വില്‍പ്പനയില്‍ തിളങ്ങി കല്ല്യാണ്‍ ജുവല്ലേഴ്‌സ്; രണ്ടാം പാദത്തില്‍ 27% വരുമാന വളര്‍ച്ച

മൊത്ത വരുമാനത്തിന്റെ 14 ശതമാനവും മിഡില്‍ ഈസ്റ്റില്‍ നിന്നാണ്

Update: 2023-10-06 07:01 GMT

വില്‍പ്പനയില്‍ മുന്നേറ്റത്തോടെ കല്ല്യാണ്‍ ജുവല്ലേഴ്‌സ്. 2023-24 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വരുമാനത്തില്‍ കല്ല്യാണ്‍ ജുവല്ലേഴ്‌സ് 27% വളര്‍ച്ച രേഖപ്പെടുത്തിയതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വരുമാന വളര്‍ച്ച മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 29% ഉയര്‍ന്നു. നിലവില്‍ കല്ല്യാണ്‍ ജുവല്ലേഴ്‌സിന്റ ഓഹരികള്‍ എന്‍.എസ്.ഇയില്‍ 10.07% ഉയര്‍ന്ന് 258 രൂപയില്‍ (1:15pm) വ്യാപാരം നടത്തുന്നു.

രാജ്യത്തെ വില്‍പ്പന ഉയര്‍ന്നു

കല്ല്യാണ്‍ ജുവല്ലേഴ്‌സ് രാജ്യത്ത് കൂടുതല്‍ ഷോറൂമുകള്‍ ആരംഭിച്ചതിനാല്‍ രണ്ടാം പാദത്തില്‍ 32% വരുമാന വളര്‍ച്ച രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്  33% വരുമാന വളര്‍ച്ച കൈവരിച്ചു. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്ത് 13 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിച്ചു. അടുത്ത 40 ദിവസത്തിനുള്ളില്‍ 26 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ കല്യാണ്‍ ജുവല്ലേഴ്‌സ് പദ്ധതിയിടുന്നുണ്ട്. ദീപാവലിയോടെ 51 പുത്തന്‍ ഷോറൂമുകളാണ് ലക്ഷ്യം.

മിഡില്‍ ഈസ്റ്റിലും വില്‍പ്പന തിളക്കം

മിഡില്‍ ഈസ്റ്റില്‍ ഒന്നാം പാദത്തില്‍ ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന മികച്ച വില്‍പ്പന രണ്ടാം പാദത്തില്‍ മെച്ചപ്പെട്ട വില്‍പ്പനയ്ക്കുള്ള അടിത്തറ പാകിയതായി കല്ല്യാണ്‍ ജുവല്ലേഴ്‌സ് പറഞ്ഞു. രണ്ടാം പാദത്തില്‍ മിഡില്‍ ഈസ്റ്റിലെ വരുമാന വളര്‍ച്ച മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4% ഉയര്‍ന്നു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ വരുമാന വളര്‍ച്ച 13% ആണ്.

സെപ്റ്റംബര്‍ പാദത്തില്‍ ഈ മേഖലയില്‍ ആദ്യത്തെ ഫ്രാഞ്ചൈസി ഷോറൂം ആരംഭിച്ചു. അടുത്ത 5 ഫ്രാഞ്ചൈസി ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മൊത്ത വരുമാനത്തിന്റെ 14 ശതമാനവും മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. ഫ്രാഞ്ചൈസി മോഡലിലൂടെ കമ്പനിയുടെ വിപുലീകരണത്തെ തുടര്‍ന്ന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ ലാഭ മാര്‍ജിന്‍ കുറവാണ്.

കല്ല്യാണ്‍ ജുവല്ലേഴ്‌സിന്റെ ഡിജിറ്റല്‍ ജുവല്ലറി പ്ലാറ്റ്ഫോമായ കാന്‍ഡിയറിന്റെ ആദ്യത്തെ ഫ്രാഞ്ചൈസി ഷോറൂം ഈ കാലയളവില്‍ ആരംഭിച്ചു. എന്നാല്‍ കാന്‍ഡിയറിന്റെ വരുമാനം 15% കുറഞ്ഞു. 2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി കല്ല്യാണ്‍ ജുവല്ലേഴ്‌സിന് മൊത്തം 209 ഷോറൂമുകളുണ്ട്.

Tags:    

Similar News