഹോട്ടല്‍, എയര്‍ ട്രാവല്‍ ബുക്കിംഗ് വിപണന രംഗത്ത് ശ്രദ്ധേയമായിരുന്നു. മേക്ക് മൈട്രിപ്പ്, ഗോഇബിബോ, ഈസിമിട്രിപ്പ്, യാത്ര, ഇക്‌സിഗോ തുടങ്ങിയവ ക്ലിയര്‍ട്രിപ്പിന്റെ ഈ രംഗത്തെ എതിരാളികള്‍.
എന്നിരുന്നാലും, കോവിഡ് മഹാമാരി യാത്ര, ഹോസ്പിറ്റാലിറ്റി വ്യവസായത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 400-500 ജീവനക്കാരെയാണ് കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ലിയര്‍ട്രിപ്പിന്റെ വരുമാനം 318 കോടി രൂപയും നഷ്ടം 14 കോടി രൂപയുമാണ്.