ഓഹരിവിപണിയിൽ നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിക്കാൻ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴും ഓഹരികളിൽ ബുദ്ധിപൂര്‍വം നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിച്ചവരെ കണ്ടില്ലേ. ഇതാ മനസ്സു വച്ചാല്‍ സമ്പത്ത് സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കുമാകും. അതിനായി ഓര്‍ത്തിരിക്കാം ചില കാര്യങ്ങള്‍.
പ്രതിസന്ധി ഘട്ടത്തിൽ സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. പ്രതിസന്ധി കാലഘട്ടത്തിലും ഓഹരിവിപണിയിൽ ബുദ്ധിപൂർവം നിക്ഷേപിച്ചവരെ കണ്ടില്ലേ. നന്നായി പഠിച്ച് ക്ഷമയോടെ വിപണിയെ സമീപിച്ചവർ ആണ് നേട്ടവും കൊണ്ട് പോയത്.
പ്രായോഗിക ചിന്തയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ ഓഹരി വിപണിയിൽ നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിക്കല്‍ സാധ്യമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
1. വിപണി നിരീക്ഷകരാകാം, പക്ഷെ
വിപണിയില്‍ സന്തോഷം നിറയുമ്പോഴും മങ്ങുമ്പോഴും നിക്ഷേപകര്‍ അതിനോട് വൈകാരിക രീതിയില്‍ പെരുമാറുന്നതാണ് കണ്ടു വരുന്നത്. നിക്ഷേപ പോര്‍ട്ട്‌ഫോളിയോ താളം തെറ്റി തുടങ്ങുന്നത് അതോടെയാണ്. ബഹളങ്ങളില്‍ നിന്നും ഭയത്തില്‍ നിന്നുമെല്ലാം അകലം പാലിച്ചു നില്‍ക്കണം നിക്ഷേപകന്‍. വിപണിയെ ചൂടു പിടിപ്പിക്കാനുള്ളതല്ല നിക്ഷേപം. സാമാന്യ ബുദ്ധിയും പ്രായോഗിക ചിന്തയും ക്ഷമയും സ്ഥിരോത്സാഹവും മനസന്തുലനവും വൈകാരിക ബുദ്ധിയും പിരിമുറുക്കത്തിലും മികച്ച പ്രകടനം നടത്തുകയും ചെയ്യുമ്പോഴാണ് നിക്ഷേപകന് സമ്പത്ത് സൃഷ്ടിക്കാനാകുക.
2. പ്ലാനിംഗ് കൃത്യമായി
സാമ്പത്തിക ആസൂത്രണം നടത്തുകയും അതനുസരിച്ചുള്ള സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധയൂന്നുക എന്നത് പ്രധാനമാണ്. എല്ലാവര്‍ക്കും പാകമാകുന്ന തരത്തിലുള്ള സാമ്പത്തിക സമീപനം എന്നൊന്നില്ല. ഓരോരുത്തരും അവരവരുടേതായ സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞ് നിശ്ചയിച്ചാല്‍ മാത്രമേ എത്ര തുക എത്രകാലം ഏതൊക്കെ സ്‌കീമുകളില്‍ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ.
3. നിക്ഷേപങ്ങള്‍ ശ്രദ്ധിച്ച്
എവിടെയൊക്കെ എത്ര നിക്ഷേപിക്കണം എന്നതു സംബന്ധിച്ച ആസ്തി വിഭജനം നിക്ഷേപത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. വിവിധ മേഖലകളില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് വിപണിയുടെ ചാഞ്ചാട്ടത്തില്‍ നിന്ന് നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത്. ഒരൊറ്റ ആസ്തി വിഭാഗത്തിലും സ്‌കീമിലും നിക്ഷേപിക്കുമ്പോള്‍ വിപണിയുടെ ഉയര്‍ച്ച താഴ്ചകള്‍ വളരെയേറെ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. അനുകൂല സാഹചര്യം വിലയിരുത്തി വിവിധ മാര്‍ഗങ്ങളിലേക്ക് നിക്ഷേപം മാറ്റിയാല്‍ മികച്ച നേട്ടം ഉണ്ടാക്കാനാകും.
4. വൈവിധ്യവത്കരണം
ആസ്തി വിഭജനം പൂര്‍ത്തിയായാല്‍ നിക്ഷേപത്തിലെ വൈവിധ്യവത്കരണം ഉറപ്പു വരുത്തണം. ഭൂമിശാസ്ത്രപരമായ മേഖലകളും രാജ്യങ്ങളും പരിഗണിച്ച് പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യത കൊണ്ടു വരുന്നതിലൂടെ റിസ്‌ക് കുറയ്ക്കാനും അതുവഴി കൂടുതല്‍ നേട്ടം കൈവരിക്കാനും കഴിയും.
5. പോര്‍ട്ട്‌ഫോളിയോ അഴിച്ചു പണി
ദീര്‍ഘനാള്‍ അസ്ഥിരമായ നേട്ടമാണ് നിങ്ങള്‍ക്ക് ഓഹരി-ഡെബ്റ്റ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ പോര്‍ട്ട്‌ഫോളിയോയില്‍ അതിനനുസരിച്ച മാറ്റം വരുത്താന്‍ മടിക്കരുത്. പോര്‍ട്ട്‌ഫോളിയോ സമഗ്രമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കി മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാനുള്ള പ്രാപ്തിയും 7-8 വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം മികച്ച സ്‌കീമുകള്‍ തന്നെ തെരഞ്ഞെടുക്കുകയും വേണം.