വീട്ടിലിരുന്ന് ജോലി ഇനി വേണ്ടെന്ന് ടി.സി.എസ്; ഓഫീസിലെത്തിയില്ലെങ്കില്‍ നടപടി

കൊവിഡിന് മുമ്പുള്ള തൊഴില്‍ രീതിയിലേക്ക് പൂര്‍ണമായും മടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്

Update: 2024-02-09 06:24 GMT

Image courtesy: canva/tcs

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (വര്‍ക്ക് ഫ്രം ഹോം) പൂര്‍ണമായും അവസാനിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) അറിയിച്ചു. ഈ മാര്‍ച്ച് വരെ മാത്രമേ വര്‍ക്ക് ഫ്രം ഹോം അനുവദിക്കൂ. ശേഷം വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ഓഫീസിലെത്താത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

സൈബര്‍ ആക്രമണ സാധ്യത

വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുമ്പോള്‍ സൈബര്‍ ആക്രമണത്തിന്റെ സാധ്യതകളുണ്ടെന്നും ഇത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍.ജി. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍ ഇത്തരം പ്രശ്‌നങ്ങളുടെ കാര്യത്തില്‍ കമ്പനിക്ക് കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വീട്ടിലിരുന്നുള്ള ജോലി ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയില്‍ തിരികെ വന്ന് ജോലിയെടുക്കേണ്ടതിന്റെ ആവശ്യകത തൊഴിലാളികളെ ബോധിപ്പിച്ചിട്ടുണ്ട്. വൈകാതെ തന്നെ കൊവിഡിന് മുമ്പുള്ള തൊഴില്‍ രീതിയിലേക്ക് പൂര്‍ണമായും മടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കൊവിഡ് എത്തിയതിന് പിന്നാലെയാണ് ഹൈബ്രിഡ് രീതിയിലുള്ള ജോലി കമ്പനി സ്വീകരിച്ചത്. ഇത് പ്രകാരം വീട്ടിലിരുന്നും ഓഫീസിലെത്തിയും തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു.

Tags:    

Similar News