മാമഎര്‍ത്ത് ഐപിഒ ഉയര്‍ത്തുന്ന ചോദ്യം

ഐപിഒയിലൂടെ ലക്ഷ്യമിടുന്ന തുകയാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ കമ്പനിക്കെതിരെ ഉയരാന്‍ കാരണം

Update: 2023-01-04 10:12 GMT

കഴിഞ്ഞ ആഴ്ചയാണ് പ്രമുഖ ഡി2സി ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ മാതൃകമ്പനി ഹൊനാസ കണ്‍സ്യൂമര്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള പേപ്പറുകള്‍ (DRHP) സമര്‍പ്പിച്ചത്. 2,4000 കോടി രൂപയോളം (3 ബില്യണ്‍ ഡോളര്‍) ആണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ഈ തുക തന്നെയാണ് ഇപ്പോള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ കമ്പനിക്കെതിരെ ഉയരാന്‍ കാരണവും.

400 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 4.7 കോടി ഓഹരികളുമാണ് കമ്പനി വില്‍ക്കുന്നത്. 2022 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 1.2 ബില്യണ്‍ ഡോളറാണ് മാമഎര്‍ത്തിന്റെ വിപണി മൂല്യം. ഐപിഒയിലൂടെ ലക്ഷ്യമിടുന്നതാകട്ടെ 3 ബില്യണും. മൂല്യം കണക്കാക്കിയതിലെ ഈ അന്തരമാണ് വിമര്‍ശിക്കപ്പെടുന്നത്. അടുത്ത പേടിഎം ആവുകയാണോ മാമഎര്‍ത്ത് എന്നതാണ് ചര്‍ച്ച. ലിസ്റ്റിംഗിന് ശേഷം 65 ശതമാനത്തോളമാണ് പേടിഎം ഓഹരികള്‍ ഇടിഞ്ഞത്.

ലാഭത്തിന്റെ 1000 ഇരട്ടിയാണ് മാമഎര്‍ത്ത് ഐപിഒയിലൂടെ സമാഹരിക്കാന്‍ ശ്രമിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം കമ്പനി നേടിയത് 943 കോടി രൂപയുടെ വരുമാനവും 14 കോടിയുടെ അറ്റാദായവുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആറുമാസ കാലയളവില്‍ 3.6 കോടി രൂപയായിരുന്നു അറ്റാദായം. 722 കോടി രൂപയുടെ വരുമാനവും നേടി. ആറുമാസത്തെ വരുമാനത്തിന്റെ 40 ശതമാനവും മാര്‍ക്കറ്റിംഗിനായി ആണ് കമ്പനി ചെലവഴിച്ചത്. എന്നാല്‍ കമ്പനിയുടെ പരസ്യ ചെലവില്‍ നിന്നുള്ള നേട്ടം (return on ad spend- 2.6) വര്‍ധിക്കുന്നുമില്ല.

ഉയര്‍ന്ന വിപണി മൂല്യം കണക്കാക്കി എത്തിയ നൈക, സൊമാറ്റോ, പോളിസി ബസാര്‍ അടക്കമുള്ള ന്യൂജെന്‍ കമ്പനികള്‍ ലിസ്റ്റിംഗിന് ശേഷം വലിയ തിരിച്ചടിയാണ് നേരിട്ടത്. വിപണി സാഹചര്യങ്ങള്‍ പരിഗണിച്ച് ബോട്ട് ലൈഫ്‌സ്റ്റൈല്‍, സ്‌നാപ്ഡീല്‍ തുടങ്ങിയവര്‍ ഐപിഒ നീക്കം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കൂടിയാണ് മാമഎര്‍ത്ത് എത്തുന്നത്. 2023ന്റെ പകുതിയോടെ കമ്പനി ഐപിഒ നടത്തിയേക്കും.

ദമ്പതികളായ ഗസലും വരുണ്‍ അലഗും ചേര്‍ന്ന് 2016ല്‍ തുടങ്ങിയ കമ്പനിയാണ് മമാഎര്‍ത്ത്. സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് പുറമെ ഫ്‌ലിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ളവയിലും റീട്ടെയില്‍ ഷോപ്പുകളിലും ഇവര്‍ ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഒരു വനിത കോ-ഫൗണ്ടറായിട്ടുള്ള രാജ്യത്തെ ചുരുക്കം യുണികോണുകളില്‍ ഒന്നുകൂടിയാണ് മാമഎര്‍ത്ത്. കണ്ടന്റ് &കൊമേഴ്സ് പ്ലാറ്റ്ഫോം ആയ മോംപ്രെസ്സോയെ മാമഎര്‍ത്ത് എറ്റെടുത്തിരുന്നു.

Tags:    

Similar News