ദേ വന്നു ദാ പോയി, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഷോപ്പീ

പ്രവര്‍ത്തനം തുടങ്ങി വെറും നാല് മാസത്തിനുള്ളിലാണ് സിംഗപ്പൂര്‍ കമ്പനി രാജ്യം വിടുന്നത്

Update:2022-03-29 11:45 IST

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനം ഷോപ്പീ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ മാസം ഫ്രാന്‍സിലെ സേവനങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനിയുടെ പിന്മാറ്റം. ആഗോള തലത്തില്‍ വിപണികളില്‍ ഉണ്ടാവുന്ന അനിശ്ചിതത്തം ആണ് തീരുമാനത്തിന് പിന്നിലെന്ന് ഷോപ്പീ അറിയിച്ചു.

2021 നവംബറിലാണ് ഷോപ്പീ ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കി തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി വെറും നാല് മാസത്തിനുള്ളിലാണ് കമ്പനി രാജ്യം വിടുന്നത്. ഫ്രീഫയര്‍ ഗെയിമിന്റെ ഉടമകളായ സീയുടെ ഉപസ്ഥാപനമാണ് ഷോപ്പീ. 2015ല്‍ തുടങ്ങിയ ഷോപ്പീ വലിയ ഡിസ്‌കൗണ്ട് വില്‍പ്പനയിലൂടെയാണ് ശ്രദ്ധ നേടിയത്.
വടക്ക്- കിഴക്കന്‍ ഏഷ്യ, തായ്‌വാന്‍ ഉള്‍പ്പടെയുള്ള വിപണികളില്‍ ശക്തമായ സാന്നിധ്യമാണ് ഷോപ്പീ. നേരത്തെ ഫ്രീഫയര്‍ ഗെയിം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഫ്രീഫയര്‍ നിരോധനത്തെ തുടര്‍ന്ന്, ന്യൂയോര്‍ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് ഒരു ദിവസം കൊണ്ട് 16 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടിരുന്നു. ഇന്ന് വെളുപ്പിന് 12 മണിക്ക് സേവനം അവസാനിപ്പിച്ച ഷോപ്പീ ആപ്പ്, വില്‍പ്പനകാര്‍ക്ക് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ മാര്‍ച്ച് 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.


Tags:    

Similar News