ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം

ഡോളര്‍ നില മെച്ചപ്പെടുത്തിയതും സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായി

Update: 2021-09-20 08:15 GMT

ഡോളര്‍ സൂചിക ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ സ്വര്‍ണത്തിന് വിലയിടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ കേരളത്തിലെ വില 4330 രൂപയാണ്. സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന വിലയായ 4450 രൂപയില്‍ നിന്ന് വില പടിപടിയായി കുറയുകയായിരുന്നു. സെപ്തംബര്‍ ഒന്നിന് 4430 രൂപയായിരുന്നു വില. നാലാം തിയതിയോടെ വില 4450 രൂപയിലെത്തി. രണ്ടു ദിവസം കൂടി ഇതേ നില തുടരുകയും ഏഴാം തിയതിയോടെ ഇടിവിന് തുടക്കം കുറിക്കുകയുമായിരുന്നു.

സെപ്തംബര്‍ ഒന്നിന് പവന് 35440 രൂപയായിരുന്നു. ഇന്ന് 34640 രൂപയും.
കോവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്താണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 7,8,9 തിയതികളില്‍ പവന് 42000 എന്ന നിലയില്‍ എത്തിയതാണ് ഇതു വരെയുള്ള റെക്കോര്‍ഡ് വില.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
നാളെയും മറ്റന്നാളുമായി യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് നടക്കാനിരിക്കെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഇടിഞ്ഞിട്ടുണ്ട്. മള്‍ട്ടി കമ്മ്യൂഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) 10 ഗ്രാമിന് 45928 രൂപയായി. 0.13 ശതമാനം ഇടിവ്. അതേസമയം വെള്ളിക്കും വില കുറഞ്ഞു. വെള്ളിയുടെ ഇന്നത്തെ വില കിലോഗ്രാമിന് 59427 രൂപയാണ്.


Tags:    

Similar News