പേടിഎം ഐപിഓയ്ക്ക് തണുപ്പന്‍ പ്രതികരണം; ഓഹരികള്‍ക്ക് 37 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍

സബ്‌സ്‌ക്രിപ്ഷന്‍ നാളെ അവസാനിക്കും.

Update:2021-11-09 14:55 IST

ഓഹരിവിപണി കാത്തിരുന്ന പേടിഎം ഐപിഓയ്ക്ക് തണുപ്പന്‍ പ്രതികരണമെന്ന് ആദ്യ രണ്ട് ദിവസത്തെ കണക്കുകള്‍. പേടിഎം ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ നവംബര്‍ 8-ന് സബ്സ്‌ക്രിപ്ഷനായി തുറന്ന ഐപിഓയിലെ ഓഹരികള്‍ ആകെ സബ്‌സ്‌ക്രൈബ് ചെയ്തത് ഇതുവരെ 37-38 ശതമാനം മാത്രം.

4.83 കോടി ഓഹരികളുടെ ആകെ ഓഫര്‍ വലുപ്പത്തിന്റെ 1.77 കോടി ഇക്വിറ്റി ഷെയറുകള്‍ക്കുള്ള ബിഡ്ഡുകളാണ് വന്നത്. 18,300 കോടി രൂപയുടെ ഐപിഒ ലേലത്തിന്റെ രണ്ടാം ദിവസമായ നവംബര്‍ 9 ന് 37 ശതമാനം വരിക്കാരായതായാണ് ഉച്ച കഴിഞ്ഞ് 2 മണി വരെയുള്ള റിപ്പോര്‍ട്ടുകള്‍. പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ള റീറ്റെയ്ല്‍ വിഭാഗം 1.10 മടങ്ങ് സബ്സ്‌ക്രൈബുചെയ്തു.

നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ റിസര്‍വ് ചെയ്ത ഭാഗം 3 ശതമാനം സബ്സ്‌ക്രൈബുചെയ്തു, അതേസമയം ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന വിഭാഗത്തിന്റെ 29 ശതമാനം ഓഹരികള്‍ക്കായാണ് ആവശ്യക്കാരെത്തിയത്. അവസാന ദിവസമായ നാളെ കൂടുതല്‍ ആവശ്യക്കാരെത്തിയേക്കുമെന്നാണ് കരുതുന്നത്.

ഓഫറിന്റെ 75 ശതമാനം വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്കുമാണ് മാറ്റിവച്ചിരുന്നത്.

8300 കോടിയുടെ പുതിയ ഓഹരികളും 10000 കോടിയുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതാണ് ഐപിഒ. റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്ക് ഒരു ലോട്ടിന് കുറഞ്ഞത് 12,900 രൂപയും അവരുടെ പരമാവധി നിക്ഷേപം 15 ലോട്ടുകള്‍ക്ക് 1,93,500 രൂപയുമാണ്.

ഇന്ത്യന്‍  ചരിത്രത്തിലെ എക്കാലത്തെയും വലിയ പൊതു ഇഷ്യുവാണ് പേടിഎമ്മിന്റേത്. ഓഹരിയൊന്നിന് 2,080 മുതല്‍ 2,150 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. നാളെ ഐപിഒ അവസാനിക്കും.

Tags:    

Similar News