എല്‍ഐസി ഐപിഒ ഇപ്പോള്‍ നടത്തിയാല്‍ തകരും, വി കെ വിജയകുമാര്‍ പറയുന്നു

ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് എല്‍ഐസി ഒരുങ്ങുന്നത്

Update: 2022-03-03 09:29 GMT

യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണി തിരുത്തലിലേക്ക് വീഴുന്നതിനിടെ എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നത് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍. ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് അനുയോജ്യമായ സാഹചര്യമല്ല വിപണിയിലുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 50,000- 90,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഒരുങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ എല്‍ഐസി ഐപിഒ നടത്തിയാല്‍ അത് ഓഹരി വിപണിക്കും കേന്ദ്ര സര്‍ക്കാരിനും വലിയ ദുരന്തമായിരിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ അഭിപ്രായപ്പെടുന്നു. ഓഹരി വിപണിക്കും കേന്ദ്ര സര്‍ക്കാരിനും താങ്ങാവുന്നതിനുമപ്പുറമായിരിക്കും ഇപ്പോള്‍ എല്‍ഐസി ഐപിഒ നടത്തിയാലുണ്ടാകുന്ന തകര്‍ച്ച. ഈ തകര്‍ച്ചയേക്കാള്‍ ഐപിഒ വൈകിപ്പിക്കുന്നതാണ് അഭികാമ്യം. അതിനാല്‍ തന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഐപിഒ മാറ്റാനാണ് സാധ്യത - അദ്ദേഹം ധനത്തോട് പറഞ്ഞു.

നേരത്തെ, മാര്‍ച്ച് ആദ്യപകുതിയോടെ എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷം തന്നെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനിടെയാണ് ഓഹരി വിപണിയെ തിരുത്തലിലേക്ക് നയിച്ച യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായത്. ഈയൊരു സാഹചര്യത്തില്‍ ഐപിഒ നീട്ടിവയ്ക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.


(വിവരങ്ങള്‍ക്ക് കടപ്പാട്: വി കെ വിജയകുമാര്‍,

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍)

Tags:    

Similar News