ലുലുമാള്‍ ഇന്ത്യയുടെ നഷ്ടം 51.4 കോടി രൂപ, വരുമാനം 1379.9 കോടി രൂപ
100.54 കോടിയില്‍ നിന്ന് നഷ്ടം 51.4 കോടിയായി കുറഞ്ഞു
2021-22 സാമ്പത്തിക വര്‍ഷം ലുലുമാള്‍ ശൃംഖലയുടെ (ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ്-LISM) നഷ്ടം 51.4 കോടി രൂപ. തുടര്‍ച്ചയായി രണ്ടാമത്തെ സാമ്പത്തികവര്‍ഷമാണ് ലുലു മാള്‍ നഷ്ടം രേഖപ്പെടുത്തുന്നത്. 2020-21 കാലയളവില്‍ 100.54 കോടി രൂപയായിരുന്നു ലുലുവിന്റെ നഷ്ടം.
Also Read: ഉത്തര്‍പ്രദേശിലും ലുലുമാള്‍ എത്തി: വിശേഷങ്ങള്‍ അറിയാം
കോവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ച മേഖലകളില്‍ ഒന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് രംഗം. ലോക്ക്ഡൗണുകളെ തുടര്‍ന്ന് ലുലുവിന്റെ വരുമാനം ഇടിഞ്ഞിരുന്നു. 1379.9 കോടി രൂപയാണ് ഇക്കാലയളവില്‍ ലഭിച്ച വരുമാനം. 2020-21ല്‍ വരുമാനം 748.8 കോടി ആയിരുന്നു. 2021-22ല്‍ കൊച്ചി ലുലുമാളിന്റെ പേരില്‍ 400 കോടി രൂപയാണ് എല്‍ഐഎസ്എം കടമെടുത്തത്.
അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം ലുലുവിന്റെ വരുമാനം വര്‍ധിക്കുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 669.1 കോടി രൂപയാണ് ലുലുവിന്റെ വരുമാനം. നിലവില്‍ കേരളം (2), കോയമ്പത്തൂര്‍ (1), ബംഗളൂരു (1) എന്നിവടങ്ങളിലായി നാല് മാളുകള്‍ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഇന്റര്‍നാഷണല്‍.