ഓക്സിജനും ആർഗോണുമില്ല , അവശ്യ മേഖലയിലെ കമ്പനികളും അടച്ചുപൂട്ടുന്നു

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാവസായ ശാലകള്‍ വാതക സിലിണ്ടറുകള്‍ തിരിച്ചേല്‍പ്പിച്ചതോടെ അവശ്യമേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തനം പോലും നിലയ്ക്കുന്നു

Update:2021-05-04 18:19 IST

മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ വാതക സിലിണ്ടറുകളും വ്യവസായ ശാലകളില്‍ നിന്ന് ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സികളിലേക്ക് തിരിച്ചേല്‍പ്പിച്ചതോടെ അവശ്യ മേഖലയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനം പോലും നിലയ്ക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ ഉപയോഗം നിരോധിച്ചിരുന്നു. മാത്രമല്ല, വ്യവസായ ശാലകളിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ബന്ധപ്പെട്ട ഏജന്‍സികളെ തിരിച്ചേല്‍പ്പിക്കാനും ഓര്‍ഡറുണ്ട്. എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമല്ല നൈട്രജന്‍, ആര്‍ഗോണ്‍ തുടങ്ങിയ വാതകങ്ങളുടെ സിലിണ്ടറുകള്‍ കൂടി തിരിച്ചേല്‍പ്പിക്കേണ്ടി വന്നതോടെ അവശ്യ മേഖലയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനം പോലും നിലയ്ക്കുന്നു.

അലങ്കാര മത്സ്യവില്‍പ്പന മേഖലയിലെ സംരംഭകരും ഓക്‌സിജന്‍ സിലിണ്ടറുകള്‍ തിരിച്ചേല്‍പ്പിക്കേണ്ടി വന്നതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. അലങ്കാര മത്സ്യവില്‍പ്പന റീറ്റെയ്ല്‍, ഹോള്‍സെയ്ല്‍ സംരംഭകര്‍ അക്വേറിയങ്ങളിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കാറുണ്ട്.
സംരംഭങ്ങള്‍ക്കും വേണമായിരുന്നു ജീവവായു
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വ്യാവസായിക ഉപയോഗത്തിനുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ തടസ്സവാദം ഒട്ടുമില്ലെന്ന് സംരംഭകര്‍ ഏകസ്വരത്തില്‍ പറയുന്നു. പക്ഷേ, നൈട്രജന്‍, ആര്‍ഗോണ്‍ തുടങ്ങി എല്ലാ വാതകങ്ങളുടെയും സിലിണ്ടറുകള്‍ തിരിച്ചേല്‍പ്പിക്കേണ്ടി വന്നതും ഇനി എന്ന് ഇവ വാതകം നിറച്ച് എന്ന് തിരിച്ചുകിട്ടുമെന്ന് വ്യക്തതയില്ലാത്തതാണ് സംരംഭകരെ വലയ്ക്കുന്നത്. ''ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഡയാലിസിസ് വാര്‍ഡുകള്‍, ലാബുകള്‍ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കുന്ന സ്റ്റീല്‍ സിങ്ക് മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കളാണ് ഞങ്ങള്‍. നിലവില്‍ കേരളത്തിലെ പല ആശുപത്രികളുടെയും ഓര്‍ഡറുകള്‍ കൊടുത്ത് തീര്‍ക്കേണ്ടതുമുണ്ട്. ഞങ്ങളുടെ പ്ലാന്റില്‍ വെല്‍ഡിംഗ് ജോലികള്‍ നടക്കണമെങ്കില്‍ ആര്‍ഗോണ്‍ വാതകം അനിവാര്യമാണ്. ആശുപത്രി ഉപകരണങ്ങളെല്ലാം തന്നെ ഉന്നത ഗുണമേന്മ ഉറപ്പാക്കേണ്ടതിനാല്‍ ആര്‍ഗോണ്‍ വെല്‍ഡിംഗാണ് നടത്തുന്നത്. ആര്‍ഗോണ്‍ സിലിണ്ടറുകള്‍ കൂടി തിരിച്ചേല്‍പ്പിക്കേണ്ടി വന്നതോടെ നാളെയോടെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വരും,'' തൃശൂരിലെ ജെഎജെ ഇന്‍ഡസ്ട്രിയല്‍ എക്വിപ്‌മെന്റ്‌സിന്റെ സാരഥി അജയന്‍ പറയുന്നു.

ഓക്‌സിജന്‍, നൈട്രജന്‍, ആര്‍ഗോണ്‍ സിലിണ്ടറുകള്‍ മുഴുവനായി തിരിച്ചേല്‍പ്പിക്കേണ്ടി വന്നതാണ് സംരംഭകരെ വലയ്ക്കുന്നത്. വ്യവസായ ശാലകളുടെ സ്വഭാവം പരിഗണിച്ച് ആ വ്യവസായ ശാലകളിലെ നിശ്ചിത ശതമാനം വാതക സിലിണ്ടറുകള്‍ വ്യാവസായിക ഉപയോഗത്തിന് വിനിയോഗിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ വെല്‍ഡിംഗ്, കട്ടിംഗ് ജോലികള്‍ തടസ്സപ്പെടാതെ സംരംഭങ്ങള്‍ കൂടി തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് സംരംഭകര്‍ പറയുന്നു. ''ഇത്തരത്തിലുള്ള മെഡിക്കല്‍ എമര്‍ജന്‍സി നിലനില്‍ക്കുമ്പോള്‍ വാതക സിലിണ്ടറുകള്‍ വ്യവസായ ശാലകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നല്ല ഞങ്ങള്‍ പറയുന്നത്. ഓരോ വ്യവസായത്തിന്റെ സ്വഭാവം പരിഗണിച്ച്, വാതക സിലിണ്ടറുകളുടെ ലഭ്യത കണക്കാക്കി ചില ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കില്‍ ചെറുകിട സംരംഭങ്ങള്‍ പൂട്ടേണ്ടി വരില്ലായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കമ്പനികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും ഓക്‌സിജന്‍, ആര്‍ഗോണ്‍ വാതക സിലിണ്ടറുകളില്ലാത്തതിനാല്‍ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഇതുമൂലം ഏറെ പേര്‍ക്ക് തൊഴിലും ഇല്ലാതെയാകും. അതാണ് പ്രശ്‌നം,'' ഒരു സംരംഭകന്‍ ചൂണ്ടിക്കാട്ടുന്നു.

കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാതിരിക്കാന്‍ കൈവശമുള്ള കുറച്ച് വാതക സിലിണ്ടറുകള്‍ ഉപയോഗിക്കാനും വാതകം റീഫില്‍ ചെയ്ത് വിതരണം ചെയ്യാനുമുള്ള അനുമതി ഏജന്‍സികള്‍ക്ക് നല്‍കണമെന്നാണ് ചെറുകിട സംരംഭകരുടെ അഭ്യര്‍ത്ഥന.


Tags:    

Similar News