2020 ല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ ഇലക്ട്രിക്ക് കാര്‍ ഏത് ?

36 മാസത്തെ കാലാവധിക്ക് 41,900 രൂപ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനോടു കൂടിയും ഈ ഇലക്ട്രിക്ക് വാഹനം ലഭ്യമാണെന്നത് ഇതിനെ കൂടുതല്‍ ജനപ്രിയമാക്കി

Update:2021-01-13 17:08 IST

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖല ഏറെ പ്രതിസന്ധി നേരിട്ട വര്‍ഷമാണ് 2020. എങ്കിലും ഇലക്ട്രിക് വാഹന വിപണിക്ക് അത്ര മോശമല്ലായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ടിഗോര്‍ ഇ വി, ഹ്യുണ്ടായി കോന ഇലക്ട്രിക്ക് എന്നീ കാറുകള്‍ 2019 ല്‍ തന്നെ വിപണിയിലെത്തിയിരുന്നെങ്കിലും ടാറ്റാ നെക്‌സണും എംജി ഇസെഡ് എസ് ഇ വിയും കടന്നുവന്നതോടെ 2020 ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ഷമായി മാറി. 2020 അവസാനം മേഴ്‌സഡസ് ബെന്‍സ് ഇ ക്യു സി 400 ഉം ഇവര്‍ക്ക് പിന്നാലെയെത്തി. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും വിറ്റഴിഞ്ഞത് ടാറ്റയുടെ നെക്‌സണാണ്. കഴിഞ്ഞ വര്‍ഷം 2,529 യൂണിറ്റ് നെക്‌സണ്‍ ഇവി കാറുകളാണ് വിറ്റഴിഞ്ഞത്.

ടാറ്റ നെക്‌സണ്‍ 2020 ജനുവരിയിലാണ് ലോഞ്ച് ചെയ്തത്. എക്‌സ് എം, എക്‌സ് ഇസഡ്, എക്‌സ് ഇസഡ് പ്ലസ് ലക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം പുറത്തിറങ്ങിയത്. എക്‌സ് എം വേരിയന്റിന് 13.99 ലക്ഷം രൂപയും മറ്റ് രണ്ട് ട്രിമ്മുകള്‍ക്ക് യഥാക്രമം 15.25 ലക്ഷം, 16.25 ലക്ഷം എന്നിങ്ങനെയാണ് വില. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സമ്പൂര്‍ണ്ണ ഇലക്ട്രിക് എസ്യുവിയാണെന്ന പ്രത്യേകതയും ഈ വാഹനത്തിനാണ്. 36 മാസത്തെ കാലാവധിക്ക് 41,900 രൂപ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനോടു കൂടിയും ഈ ഇലക്ട്രിക്ക് വാഹനം ലഭ്യമാണെന്നത് ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ടാറ്റ നെക്‌സണ്‍ ഇ വി 30.2 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 127 ബിഎച്ച്പിയും 245 എന്‍എമ്മും ഉണ്ടാക്കുന്നു. ഒരു മുഴുവന്‍ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയും. 9.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 വരെ കിലോമീറ്റര്‍ വേഗത കൈവരിക്കാം.


Tags:    

Similar News