സ്വര്‍ണവിലയില്‍ മാറ്റമില്ല
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ എന്ത് നല്‍കണം?
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 45,320 രൂപയും ഗ്രാമിന് 5,665 രൂപയുമാണ് വില. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയിലാണ് വ്യാപാരം. 18 ഗ്രാം സ്വര്‍ണത്തിന്റെ വില 4,700 രൂപയിലും തുടരുന്നു. വെള്ളി ആഭരണവില ഗ്രാമിന് 103 രൂപയിലും വെള്ളി ബുള്ള്യന്‍ വില 79 രൂപയിലും മാറ്റമില്ലാതെ നില്‍ക്കുന്നു.
Also Read : വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും
അതേസമയം ഡോളറിന്റെ മുന്നേറ്റം, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്ന വിലയിരുത്തലുകള്‍, ഓഹരിവിപണികളിലെ ചാഞ്ചാട്ടം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായേക്കും. നിലവില്‍ കേരളത്തില്‍ പവന്‍വില എക്കാലത്തെയും ഉയരമായ 45,760 രൂപയില്‍ നിന്ന് 440 രൂപ മാത്രം അകലെയാണ്. പുതിയ റെക്കോഡ് കുറിക്കാന്‍ ഗ്രാമിനുള്ളത് 55 രൂപയുടെ വ്യത്യാസവും. ഈമാസം തന്നെ വില പുതിയ റെക്കോഡ് കുറിക്കാന്‍ സാദ്ധ്യതയുണ്ട്.
നിലവില്‍ പവന്‍ വില 45,320 രൂപയാണെങ്കിലും മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, 45 രൂപ എച്ച്.യു.ഐ.ഡി ഫീസ് എന്നിവ ചേര്‍ക്കുമ്പോള്‍ 49,000 രൂപയെങ്കിലും നല്‍കിയാലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.