ലാഭമെടുക്കൽ ഊർജിതം; ബുള്ളുകൾക്കു കുലുക്കമില്ല; സ്വർണവും ലോഹങ്ങളും താഴോട്ട്; വോഡഫോൺ ഐഡിയ ഉയരുന്നതിനു പിന്നിൽ; വാഹന വിൽപനയുടെ കണക്കു നൽകുന്ന പാഠം
ഓഹരി വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാൻ പുതിയ കാരണങ്ങൾ, സ്വർണ്ണ വിലയിടിവിന് പിന്നിലെ കാരണം ഇതാണ്, വാഹന വിൽപ്പന കണക്ക് തുറന്നുകാട്ടുന്ന ഇന്ത്യൻ യാഥാർത്ഥ്യം
ലാഭമെടുക്കലിൻ്റെ സമ്മർദവും ഡോളറിൻ്റെ ഉയർച്ചയും ഇന്നലെ ഇന്ത്യൻ വിപണിയെ നേരിയ താഴ്ചയിൽ ക്ലോസ് ചെയ്യാൻ നിർബന്ധിതമാക്കി. ഡോളർ വീണ്ടും കരുത്താർജിച്ചപ്പോൾ കയറ്റുമതി അധിഷ്ഠിത ഓഹരികൾക്കു നേട്ടമുണ്ടായി.ആ നേട്ടത്തിൽ വിറ്റു ലാഭമെടുക്കാനുള്ള ശ്രമം ഐടി, ഫാർമ കമ്പനികൾക്കു തിരിച്ചടിയായി. ബാങ്ക് മേഖലയിലും വലിയ തോതിൽ ലാഭമെടുക്കൽ നടന്നു.
ആഗോള വിപണികൾ താഴോട്ടു നീങ്ങുകയാണ്. അതിൻ്റെ തുടർചലനങ്ങൾ ഇന്നു വിപണിയിൽ പ്രതീക്ഷിക്കാം. സ്വർണവും ഡിജിറ്റൽ ഗൂഢകറൻസികളും ഇന്നലെ കുത്തനെ ഇടിഞ്ഞതും ലോഹങ്ങളുടെ വില താഴുന്നതും വിപണിയിൽ പുതിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
ചെറിയ താഴ്ച
ഇന്നലെ ഇന്ത്യൻ സൂചികകൾ ചെറിയ താഴ്ചയിലാണു ക്ലോസ് ചെയ്തത്.സെൻസെക്സ് 17.43 പോയിൻ്റ് താണ് 58,279.48 ലും നിഫ്റ്റി 15.7 പോയിൻ്റ് താണ് 17,362.1 ലും അവസാനിച്ചു. മിഡ് ക്യാപ്സൂചിക 0.25 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് 0.09 ശതമാനം മാത്രമേ താഴ്ന്നുള്ളു.
യൂറോപ്യൻ സൂചികകൾ എല്ലാം ഇന്നലെ താഴോട്ടായിരുന്നു. അമേരിക്കയിൽ ഡൗ ജോൺസ് 0.8 ശതമാനം താണു. എസ് ആൻഡ് പി അര ശതമാനം താണു. ഇവയുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ അൽപം ഉയർന്നു. ടെക് ഭീമന്മാരുടെ കരുത്തിൽ പുതിയ റിക്കാർഡിലെത്തിയ നാസ്ഡാക് നേരിയ ഉയർച്ചയോടെ ക്ലോസ് ചെയ്തു.
തിരിച്ചുകയറുന്നു
ഇന്ന് ഏഷ്യൻ വിപണികൾ ദുർബലമായാണു തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ അര ശതമാനം താണു. പിന്നീടു കയറി. യു എസ് ഫ്യൂച്ചേഴ്സ് ഉയർന്നതാണു കാരണം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 17,405 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,425 ലേക്കു കയറി. ഇന്നും ഇന്ത്യൻ വിപണി കുതിക്കുമെന്നാണ് ഡെറിവേറ്റീവ് വ്യാപാരത്തിലെ സൂചന.
വിദേശ നിക്ഷേപകരും സ്വദേശി ഫണ്ടുകളും ഇന്നലെ ഓഹരികളുടെ ക്യാഷ് വിപണിയിൽ വിൽപനക്കാരായി. വിദേശികൾ 145.45 കോടിയുടെയും സ്വദേശി ഫണ്ടുകൾ 136.52 കോടിയുടെയും ഓഹരികൾ വിറ്റു.
ഡോളർ കുതിച്ചു, സ്വർണം ഇടിഞ്ഞു
ഡോളർ ഇന്നലെ വലിയ നേട്ടമുണ്ടാക്കി. 32 പൈസ കയറി 73.42 രൂപയിലേക്കുയർന്നു. വിദേശത്തെ ഡോളർ കയറ്റവും ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യവും രൂപയുടെ ക്ഷീണത്തിന് കാരണമായി.
ലോക വിപണിയിൽ സ്വർണം ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞു. വളർച്ചയെപ്പറ്റിയുള്ള ആശങ്കകൾ തന്നെ കാരണം. ആശങ്ക ഡോളർ നിരക്ക് ഉയർത്തി. ഇതോടെ കഴിഞ്ഞയാഴ്ച 1830 ഡാേളറിലെത്തിയ സ്വർണം ഇന്നലെ 1792-ലേക്ക് വീണു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 1798 ഡോളറിലേക്കു കയറി. കേരളത്തിൽ ഇന്നു സ്വർണ വിലയിൽ ഗണ്യമായ ഇടിവുണ്ടാകും.
ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെൻ്റ് ഇനം 71.7 ഡോളറിലേക്കു കുറഞ്ഞു.
ചൈനയിലെ ഫാക്ടറി ഉൽപാദനം കുറയുന്നത് വ്യാവസായിക ലോഹങ്ങളുടെ വില താഴ്ത്തി. സിങ്ക് ഒഴികെയുള്ളവ ഒന്നര ശതമാനം വരെ താണു. മെറ്റൽ ഓഹരികളുടെ കുതിപ്പിന് ബ്രേക്ക് പ്രതീക്ഷിക്കുന്നവരുണ്ട്.
ബിറ്റ് കോയിനു തിരിച്ചടി
ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ് കോയിനെ മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോർ കറൻസിയായി അംഗീകരിച്ചത് ഇന്നലെ നടപ്പിൽ വന്നു. പക്ഷേ ജനങ്ങൾ താൽപര്യമെടുത്തില്ല. ഇതേ തുടർന്ന് ബിറ്റ് കോയിൻ 11 ശതമാനത്തോളം ഇടിഞ്ഞു. ഒന്നിന് 52,000 ഡോളറിലധികമായിരുന്ന നിരക്ക് 45,000 വരെ താണു. പിന്നീടു 47,000 വരെ കയറി. ഈഥർ അടക്കമുള്ള മറ്റു ഗൂഢ കറൻസികൾ 15 ശതമാനത്തിലധികം ഇടിഞ്ഞു.
ഓക്സിജൻ പ്രതീക്ഷയിൽ വോഡഫോൺ ഐഡിയ
വോഡഫോൺ ഐഡിയയുടെ ജീവൻ നിലനിർത്താൻ പ്രാണവായു കിട്ടുമെന്ന സൂചന ഓഹരിയുടെ വില കാര്യമായി ഉയർത്തി. ഈ മാസം ഇതു വരെ 35 ശതമാനം കയറ്റമുണ്ട് ഓഹരിക്ക്. ഇന്നലെ 14.5 ശതമാനം നേട്ടത്തിൽ 8.3 രൂപയാണ് ഓഹരി ക്ലോസ് ചെയ്തത്. ഇന്നു ചേരുന്ന കാബിനറ്റ് ടെലികോം മേഖലയ്ക്കു പാക്കേജ് പ്രഖ്യാപിച്ചേക്കും. സ്പെക്ട്രം ചാർജിൻ്റെ ഗഡു അടയ്ക്കാൻ ഒരു വർഷം മോറട്ടോറിയം നൽകുന്നതാണു പ്രധാന സഹായം. വോഡഫോൺ ഐഡിയ വരുന്ന ഏപ്രിലിൽ 8200 കോടി രൂപ ഈയിനത്തിൽ അടയ്ക്കേണ്ടതുണ്ട്. ടവറുകളും മറ്റ് ആസ്തികളും ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റു ( ഇൻവിറ്റും റെയിറ്റും) കൾ വഴി വിദേശ നിക്ഷേപകരെ ആകർഷിച്ച് പണം നേടാനുള്ള നടപടിക്കു സർക്കാർ ഗാരൻ്റി നൽകുന്നതും പരിഗണനയിലുണ്ട്.
വാഹന വിൽപനയിൽ ഉണർവില്ല
ഓഗസ്റ്റിലെ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കൂടുതലാണെങ്കിലും 2019- നെ അപേക്ഷിച്ചു വളരെ കുറവാണെന്നു കണക്കുകൾ. സാമ്പത്തിക തിരിച്ചു കയറ്റം സർക്കാർ അവകാശപ്പെടുന്നതിലും ദുർബലമാണെന്ന് കണക്കുകൾ കാണിക്കുന്നു. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) നൽകിയതാണു കണക്കുകൾ.
ഓഗസ്റ്റിലെ ടൂ വീലർ വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.66 ശതമാനം കൂടിയെങ്കിലും 2019 നെ അപേക്ഷിച്ച് 22.62 ശതമാനം കുറവാണ്. ഈ ജൂലൈയെ അപേക്ഷിച്ചും വിൽപന കുറഞ്ഞു. ജൂലൈയിൽ വിൽപന 11,32,611. ഓഗസ്റ്റിൽ വിൽപന 9,76,051.
മുച്ചക്ര വിൽപന 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 45 ശതമാനം കുറവാണ്. 2020 ഓഗസ്റ്റിനെ അപേക്ഷിച്ച് 79.7 ശതമന്നം വർധനയുണ്ട്.
ദുർബലർ കൂടുതൽ ദുരിതത്തിൽ
മുച്ചക്രങ്ങൾ ദുർബല വിഭാഗങ്ങൾ സ്വയം തൊഴിൽ എന്ന നിലയിൽ വാങ്ങുന്നതാണ്. അവയുടെ വിൽപന കുറയുന്നത് താഴേക്കിടയിലെ വരുമാനക്കുറവ് മാത്രമല്ല, വരുമാന പ്രതീക്ഷയിലെ ഇടിവ് കൂടി കാണിക്കുന്നു. ഓട്ടോറിക്ഷ വാങ്ങിയാൽ അതിൽ പണം നൽകി കയറാൻ ആൾ വേണമല്ലോ? അത് ഉറപ്പില്ല. അതിനാൽ ഓട്ടോറിക്ഷ വാങ്ങാൻ ആളില്ല.
ടൂ വീലറുകളുടെ വിൽപ്പനയിൽ വലിയ ഇടിവ് ഏറ്റവും വിലകുറഞ്ഞ മോഡലുകൾക്കാണ്. ആഡംബര -ചെത്ത് മോഡലുകൾ തരക്കേടില്ലാതെ പോകുന്നു. താഴ്ന്ന വരുമാനക്കാരുടെ ഡിമാൻഡാണ് ഇടിഞ്ഞത്. കോവിഡും അനുബന്ധ നിയന്ത്രണങ്ങളും ദുർബല വിഭാഗങ്ങൾക്ക് ഏൽപ്പിച്ച ആഘാതം ഇനിയും മാറിയിട്ടില്ല എന്നു ചുരുക്കം.
വാണിജ്യ വാഹനങ്ങൾക്കും സ്പീഡ് ആയില്ല
സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചു കയറിയിട്ടില്ല എന്നു കാണിക്കുന്നതാണ് വാണിജ്യ വാഹന വിൽപനയിലെ ഇടിവ്. 2019നെ അപേക്ഷിച്ച് 14.71 ശതമാനം കുറവാണ് ഓഗസ്റ്റിലെ വിൽപന. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിലേതിലും 97.94 ശതമാനം അധിക വിൽപനയുണ്ട്. 2021 ഓഗസ്റ്റിൽ 53,150, തലേ ഓഗസ്റ്റിൽ 26,851, രണ്ടു വർഷം മുമ്പ് 62,319 എന്ന തോതിലാണു വിൽപന.
യാത്രാ വാഹന (കാർ, എസ് യു വി ) വിൽപന 2020നെയും 2019നെയും മറികടന്നു. 2,53,363 എണ്ണമാണു വിറ്റത്. 2020 നേക്കാൾ 38.71 ശതമാനവും 2019 നേക്കാൾ 31.67 ശതമാനവും കൂടുതൽ. ട്രാക്ടർ വിൽപന 2019 നേക്കാൾ 36 ശതമാനവും കഴിഞ്ഞ വർഷത്തേക്കാൾ 5.5 ശതമാനവും വർധിച്ചു.
സെപ്റ്റംബറിലും തുടർന്നുള്ള ഉത്സവ സീസണിലും വാഹന വിൽപന മന്ദഗതിയിലാകുമെന്നു ഫാഡ കരുതുന്നു. ചിപ്പ് ക്ഷാമം മൂലം ഉൽപാദനം കുറയുന്നതാണു കാരണം.
കാഴ്ചപ്പാട് മാറുന്നു
വളർച്ച, പലിശ, യു എസ് ഫെഡിൻ്റെ കടപ്പത്രം വാങ്ങൽ തുടങ്ങിയവയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളിൽ പെട്ടെന്നു മാറ്റം വന്നു. കടപ്പത്രം വാങ്ങൽ ഇക്കൊല്ലം ചെറിയ തോതിൽ കുറയ്ക്കും എന്ന ഫെഡ് ചെയർമാൻ്റെ പ്രസ്താവനയെ കൂടുതൽ ബലപ്പെടുത്തുന്നതായി അമേരിക്കയിലെ തൊഴിൽ സംഖ്യ വേണ്ടത്ര വർധിക്കാത്തത്. ഇതോടൊപ്പം കോവിഡ് രോഗബാധയും മരണവും കൂടിയതോടെ ഫെഡ് നിലപാട് എളുപ്പം മാറില്ലെന്ന ധാരണ ഉറപ്പിച്ചു.
എന്നാൽ ഇതേ കാര്യങ്ങൾ വളർച്ചത്തോതിനെപ്പറ്റി പുതിയ ആശങ്കകൾക്കു കാരണമാകുന്നെന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ യുഎസ് വിപണിയുടെ നീക്കം കാണിക്കുന്നു. കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം വീണ്ടും ഉയർന്നു.
സങ്കീർണതകൾ മനസിലാക്കാതെ
സങ്കീർണമായ സാമ്പത്തിക വളർച്ചയെ ആനുകാലികമായി വരുന്ന ഓരോ കണക്കും വിശകലനം ചെയ്തു പ്രവചനത്തിന്നു മുതിരുന്ന വിപണി സമീപനം തന്നെയാണ് ഇപ്പോഴും പ്രശ്നം. ഒരേ കണക്കിനെ വിലയിരുത്തുന്നതിൽ രണ്ടു മൂന്നു ദിവസം കൊണ്ട് വലിയ വ്യത്യാസം വന്നു. ആദ്യം വിപണിക്ക് നല്ലതെന്ന് കരുതിയ കാര്യം പിന്നെ ദോഷമെന്നു മനസിലാക്കി.
This section is powered by Muthoot Finance