കെയ്ന്‍സ് ടെക്നോളജി ഓഹരി വിപണിയിലേക്ക്, രേഖകള്‍ ഫയല്‍ ചെയ്തു

ഐപിഒയിലൂടെ 650 കോടി രൂപയുടെ പുതിയ ഓഹരികളാണ് കൈമാറുന്നത്

Update: 2022-04-19 07:12 GMT

മുന്‍നിര ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സര്‍വീസസ് (Electronics Manufacturing Servicse) കമ്പനിയായ കെയ്ന്‍സ് ടെക്നോളജി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 650 കോടി രൂപയുടെ പുതിയ ഓഹരികളാണ് കൈമാറുന്നത്. കൂടാതെ, 72 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നു. പ്രൊമോട്ടര്‍മാരായ രമേഷ് കുഞ്ഞിക്കണ്ണന്‍, ഫ്രെനി ഫിറോസ് ഇറാനി എന്നിവരുടെ ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ വില്‍ക്കുക.

ഐപിഒയില്‍ വാഗ്ദാനം ചെയ്യുന്ന ഇക്വിറ്റി ഓഹരികള്‍ക്ക് ഓരോന്നിനും 10 രൂപയായിരിക്കും മുഖവില. മൊത്തം ഷെയറുകളുടെ എണ്ണം, പ്രൈസ് ബാന്‍ഡ്, ടൈംലൈന്‍, ബിഡ് ലോട്ട് സൈസ് തുടങ്ങിയ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കും. ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്പ തിരിച്ചടവിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക.
മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയ്ന്‍സ് ടെക്നോളജി ഇലക്ട്രോണിക്സ് സിസ്റ്റം ആന്റ് ഡിസൈന്‍ മാനുഫാക്ചറിംഗ് സര്‍വീസസ് രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.


Tags:    

Similar News