ആശുപത്രി, ഫാര്‍മസി രംഗത്ത് വലിയ വികസനം; ഈ ഓഹരി 15% ഉയരാം
വരുമാനം 16% വര്‍ധിച്ചു, രോഗ നിര്‍ണയ ബിസിനസും വ്യാപിപ്പിക്കുന്നു
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയാണ് അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡ് (Apollo Hospitals Enterprise Ltd). 43 ആശുപത്രികള്‍ സ്വന്തമായിട്ടുണ്ട്. 6 ആശുപത്രികള്‍ ഏറ്റെടുത്തു നടത്തുന്നു. ഡോക്ടര്‍മാരുടെ ഫീസ് ഒഴികെ രോഗിയുള്ള ഒരു കിടക്കയില്‍ നിന്ന് ശരാശരി 57,760 രൂപ ലഭിക്കുന്നുണ്ട് (11% വര്‍ധന). 2023-24 ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ച സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം 16% വര്‍ധിച്ച് 4,417 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം 509 കോടി രൂപയായി. അറ്റാദായം 2% കുറഞ്ഞ് 166 കോടി രൂപയായി.
2. ആരോഗ്യ സേവന രംഗത്ത് 13% വരുമാന വളര്‍ച്ച രേഖപ്പെടുത്തി- 2,293.7 കോടി രൂപ. ആശുപത്രി കിടക്കകളുടെ താമസ നിരക്ക് (occupancy rate) 2025-26ഓടെ 70 ശതമാനമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ 62%. വിദേശത്തു നിന്നുള്ള രോഗികളില്‍ നിന്ന് 10% വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.
3. ചികിത്സാ നിരക്കുകള്‍ വര്‍ധിപ്പിച്ചത് കൊണ്ട് വരും പാദങ്ങളില്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് കരുതുന്നു. നിലവില്‍ 9,445 കിടക്കകള്‍ മൊത്തമായിട്ടുണ്ട്. അടുത്ത രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,000 കിടക്കകള്‍ കൂടി വര്‍ധിപ്പിക്കും. ഇതിനായി മൂലധന ചെലവ് 3,000 കോടി രൂപ ലക്ഷ്യമിടുന്നു.
4. രോഗനിര്‍ണയ വിഭാഗത്തില്‍ (diagnostics) 260 ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. മൊത്തം 260 നഗരങ്ങളിലായി 1,910 കേന്ദ്രങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ 3,000മായി വര്‍ധിപ്പിക്കും. രോഗനിര്‍ണയ ബിസിനസ് 32% വര്‍ധിച്ചു. 100 കോടി രൂപ വരുമാനം നേടി.
5. ഔഷധ വ്യാപാര വിഭാഗം വികസിപ്പിക്കുകയാണ്. 32 പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മൊത്തം 5,573 മരുന്ന് കടകള്‍. ഇതില്‍ 20% ലാഭത്തിലായിട്ടില്ല. ഫാര്‍മസി ബിസിനസ് 24% വര്‍ധിച്ച് 2,250 കോടി രൂപ വരുമാനം നേടി. ഓഫ്‌ലൈന്‍ ബിസിനസ് 21%, ഓണ്‍ലൈന്‍ ബിസിനസ് 59% വളര്‍ച്ച കൈവരിച്ചു.
ആരോഗ്യ സേവനം, രോഗ നിര്‍ണയം, ഫാര്‍മസി വിഭാഗങ്ങള്‍ വികസിപ്പിച്ചു വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 5,700 രൂപ
നിലവില്‍ - 4,920 രൂപ
Stock Recommendation by Motilal Oswal Financial Services
(Equity investing is subject to market risk. Always do your own research or consult a financial expert before investing)