പേടിഎം ഐപിഒ നവംബര്‍ എട്ടിന്; പ്രൈസ് ബാന്‍ഡും വിവരങ്ങളും

18,300 കോടി രൂപയുടെ ഐപിഒ കാത്ത് ഓഹരി വിപണിയും നിക്ഷേപകരും.

Update: 2021-10-28 13:37 GMT

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (IPO) 2021 നവംബര്‍ 8 തിങ്കളാഴ്ച ആരംഭിക്കും. 2021 നവംബര്‍ 10 ബുധനാഴ്ച വരെ സബ്സ്‌ക്രിപ്ഷനായി ലഭ്യമായിരിക്കും. ഇന്ത്യ കാണാനൊരുങ്ങുന്ന ഇതുവരെയുള്ള ഏറ്റവും വലിയ ഐപിഒ മാമാങ്കമാകും പേടിഎമ്മിന്റേത്. 18,300 കോടി രൂപ സമാഹരിക്കാനാണ് ഡിജിറ്റല്‍ പേയ്മെന്റ് ഭീമന്‍ ലക്ഷ്യമിടുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 2,080-2,150 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. പേടിഎമ്മിന്റെ ഐപിഒ സബ്സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ആറ് ഇക്വിറ്റി ഷെയറുകളുടെയും ഗുണിതങ്ങളുടെയും ബിഡ്ഡിന് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍, വണ്‍ 97 കമ്മ്യൂണിക്കേഷനുകളുടെ ഒരു ലോട്ട് ലഭിക്കാന്‍ അവര്‍ക്ക് 12,900 രൂപ നല്‍കേണ്ടിവരും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
കമ്പനി അതിന്റെ ഐപിഒ വലുപ്പം നേരത്തെയുള്ള 16,600 കോടിയില്‍ നിന്ന് 1,700 കോടി രൂപ വര്‍ധിപ്പിക്കുകയായിരുന്നു. നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് കൂടുതല്‍ ഓഹരികള്‍ വിറ്റഴിച്ചാണ് ഇന്‍ഗ്രിമെന്റ് വരുന്നത്. ചൈനയിലെ ആന്റ് ഗ്രൂപ്പ് ഉള്‍പ്പെടുന്നവര്‍ ഓഫര്‍ ഫോര്‍ സെയിലില്‍ ഓഹരികള്‍ വില്‍ക്കും.
മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് കമ്പനിക്ക് ഐപിഒ സംബന്ധിച്ച് അനുമതി ലഭിച്ചത്. ഇതിനിടയില്‍ പേടിഎമ്മിന്റെ ഉപവിഭാഗമായ പേടിഎം ഇന്‍ഷുറന്‍സിലേക്ക് നിക്ഷേപം നടത്താന്‍ സ്വിസ്് കമ്പനി മുന്നോട്ട് വന്നിരുന്നു. സ്വിസ് റേ ആണ് 920 കോടിരൂപ പേടിഎം ഇന്‍ഷുര്‍ടെക്കില്‍ നിക്ഷേപിക്കുന്നത്.


Tags:    

Similar News